കാഞ്ഞങ്ങാട്: കുടുംബ പ്രശ്‌നം മൂലം ആത്മഹത്യ ചെയ്ത മധ്യവയസ്‌ക്കന്റെ അവസാന കുറിപ്പിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പരാമർശങ്ങൾ രേഖപ്പെടുത്തിയതത് കാസർകോട്ടെ പൊലീസിന് പുലിവാലായി. കോട്ടച്ചേരിയിലെ മിൽമ ബൂത്ത് ഉടമ നെല്ലിക്കാട് പൈരടുക്കത്തെ സി വി സുധാകരൻ(48) എഴുതി വച്ച ആത്മഹത്യക്കുറിപ്പിലാണ് പൊലീസ് ഉദ്യോഗസ്ഥന്റെ പേരുള്ളത്. ഹൊസ്ദുർഗ് എസ് ഐയാണ് ആരോപണ വിധേയനായ പോരുകാരൻ.

പിണങ്ങിപ്പോയ ഭാര്യ ജിജിതയുടെ പ്രേരണയാൽ ഹൊസ്ദുർഗ് എസ് ഐ, തന്നെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നു എന്ന് ആത്മഹത്യ ചെയ്ത സുധാകരൻ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതു കൂടാതെ എന്റെ മരണത്തിൽ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ രാഘവൻ എസ് ഐക്ക് പങ്കുണ്ട് എന്ന് എഴുതി സുധാകരന്റെ പേരും ഒപ്പും ചേർത്ത കുറിപ്പും കണ്ടെടുത്തു. പൊലീസ് ഉദ്യോഗസ്ഥനാണ് ആരോപണ വിധേയൻ എന്നതു കൊണ്ട് തന്നെ വീട്ടുകാർ ജില്ല പൊലീസ് മേധാവിക്കു പരാതി കൈമാറിയിട്ടുണ്ട്.

കണ്ണൂർ ചെറുകുന്ന് സ്വദേശിയായ ജിജിതയുമായുള്ള വിവാഹം 16 വർഷം മുമ്പാണു നടന്നത്. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ഉണ്ട്. എന്നാൽ ഏതാനം നാളുകളായി ഭാര്യയുമായി നല്ല സ്വരചേർച്ചയിലായിരുന്നില്ല. ഇവർക്കിടയിൽ കലഹം പതിവായിരുന്നു. ഇതുമൂലം സുധാകരൻ കഴിഞ്ഞ ആറുമാസമായി അസ്വസ്ഥനായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. പൊലീസിൽ പരാതി നൽകുന്നതിനു രണ്ട് ആഴ്ച മുമ്പ് സുധാകരന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ ജിജിതയും മക്കളും പയ്യൂരിലെ തറവാട്ടിലേയ്ക്കു പോയിരുന്നു.

തുടർന്നു സ്വന്തം പിതാവിനെ പോലും അറിയിക്കാതെ മക്കളെ കൂട്ടി സേലത്തിനു പോയി എന്നും ആരോപണം ഉയർന്നു. സുധാകരന്റെ മരണവിവരം അറിയിച്ചിട്ടും ജിജിത വരാൻ കൂട്ടാക്കിയില്ല. ഭാര്യ ജിജിത അവരുടെ മുൻ പരിചയക്കാരനായ ഹൊസ്ദുർഗ് എസ് ഐയെ ഉപയോഗിച്ചു സുധാകാരനെ ഭീക്ഷണിപ്പെടുത്തുകായും ഭയപ്പെടുത്തുകയും ചെയ്തു എന്നു ബന്ധുക്കൾ പൊലീസ് മേധവിക്കു നൽകിയ പരാതിയിൽ പറയുന്നു.