തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വസ്ത്ര വ്യാപാരശാലകളിലും ഷോപ്പിങ് സെന്ററുകളിലും തൊഴിൽവകുപ്പ് നടത്തിയ മിന്നൽ പരിശോധനകളിൽ തിരുവനന്തപുരം പോത്തീസ് ഷോപ്പിങ്ങ് സെന്ററിൽ വ്യാപകമായ തൊഴിലാളി ചൂഷണം നടക്കുന്നതായി കണ്ടെത്തി. തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണന്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു സംസ്ഥാനത്ത് ഉടനീളം പരിശോധന നടത്തിയത്. മതിയായ രീതിയിൽ പോത്തീസ് തൊഴിലാളികൾക്ക് വിശ്രമ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. 7 കമ്പനികളായി രജിസ്റ്റർ ചെയ്തിരിക്കുന്നതാണ് പോത്തീസ് എന്ന സ്ഥാപനം.

സംസ്ഥാന തൊഴിൽ ഭവനിലെ ജില്ലാ ലേബർ ഓഫീസിൽ 700 തൊഴിലാളികളാണ് പോത്തീസിൽ ജോലി ചെയ്യുന്നതെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഏകദേശം 1500ലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നതായാണ് കണ്ടെത്തിയത്. ജോലി സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് ഒരുക്കേണ്ട സംവിധാനവും നിലവിൽ പോത്തീസിൽ പര്യാപ്തമല്ലെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഒരു ദിവസം മാത്രം കോടികളുടെ വരുമാനമുള്ള സ്ഥാപമാണ് പോത്തീസ്. ഈ സ്ഥാനത്തിലെ തൊഴിലാളികൾക്കാണ്

700പേർക്ക് ജോലി ചെയ്യാവുന്ന സ്ഥാപനത്തിൽ ഇത്രയുമധികം തൊഴിലാളികൾ ജോലിചെയ്യുന്നതിലൂടെ ഇഎസ്ഐ പിഎഫ് എന്നീയിനത്തിൽ വൻതുകയാണ് കമ്പനിക്ക് ലാഭം കിട്ടുന്നത്. അതായത് രജിസ്റ്റർ ചെയ്തിട്ടുള്ള 700 തൊഴിലാളികൾക്ക് മാത്രം ഇത്രയും സൗകര്യങ്ങൾ നൽകിയാൽ മതിയെന്നർഥം. ചുരുക്കത്തിൽ തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങളൊന്നും ഒരുക്കാതെയാണ് പോത്തീസ് പ്രവർത്തിക്കുന്നതെന്നാണ് പരിശോധനയിൽ വ്യക്തമായത്.

തൊഴിലാളികൾക്കായി ഒരുക്കുന്ന വിശ്രമമുറികളിൽ ഒരുക്കേണ്ട യാതൊരു സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ലെന്നും മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ മനസ്സിലായി. കൃത്യമായ വായു സഞ്ചാരവും വെളിച്ചവും ചാരിയിരിക്കുന്നതിന് സൗകര്യങ്ങളുള്ള ബെഞ്ചുകളുണ്ടായിരിക്കണമെന്നുമിരിക്കെ പോത്തീസിൽ ഇത്രയും സൗകര്യങ്ങളില്ലെന്നതാണ് സത്യം. ആവശ്യത്തിലധികം തൊഴിലാളികളെ കുത്തിത്തിരുകിയാണ് ഇവിടെ പ്രവർത്തനം നടത്തുന്നത്. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും അടിസ്ഥാന ശമ്പളം മാത്രമാണ് നൽകുന്നതെന്നും ആരോപണമുണ്ട്.

തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് പോത്തീസിൽ ജോലി ചെയ്യുന്നതിൽ ഭൂരിഭാഗവും. ഇതിൽ സ്ത്രീകൾക്കായി താമസ സൗകര്യമൊരുക്കിയിരിക്കുന്നത് തിരുവനന്തപുരം പടിഞ്ഞാറെക്കോട്ടയിലെ ഇപ്പോൾ പ്രവർത്തനമില്ലാത്ത ഒരു കല്യാണ മണ്ഡപത്തിലാണ്. തൊഴിലാളികൾക്ക് എല്ലാ ആഴ്ചയിലും ഒരു ദിവസം ഒഴിവ് നൽകണമെന്നും ഇതിന് പുറമേ മാസത്തിൽ ഒരു ദിവസം ലീവ് നൽകണമെന്നുമുള്ള വ്യവസ്ഥയുള്ളപ്പോൾ പോത്തീസിലെ തൊഴിലാളികൾക്ക് എല്ലാം കൂടി ലഭിക്കുന്നത് മാസത്തിൽ മൂന്ന് ദിവസത്തെ ഒഴിവ് മാത്രമാണ്.

പോത്തീസിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ അധികകാലം ഉപയോഗിക്കാനാകുന്നതല്ലെന്നും എന്നാൽ മറ്റ് പല സ്ഥാപനങ്ങളേയുമപേക്ഷിച്ച് വില അധികമാണെന്നും പരാതികളശുണ്ടായിരുന്നു. നഗരത്തിലെ തിരക്കുള്ള ഷോപ്പിങ്ങ് സെന്ററുകളിലൊന്നായിട്ടും വ്യാപകമായ പരാതികളാണ് പോത്തീസ് എന്ന കമ്പനിക്കും അവർ വിൽക്കുന്ന പല ഉത്പന്നങ്ങൽക്കുമെതിരെയുള്ളത്. ഇതിന് ഏറ്റവും വലിയ തെളിവാണ് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നിലനിൽക്കുന്ന പരാതികൾ കഴിഞ്ഞ ആറു മാസമായി പോത്തീസിനെതിരെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ലഭിച്ചത് 20ന് മുകളിൽ പരാതികളാണ്. പോത്തീസിന്റെ തന്നെ ഷോറൂമിൽ വിറ്റിരുന്ന ഡിഎൻഎ എന്ന ഇൻഷുറൻസ് തട്ടിപ്പിന്റെ വാർത്ത മറുനാടൻ മലയാളി നേരത്തെ പുറത്തു വിട്ടിരുന്നു.

ഇന്നലെ നടത്തിയ പരിശോധനയിൽ 40 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നു. 673 നിയമ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമങ്ങളുടെ ലംഘനങ്ങളാണു കൂടുതലായും കണ്ടെത്തിയത്. സംസ്ഥാനത്ത് ഏറ്റവും അധികം നിയമലംഘനങ്ങൽ കണ്ടെത്തിയത് തിരുവനന്തപുരം ജില്ലയിലാണ് ഇവിടെ എട്ടു സ്ഥാപനങ്ങളിലെ പരിശോധനകളിൽ 273 നിയമ ലംഘനങ്ങളാണു റിപ്പോർട്ട് ചെയ്തത്. ലേബർ കമ്മിഷണർ കെ.ബിജുവിന്റെ നേതൃത്വത്തിൽ അഡീഷനൽ ലേബർ കമ്മിഷണർ എ.അലക്സാണ്ടർ, ജില്ലാ ലേബർ ഓഫിസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണു റെയ്ഡു നടത്തിയത്.