കൊച്ചി: അമൃത ആശുപത്രിയിലെ നേഴ്‌സിനെ ഒരു സ്വാമി ബലാത്സംഗം ചെയ്തുവെന്നു ഫേസ്‌ബുക്കിൽ പ്രചാരണം നടത്തിയതിനെതിരെ പരാതി. 'പോരാളി ഷാജി' എന്ന ഫേസ്‌ബുക്ക് പേജിനെതിരെയാണ് ആശുപത്രി അധികൃതർ പരാതി നൽകിയിരിക്കുന്നത്.

അതേസമയം, വ്യാജപ്രചാരണം നടത്തിയെന്നു കാട്ടി നൽകിയ പരാതിയിൽ ഏറെ പിഴവുകളുണ്ടെന്നാണു വിലയിരുത്തൽ. ഐടി ആക്ട് 66എ പ്രകാരവും ഐപിസി 501 പ്രകാരവും കുറ്റകരമാണെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഐടി ആക്ടിലെ 66എ വകുപ്പ് സുപ്രീം കോടതി തന്നെ റദ്ദാക്കിയിട്ടുള്ളതിനാൽ ആ വകുപ്പ് പ്രകാരം 'പോരാളി ഷാജി' കുറ്റം ചെയ്തു എന്ന പരാതി നിലനിൽക്കില്ല. മാത്രമല്ല 501 മാനനഷ്ടത്തിന് ഇരയായ വ്യക്തി നേരിട്ട് കോടതിയിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ചുമത്തേണ്ട വകുപ്പുമാണ്. ഇപ്പോൾ പരാതി നൽകിയിരിക്കുന്നത് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്.

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ചീഫ് സെക്യൂരിറ്റി ഓഫീസർ എ ആർ പ്രതാപനാണ് ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പരാതി ലഭിച്ചതായി കമ്മീഷണർ സ്ഥിരീകരിച്ചു. കൊച്ചിയിലെ ഒരു പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ നേഴ്സ് ബലാത്സംഗത്തിന് ഇരയായി ആശുപത്രിയിൽ തന്നെ ചികിത്സയിലാണെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഏത് ആശുപത്രിയാണെന്ന് വാർത്തകളിലൊന്നും സൂചനയുണ്ടായിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ അമൃത ആശുപത്രിയുടെ പേര് പറഞ്ഞ് തന്നെയാണ് ഈ വാർത്ത പ്രചരിച്ചിരുന്നത്. ആശുപത്രിയിലെ ഉന്നത ബന്ധമുള്ള ഒരു സ്വാമിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് എന്നായിരുന്നു പ്രചാരണം.

പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിലായിരുന്നു പ്രചാരണം എന്നു കാട്ടിയാണ് ഈ പേജിനെതിരെ അമൃത ആശുപത്രി അധികൃതർ പരാതി നൽകിയത്. ആശുപത്രിയിലെ നഴ്സിനെ അടുത്തുള്ള റെയിൽവേ ട്രാക്കിൽ വച്ച് ആശുപത്രിയിലെ ഒരു സ്വാമി ബലാത്സംഗം ചെയ്തു എന്ന് പ്രചരിപ്പിക്കുന്നതായാണ് പരാതിയിൽ പറയുന്നത്. 'അമ്മ'യെ ഭയന്നാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകാത്തതെന്നും പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് ഐഡി പ്രചരിപ്പിക്കുന്നതായി പരാതിയിൽ പറയുന്നുണ്ട്. മാനനഷ്ടത്തിനു കേസ് കൊടുക്കുന്നെങ്കിൽ അത് കോടതിയിലാണ് നൽകേണ്ടതെന്നും അല്ലാതെ സുപ്രീം കോടതി എടുത്തു കളഞ്ഞ സൈബർ ആക്ട് 66എയും പൊക്കിപ്പിടിച്ച് സ്റ്റേഷനിൽ പോയി കോമാളി ആകരുതെന്നും സോഷ്യൽ മീഡിയയിൽ തന്നെ പ്രതികരണം ഉയർന്നിട്ടുണ്ട്.

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ രഹസ്യസങ്കേതത്തിൽ സൂക്ഷിച്ചിരിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി കഴിഞ്ഞ ദിവസം തന്നെ അമൃത ആശുപത്രി മാനേജ്മെന്റ് രംഗത്തെത്തിയിരുന്നു. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പുതിയതായി ജോലിക്ക് കയറിയ നേഴ്‌സ് ബലാത്സംഗത്തിന് ഇരയായതായും ആശുപത്രിയുടെ സൽപ്പേര് കാത്ത് സൂക്ഷിക്കാനായി ഗുരുതരാവസ്ഥയിലായ നേഴ്‌സിനെ രഹസ്യ ചികിത്സക്കായി മാറ്റിയതായും വാർത്തകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് അമൃത ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണം വന്നത്.