പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ അർബൻ സഹകരണബാങ്കുകളിൽ ഒന്നായ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ, കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമിതി കഴിഞ്ഞ 20 വർഷം കൊണ്ട് ഉണ്ടാക്കിയ കോടികളുടെ കഥകൾ പുറത്താക്കി കൊണ്ട് കോൺഗ്രസ് നേതാവ് കെപിസിസി പ്രസിഡന്റിന് കത്തയച്ചു. സിപിഐ-എമ്മിനും ബിജെപിക്കും അപ്പക്കഷണങ്ങൾ വിതറി എതിർപ്പ് ഒഴിവാക്കിയപ്പോൾ ബാങ്കിന്റെ പേരിൽ ഭരണസമിതിക്കാർ നടത്തിയ ലക്ഷങ്ങളുടെ ധൂർത്തിന്റെ കഥകളും കത്തിൽ വിവരിക്കുന്നു. 

പ്രസിഡന്റിന്റെ അവാർഡ് നേടിയ കവിയൂർ പഞ്ചായത്തിന്റെ മുൻപ്രസിഡന്റും കോൺഗ്രസ് തിരുവല്ല മുൻ ബ്ലോക്ക് പ്രസിഡന്റുമായ ടി.കെ. സജീവാണ് പരാതിക്കാരൻ. അഴിമതിക്കെതിരേ എന്നും പടപൊരുതി അനുകൂലമായ വിധികൾ സമ്പാദിച്ചിട്ടുള്ള സജീവിന് പാർട്ടിക്കുള്ളിലും പുറത്തും ക്ലീൻ ഇമേജാണുള്ളത്. അതു കൊണ്ട് തന്നെ ടി.കെ. സജീവ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന അഴിമതി ആരോപണം സംബന്ധിച്ച് ആർക്കും സംശയമില്ല താനും.

1952 ൽ ആരംഭിക്കുകയും 1953 ജനുവരി 29 ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ബാങ്കിന്റെ ഓഹരി ഉടമകളുടെ എണ്ണം 70,000 വരും. ജില്ലാ കോൺഗ്രസ് കമ്മറ്റിയിലെ മുതിർന്ന നേതാവ് കെ. ജയവർമയും ജില്ല ഭാരവാഹികളായ നാലു പേരുമാണ് ബാങ്ക് ഭരണം 20 വർഷമായി കൈയാളിയിരുന്നത്. ഇവർക്ക് വേണ്ട പിന്തുണയെല്ലാം നൽകിയിരുന്നതാകട്ടെ രാജ്യസഭാ ഉപാധ്യക്ഷൻ കൂടിയായ പിജെ കുര്യനും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ റാന്നി സീറ്റ് കിട്ടാതെ വന്നപ്പോൾ കുര്യനെതിരേ സംസാരിച്ച ജയവർമയ്ക്ക് ഇക്കുറി ബാങ്ക് പ്രസിഡന്റ് സ്ഥാനം കിട്ടിയില്ല. പകരം കുര്യന്റെ അടുത്തയാളും ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ റെജി തോമസിനെ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റാക്കി.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള റെജി തോമസ് ആനിക്കാട് ഡിവിഷനെയാണ് ജില്ലാ പഞ്ചായത്തിൽ പ്രതിനിധീകരിക്കുന്നത്. അതേസമയമാണ് ബാങ്കിൽ കഴിഞ്ഞ 20 വർഷമായി നടന്ന അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടികെ സജീവ് കെപിസിസി പ്രസിഡന്റ് വി എം സുധീരന് പരാതി നൽകിയത്. കെ. ജയവർമ, റെജി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ഡിസിസി പ്രസിഡന്റായിരുന്ന പി. മോഹൻരാജ്, നിയുക്ത ഡിസിസി പ്രസിഡന്റ് ബാബു ജോർജ് എന്നിവരെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട് തെളിവു സഹിതമുള്ള പരാതിയാണ് ടികെ സജീവ് സമർപ്പിച്ചിരിക്കുന്നത്. ഇതേപ്പറ്റി അന്വേഷിക്കാൻ സഹകരണ ജനാധിപത്യവേദി ചെയർമാൻ മരിയാപുരം ശ്രീകുമാറിനെ സുധീരൻ ചുമതലപ്പെടുത്തി.

ഏറെ വിവാദങ്ങൾക്ക് ശേഷമാണ് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ഇത്തവണ യു.ഡി.എഫിന് ഭരണം നിലനിർത്താനായത്. ഇത്തവണ ഭരണ സ്വാധീനം ഉപയോഗിച്ചും കോടതി വിധി അനുകൂലമാക്കിയും ഭരണത്തിലേറാമെന്നായിരുന്നു ഇടതു മുന്നണി വിചാരിച്ചിരുന്നത്. എന്നാൽ, സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിൽ അന്തിമവിജയം യു.ഡി.എഫ് ഭരണസമിതിയ്‌ക്കൊപ്പമായിരുന്നു. റെജി തോമസിനും ജയവർമയ്ക്കുമെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ടികെ സജീവിന്റെ പരാതിയിലുള്ളത്. മുൻകാലങ്ങളിൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലടക്കം യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപിക്കാൻ ശ്രമിച്ചു, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നിർമ്മാണത്തിലെ അഴിമതി എന്നിവയാണ് പ്രധാനപ്പെട്ടത്.

ബാങ്കിന്റെ പേരിന് കളങ്കം വരുത്തിയത് ജയവർമ, റെജിതോമസ്, അന്നപൂർണാ ദേവി എന്നിവരാണെന്ന് പറയുന്നു. ബാങ്കിലെ നിയമനങ്ങൾ മുഴുവൻ അന്വേഷിക്കണമെന്നും യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽ എൽഡിഎഫുകാരും ബിജെപിക്കാരും എങ്ങനെ ജീവനക്കാരായി എന്നത് വ്യക്തമാക്കേണ്ടതുണ്ടെന്നും സജീവിന്റെ പരാതിയിലുണ്ട്. ബാങ്കിലെ നിയമനം, വായ്പ അനുവദിക്കൽ, വായ്പ വിഹിതം വാങ്ങൽ, നിയമസഹായം തേടൽ, വിനോദയാത്ര, കേസ് നടത്തിപ്പ് എന്നിവയിൽ ഭരണ സമിതി ഒറ്റക്കെട്ടായി നിന്നിരുന്നു. മുൻകാലങ്ങളിൽ കോൺഗ്രസ് കുടുംബങ്ങളിലെ നിരാലംബർക്ക് ഇവിടെ ജോലി നൽകിയ ചരിത്രമുണ്ടെന്നും സജീവ് ചൂണ്ടിക്കാട്ടുന്നു.

95 മുതൽ സാമ്പത്തിക താൽപര്യം നിലനിർത്തിയാണ് ഇവിടെ ജീവനക്കാരുടെ നിയമനം നടന്നിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു. 95 ൽ 16, 2002 ൽ 16, 2003ൽ 20 എന്നിങ്ങനെ പ്യൂൺമാരെ നിയമിച്ചു. 2009 ൽ 14 ക്ലാർക്കുമാരെയും നിയമിച്ചു. ക്ലാർക്ക് നിയമനത്തിൽ റെജി തോമസിന് കൂട്ടായത് സിപിഐ-എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന കെജെ തോമസിന്റെ ബന്ധുവായിരുന്നുവത്രേ. കെജെ തോമസിന്റെ സഹായത്തോടെ സഹകരണ വകുപ്പിന്റെ പരീക്ഷാപട്ടികയിൽ നിന്നും മുൻഗണനാ ലിസ്റ്റ് തരപ്പെടുത്തി ഉദ്യോഗാർഥികളെ തെരഞ്ഞെുപിടിച്ച് കൃത്രിമ റാങ്ക് പട്ടിക സൃഷ്ടിച്ചു. കൂടുതൽ മാർക്കുള്ളവരെ ഒഴിവാക്കുകയും ചെയ്തു. നിയമനങ്ങളിൽ വൻതുകയാണ് കോഴ നൽകിയത്. കോഴ നൽകിയവർ തന്നെ ഇക്കാര്യം പുറത്തു വിട്ടതോടെയാണ് ബാങ്കിലെ അഴിമതിക്കഥകൾ നാട്ടിൽ പാട്ടായി തുടങ്ങിയത്.

2013 ൽ നടന്ന പ്യൂൺ നിയമനം ലേലം വിളി ആയിരുന്നു. പ്രതിഷേധവുമായി ആരും വരാതിരിക്കാൻ മറ്റു പാർട്ടിക്കാർക്ക് 10 എണ്ണം നൽകി. ഇതു കാരണം ബിജെപി, സിപിഐ-എം സമരങ്ങൾ മിക്കപ്പോഴും പ്രഹസനമായി മാറി. ഈസ്റ്റ കോ-ഓപ്പറേറ്റീവ് ബാങ്ക് ചക്കരക്കുടമായതിനാൽ കൈയിട്ടു വാരാൻ തീരുമാനിച്ചു തന്നെയാണ് ഇക്കുറി സിപിഐ-എം ആത്മാർഥമായി സമരത്തിനും കേസിനുമൊക്കെ പോയത്. പക്ഷേ, ഒരു ഗുണവും ഉണ്ടായില്ല.