- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൈരളി'യോട് മാത്രം പി.ആർ.ഡി വിവേചനം കാട്ടി; ഈ ചാനലിന് മാത്രം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിൽ ഒരു പ്രേക്ഷകനെന്ന നിലയിൽ പരാതി; കെ.കെ.രമ സത്യപ്രതിജ്ഞ ചെയ്തപ്പോൾ കൈരളി മാത്രം ഫ്രീസായത് എങ്ങനെ? പരാതിയുമായി ആക്ടിവിസ്റ്റ് ദിനു വെയിൽ
തിരുവനന്തപുരം: വടകര എംഎൽഎ കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തപ്പോൾ കൈരളി ചാനലിൽ മാത്രം സാങ്കേതിക പ്രശ്നം മൂലം സംപ്രേഷണം തടസ്സപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. പി.ആർ.ഡിയാണ് എല്ലാ ചാനലുകൾക്കും സത്യപ്രതിജ്ഞാ ദൃശ്യങ്ങൾ നൽകിയത്. മറ്റു ചാനലുകളിലൊന്നും സാങ്കേതിക പ്രശ്നമുണ്ടായിരുന്നില്ല.
ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയോട് സിപിഎമ്മിനുള്ള വൈരാഗ്യത്തിനുള്ള തെളിവു കൂടിയാണ് ഈ സംഭവം. ടിപിയുടെ ബാഡ്ജ് ധരിച്ച് കന്നി എംഎൽഎയായി നിയമസഭയിൽ എത്തിയ കെകെ രമ. എല്ലാ എംഎൽഎമാരുടേയും സത്യപ്രതിജ്ഞ കൈരളി ടിവി വ്യക്തമായി കാണിച്ചു. രമേശ് ചെന്നിത്തലയ്ക്ക് ശേഷം സത്യ പ്രതിജ്ഞ ചെയ്യുന്നത് തോട്ടത്തിൽ രവീന്ദ്രനാണെന്നും പറഞ്ഞു. അപ്പോഴും സ്ക്രീനിൽ കണ്ടത് രമേശ് ചെന്നിത്തല ഒപ്പിടുന്നത്. ഇതൊരു ദൃശ്യമാണെന്ന് കരുതിയവർക്ക് തെറ്റി. അതൊരു ഫ്രീസ്ഡ് ഇമേജായിരുന്നു. ഇതിന് ശേഷം അവതാരകന്റെ പ്രഖ്യാപനം.
ഈ ദൃശ്യങ്ങൾ പിആർഡി നേരിട്ട് നൽകുന്നതാണ്. അത് ഫ്രീസായി നിൽക്കുന്നു. അതാണ് സംഭവിച്ചത്. അവർ അതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നു. അതുകൊണ്ട് ചെറിയൊരു ഇടവേള. അതുകഴിഞ്ഞ് തിരിച്ചു വാരം...അങ്ങനെ പരസ്യം വന്നപ്പോൾ മറ്റ് ചാനലുകളിലേക്ക് പോയവർ കണ്ടത് കെകെ രമയുടെ സത്യപ്രതിജ്ഞയാണ്. അപ്പോഴാണ് രമയെ കാണിക്കാതിരിക്കാനുള്ള ഫ്രീസ് ചെയ്യലാണ് കൈരളിയിൽ നടന്നതെന്ന സംശയം ശക്തമായത്. പി ആർ ഡിയിൽ നിന്നു തന്നെയാണ് കോവിഡ് ആയതിനാൽ എല്ലാ ചാനലിനും നിയമസഭയിലെ തൽസമയ ദൃശ്യങ്ങൾ കിട്ടിയത്. അതായത് എല്ലാ ചാനലിലും ഉള്ളത് കൈരളിക്ക് മാത്രം ഫ്രീസായി.
കൈരളിയോട് മാത്രം പി.ആർ.ഡി വിവേചനം കാണിച്ചതിനെതിരെ ആക്ടിവിസ്റ്റ് ദിനു വെയിൽ 'പരാതി' നൽകി. കൈരളി ചാനലിന് മാത്രം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിൽ ഒരു പ്രേക്ഷകനെന്ന നിലയിൽ പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിവേചനപരമായ നടപടി പി.ആർ.ഡി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ നിന്ന് രമയുടെ കാര്യത്തിൽ കൈരളിയുടെ നിലപാട് വ്യക്തമായി. നിയമസഭയിലെ രമയുടെ ഇടപെടലുകളൊന്നും കൈരളി കാണിക്കില്ലെന്നാണ് സൂചന. അങ്ങനെ രമയ്ക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുകയാണ് സിപിഎം ചാനലായ കൈരളി എന്നതാണ് ഉയരുന്ന വാദം. രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു ഈ നാടകീയ നീക്കങ്ങൾ. അടുത്തതായി സത്യപ്രതിജ്ഞ ചെയ്യുന്നത് തോട്ടത്തിൽ രവീന്ദ്രൻ എന്നും പ്രഖ്യാപിക്കുന്നു. തോട്ടത്തിൽ രവീന്ദ്രനായിരുന്നു പിന്നീട് വരേണ്ടിയിരുന്നത്. അതൊന്നും കൈരളിയുടെ പ്രേക്ഷകർ കണ്ടില്ല.
തല ഉയർത്തി പിടിച്ചായിരുന്നു സത്യപ്രതിജ്ഞയ്ക്കായുള്ള രമയുടെ വരവ്. നെഞ്ചിൽ ടിപി ചന്ദ്രശേഖരന്റെ ബാഡ്ജ്. മുഖ്യമന്ത്രിയുടെ ഭാഗത്തേക്ക് പോകാതെ സത്യപ്രതിജ്ഞ ചെയ്തു മടക്കം. പ്രത്യേക ബ്ലാക്കായി നിയമസഭയിൽ ഇരിക്കാനാണ് തീരുമാനം. ഏതായാലും കൈരളിയുടെ ഫ്രീസാകലിലൂടെ ഭരണപക്ഷത്തെ ആരും രമയോടെ സംസാരിക്കാൻ പോലും സാധ്യതയില്ലെന്ന വിലയിരുത്തലാണ് പുറത്തു വരുന്നത്. ഏതായാലും സിപിഎമ്മിനെതിരെ ഉറച്ച നിലപാട് എടുക്കുമെന്ന് രമയും പ്രഖ്യാപിച്ചിട്ടുണ്ട്.
രമയെ ഒഴിവാക്കാനുള്ള ശ്രമത്തിൽ തോട്ടത്തിൽ രവീന്ദ്രന്റെ സത്യപ്രതിജ്ഞയും കൈരളി ഒഴിവാക്കി. പരസ്യം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും തൽസമയം ഉണ്ടായിരുന്നില്ല. അപ്പോഴും പി ആർ ഡിയെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നീട് വീണ്ടും കൈരളി ബ്രേക്ക് പോയി. ഈ സമയത്തെല്ലാം കൈരളി ടിവി ഒഴികെയുള്ള ചാനലിൽ എല്ലാം സത്യപ്രതിജ്ഞ കാണാമായിരുന്നു. സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോഴാണ് വീണ്ടും കൈരളിയിൽ തൽസമയം തുടങ്ങിയത്. അതായത് തോട്ടത്തിൽ രവീന്ദ്രൻ, കെകെ രമ, റോജി എം ജോൺ, റോഷി അഗസ്റ്റിൻ, കെ എം സച്ചൻ ദേവ്, സജീവ് ജോസഫ് എന്നിവരുടെ സത്യപ്രതിജ്ഞ കൈരളിയിൽ കണ്ടില്ല.
എന്നാൽ ഇതിനെല്ലാം കാരണം സാങ്കേതിക പ്രശ്നമാണെന്ന് കൈരളി ടിവി വിശദീകരിച്ചു കൊണ്ടിരുന്നു. ഇതിനിടെയിൽ നിയമസഭാ വെബ്സൈറ്റിലെ ദൃശ്യങ്ങളും നൽകി. അങ്ങനെ സാങ്കേതിക പ്രശ്നം എന്നത് സത്യമാണെന്ന് വരുത്താൻ ചെയ്യാവുന്നതെല്ലാം കൈരളിയും ചെയ്തു. പക്ഷേ കെകെ രമയുടെ സത്യപ്രതിജ്ഞാ സമയത്തായിരുന്നു ഈ വിഷയമെന്നതാണ് ഏറ്റവും ശ്രദ്ധേയം. അതുകൊണ്ടാണ് സോഷ്യൽ മീഡിയ ഈ വിഷയം ചർച്ചയാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ