- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല പരാമർശം: ജി.സുകുമാരൻ നായർക്കും ചെന്നിത്തലയ്ക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ചട്ടലംഘനമെന്ന് പരാതി നൽകിയ മന്ത്രി എ.കെ.ബാലൻ; വിരട്ടൽ വേണ്ടെന്നും വിശ്വാസം ജീവവായുവെന്നും അതിനെ തൊടാൻ ആരു ശ്രമിച്ചാലും തുറന്നുപറയുമെന്നും എൻഎസ്എസ് ജന.സെക്രട്ടറി
തിരുവനന്തപുരം : ശബരിമല പരാമർശത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നിയമമന്ത്രി എ കെ ബാലനാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് അയ്യപ്പകോപം ഉണ്ടാകുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. പരാമർശം തെരഞ്ഞെടുപ്പ് ചട്ടം ലംഘനമാണ്. പ്രതിപക്ഷം ഭരണഘടനയെ വെല്ലുവിളിക്കുന്നു എന്നും എ കെ ബാലൻ പരാതിയിൽ പറയുന്നു.
വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂറിനകമാണ് ഈ തെരഞ്ഞെടുപ്പ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമായി കാണണമെന്ന് യുഡിഎഫ് നേതാക്കളും എൻഎസ്എസ് നേതാവും പറഞ്ഞത്. ഇത് അത്യന്തം ഗുരുതരമായ ആരോപണമാണ്. വിശ്വാസികളുടെ വിശ്വാസത്തെയും ആചാരത്തെയും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും പോകുന്ന ഇടതുപക്ഷമുന്നണിയേയും സ്ഥാനാർത്ഥികളേയും തോൽപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണിത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്രമല്ല, ആർപി ആക്ടിന് വിരുദ്ധവുമാണെന്ന് മന്ത്രി ബാലൻ പറഞ്ഞു.
പരാതിക്കെതിരെ സുകുമാരൻ നായർ കടുത്ത വിമർശനമാണ് ഉയർത്തിയത്. ഈശ്വരവിശ്വാസം എന്ന വാക്ക് ഉപയോഗിക്കാൻ പോലും പറ്റില്ല എന്നാണ് ഈ പറയുന്നതിന്റെ അർത്ഥമെന്ന് ജി സുകുമാരൻ നായർ ചോദിച്ചു. അതാണ് എ കെ ബാലന്റെ പരാതിയിൽ നിന്ന് വ്യക്തമാകുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ വഴി നോക്കിക്കോട്ടെ. വിശ്വാസം എന്നു പറയാൻ പോലും ഈ നാട്ടിൽ ആർക്കും അവകാശമില്ലെന്നാണ് എകെ ബാലന്റെ തീരുമാനമെന്നും സുകുമാരൻ നായർ ചോദിച്ചു. ഇതിന് മറുപടി വിശ്വാസികൾ നൽകിക്കോളും.
സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്നവർക്ക് വോട്ടുചെയ്യണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കുന്നുവെന്നാണ് താൻ പറഞ്ഞത്. അതിലെന്താണ് ഇത്ര കുഴപ്പം. മന്ത്രി അദ്ദേഹത്തിന്റെ വഴി നോക്കിക്കോട്ടെ. ഞാൻ എന്റെ വഴി നോക്കിക്കൊള്ളാമെന്നും സുകുമാരൻ നായർ പറഞ്ഞു. പറഞ്ഞതിൽ തെറ്റുള്ളതായി തനിക്ക് തോന്നുന്നില്ല. ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് ദൈവവിശ്വാസത്തെപ്പറ്റി മിണ്ടാൻ പോലും പാടില്ലെന്നാണോ പറയുന്നത്. വിശ്വാസം നിലനിൽക്കണമെന്ന് പറയാൻ അവകാശമില്ലെന്നാണോ പറയുന്നത്.
എകെ ബാലന്റെ പരാതിയുടെ അടിസ്ഥാനമെന്താണ് ?. അവർ ഉദ്ദേശിക്കുന്നതെന്താണ് ?. അതൊന്നും ഈ നാട്ടിൽ വിലപ്പോകാൻ പോകുന്നില്ല. വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്ന് ഈ നാട്ടിലെ ബഹുഭൂരിപക്ഷം തീരുമാനിച്ചുകൊള്ളുമെന്നും സുകുമാരൻ നായർ പ്രതികരിച്ചു. മാധ്യമങ്ങൾ ചോദിച്ചതിന് മാത്രമാണ് മറുപടി പറഞ്ഞത്. അങ്ങനൊന്നും വിരട്ടേണ്ട. വിശ്വാസം ഞങ്ങളുടെ ജീവവായുവാണ്. അതിനെ തൊടാൻ ആരു ശ്രമിച്ചാലും പറയും. അതിൽ എന്തു തെറ്റാണ് ഉള്ളതെന്ന് തീരുമാനിക്കേണ്ടവർ തീരുമാനിച്ചോട്ടെ എന്നും സുകുമാരൻ നായർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ