- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളുടേത് പൊലീസ് കുടുംബം..നിങ്ങൾക്ക് ഒരുചുക്കും ചെയ്യാനാവില്ല': റബർ തോട്ടം മുതലാളിയുടെ വെല്ലുവിളി എട്ട് കുടുംബങ്ങളായി താമസിക്കുന്ന ആദിവാസികളോട്; ചങ്ങലയിട്ട് പൂട്ടിയത് പണിയർ പതിറ്റാണ്ടുകളായി നടക്കുന്ന വഴി; മൂപ്പൻ തനിക്ക് ഭൂമി വിൽപ്പന നടത്തിയെന്ന് ഉടമ; നിലമ്പൂർ കാട്ടുതായ് ആദിവാസി ഊരിന്റെ ഭൂമി വിറ്റ് വഴി അടച്ചത് വ്യാജരേഖ ഉണ്ടാക്കിയെന്നും സംശയം
മലപ്പുറം: ആദിവാസികൾ പതിറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന വഴി കെട്ടിയടച്ചതായി പരാതി. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ചാലിയാർ പഞ്ചായത്തിൽപെട്ട ഇടിവെണ്ണ കാട്ടുതായ് ആദിവാസി ഊരിലേക്കുള്ള ഏക വഴിയാണ് സമീപത്ത് റബ്ബർ കൃഷി നടത്തുന്ന വ്യക്തി കെട്ടിയടച്ചത്. പുലത്ത് ഹുസ്സൈൻ എന്ന വ്യക്തിയാണ് ആദിവാസികളുടെ വഴി അടച്ചത്.
വഴിക്ക് ഇരുഭാഗങ്ങളിലും ഇരുമ്പ് കാലുകൾ നാട്ടി അതിൽ ചങ്ങല ഘടിപ്പിച്ച് പൂട്ടിയിട്ടിരിക്കുകയാണ്. ഈ ചങ്ങല പൊക്കിപ്പിടിച്ചുകൊണ്ട് വേണം ഇപ്പോൾ ഊരിലുള്ളവർക്ക് റോഡിലെത്താൻ. പഴയ ഊരുമൂപ്പൻ വഴിയടക്കമുള്ള ഭൂമി തനിക്ക് നൽകിയിട്ടുണ്ടെന്ന് പറഞ്ഞാണ് ഹുസൈൻ വഴി അടച്ചിരിക്കുന്നത്. ഹുസൈൻ ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖകൾ വ്യാജമാണെന്നും ആദിവാസി ഭൂമി വിൽപന നടത്താൻ കഴിയില്ലെന്നുമാണ് ഊരുനിവാസികൾ പറയുന്നത്. ഭൂമി വിൽപന നടത്തിയെന്ന് പറയുന്ന മൂപ്പൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇത്രയും നാൾ ഒരു പ്രശ്നവും കൂടാതെ തങ്ങൾ ഉപയോഗിച്ചിരുന്ന വഴിയെങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ മറ്റൊരു വ്യക്തിയുടേതായത് എന്നാണ് ഊരുനിവാസികൾ ചോദിക്കുന്നത്.
ആകെ 25 സെന്റ് സ്ഥലത്താണ് ആദിവാസി കോളനി നിലനിൽക്കുന്നത്. ഇവിടേക്കുള്ള ഏക വഴിയാണിത്. 25 സെന്റ് കോളനിയിൽ ആറ് വീടുകളിലായി 8 കുടുംബങ്ങളാണ് താമസിക്കുന്നത്. നാല് സെന്റ് സ്ഥലത്ത് ശ്മശാനവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് കൂടാതെ കോളനിയിലുള്ളവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാമായി ബന്ധപ്പെട്ടുകിടക്കുന്ന ദൈവങ്ങളെ കുടിയിരിത്തിയിരിക്കുന്ന ദൈവ വീട് എന്ന ചെറിയൊരു കെട്ടിടവും ഊരിലുണ്ട്.
ഇതിനപ്പുറത്താണ് ഇപ്പോൾ വഴി കെട്ടിയടച്ചിരിക്കുന്ന ഹുസ്സൈൻ എന്ന വ്യക്തിയുടെ റബ്ബർ തോട്ടം. ഇവിടേക്ക് സ്ഥിരമായി ഉപയോഗിക്കാൻ വേണ്ടിയാണ് ഹുസ്സൈൻ ഈ വഴിയിൽ അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ വഴി ഹുസ്സൈൻ ഉപയോഗിക്കുന്നതിന് ആദിവാസികൾ എതിരല്ല. തങ്ങളെ കൂടി വഴി ഉപയോഗിക്കാൻ അനുവദിച്ചാൽ മാത്രം മതിയെന്നാണ് ഊരിലുള്ളവർ പറയുന്നത്. ഏഴ് പതിറ്റാണ്ടിലധികമായി ഊരിലുള്ളവർ ഉപയോഗിക്കുന്ന വഴിയാണിത്.
നിലമ്പൂർ കോവിലകമാണ് ആദിവാസി ഊരിനുള്ള സ്ഥലവും ഊരിലേക്കുള്ള ഈ വഴിയും നൽകിയത്. ഇത്രനാളും ഈ വഴിയുടെ പേരിൽ തർക്കങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അടുത്തകാലത്തായി ഊരിലേക്കുള്ള ഈ വഴി കോൺക്രീറ്റ് ചെയ്ത് നൽകാൻ പഞ്ചായത്ത് പദ്ധതിയിട്ടതോടെയാണ് എതിർപ്പും അവകാശവാദവുമുന്നയിച്ച് ഹുസൈൻ രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം അദ്ദേഹമെത്തി വഴി ചങ്ങലയിട്ട് കെട്ടിയടക്കുകയും ചെയ്തു. താൻ ഒരു പട്ടാളക്കാരനാണെന്നും ഉന്നതനാണെന്നും കുടുംബം പൊലീസ് കുടുംബമാണെന്നും ഒരു ചുക്കും പണിയർക്ക് ചെയ്യാനാവില്ലെന്നും ഹുസൈൻ ഊരുനിവാസികളെ വെല്ലുവിളിച്ചതായും ഊരിലുള്ളവർ പറയുന്നു. വഴിയിലൂടെ നടക്കുന്ന ഊരിലെ കുട്ടികളെ ഇയാൾ കല്ലെറിയുകയും ചെയ്തതായും ഊരിലുള്ളവർ പറഞ്ഞു.
തങ്ങളുടെ പൂർവ്വികൾ ഉറങ്ങുന്ന മണ്ണ് വിട്ട് തങ്ങൾക്ക് എങ്ങോട്ടും പോകാനാകില്ലെന്നാണ് ഊരുനിവാസികളുടെ നിലപാട്. പതിറ്റാണ്ടുകളായി തങ്ങൾ ഉപയോഗിച്ച് വരുന്ന വഴിയാണ്. തങ്ങളുടെ ദൈവങ്ങളും പൂർവ്വികരുമെല്ലാം ഈ മണ്ണിലാണ് നിലകൊള്ളുന്നത്. രണ്ട് പ്രളയത്തിലും വെള്ളം കയറിയിട്ടും ഞങ്ങൾ ഇവിടം വിട്ട് പോകാത്തത് ഈ മണ്ണിനോടുള്ള ആത്മ ബന്ധം കാരണമാണ്. ഞങ്ങൾക്ക് സ്വന്തമായി ഉപയോഗിക്കാൻ ഈ വഴി വേണമെന്നല്ല പറയുന്നത്.
വഴി നന്നാക്കിയാൽ ഇപ്പോൾ വഴി കെട്ടിയടച്ച വ്യക്തിക്കും ഉപയോഗിക്കാവുന്നതാണെന്നും ഊരുനിവാസിയായ വിജയൻ മറുനാടൻ മലയാളിയോട് പറഞ്ഞു.പ്രശ്നം ചൂണ്ടിക്കാട്ടി ഊരിലുള്ള മുഴുവൻ ആളുകളും ഒപ്പിട്ട് ഒരു പരാതി ഇന്ന് ചാലിയാർ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറിയിട്ടുണ്ട്. ഇരുകൂട്ടരുമായി ചർച്ച ചെയ്ത് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചിരിക്കുന്നത്.