പത്തനംതിട്ട: കോൺഗ്രസിന്റെ പഞ്ചായത്ത് അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയും ചേർന്ന് വികലാംഗനും കാൻസർ രോഗിയുമായ യുവാവിൽനിന്ന് ജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം തട്ടിയെന്ന് പരാതി. തട്ടിപ്പിൽ കോൺഗ്രസ് നേതാവ് ശരത് ചന്ദ്രപ്രസാദിനെയും പ്രതിക്കൂട്ടിലാക്കി ഇരയായ യുവാവിന്റെ മാതാവിന്റെ പരാതി. ഇതേപ്പറ്റി അന്വേഷിക്കണമെന്ന് കാണിച്ച് പഞ്ചായത്ത് കമ്മറ്റി യോഗം ചേർന്ന് പ്രമേയം പാസാക്കി മുഖ്യമന്ത്രിക്ക് കൈമാറി.

ഏഴംകുളം പഞ്ചായത്ത് അംഗം ശ്രീദേവി ബാലകൃഷ്ണൻ, ഡി.സി.സി സെക്രട്ടറി ബിനു എസ്. ചക്കാലയിൽ എന്നിവർക്ക് എതിരേയാണ് പരാതി. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ ജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം വാങ്ങിയെന്നും പിന്നീട് 2.10 ലക്ഷം മടക്കി നൽകിയെന്നും പരാതിയിൽ പരാമർശമുണ്ട്. നെടുമൺ സുരഭിയിൽ പി. ജയശ്രീയാണ് പരാതിക്കാരി.

ഇവരുടെ മകൻ ജയകൃഷ്ണന് ജോലി കൊടുക്കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. 2014 നവംബറിൽ ഇരുവരും ചേർന്ന് പരാതിക്കാരിയേയും കൂട്ടി കോൺഗ്രസ് നേതാവായ ശരത്ചന്ദ്ര പ്രസാദിന്റെ തിരുവനന്തപുരത്തെ ഓഫീസിലെത്തിയാണ് സർക്കാർ ജോലിക്കായി പണം നൽകിയതെന്ന് പറയുന്നു. ഗ്രാമപഞ്ചായത്തംഗത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് ഇവർ ബന്ധുക്കളിൽ നിന്നും കടംവാങ്ങിയാണ് നാലു ലക്ഷം രൂപ നൽകിയത്. ജോലി ലഭിക്കാതെ വന്നതോടെ പലതവണ പണം തിരികെ ആവശ്യപ്പെട്ടു.

ജയശ്രീയുടെ ശല്യം സഹിക്കാതെ വന്നപ്പോൾ 2.10 ലക്ഷം പലപ്പോഴായി തിരികെ നൽകി. ബാക്കിയുള്ള 1.90 ലക്ഷം ഇവർ നൽകാതെ വന്നപ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റിന് കഴിഞ്ഞ മാസം രണ്ടിനു പരാതി നൽകിയത്. 23 ന് ചേർന്ന പഞ്ചായത്ത് കമ്മറ്റി പരാതി ചർച്ചയ്‌ക്കെടുത്തു. അന്വേഷിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥനയോടെ മുഖ്യമന്ത്രിക്ക് കൈമാറാനും തീരുമാനമെടുത്തു. പ്രമേയം കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.

ശരത്ചന്ദ്ര പ്രസാദിനെ കൂടി കണ്ടതോടെ മകന് ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ മറ്റൊന്നും നോക്കാതെ പണം നൽകുകയായിരുന്നു ജയശ്രീ.