തൊടുപുഴ: ചാരിറ്റിയെന്ന് പ്രചരിപ്പിക്കുന്നതിന്റെ മറവിൽ കാണിക്കുന്നത് തൊടുപുഴ ഹോളി ഫാമിലി ആശുപത്രി അധികൃതർ നടത്തുന്നത് വൻ കൊള്ള. രോഗിയുടെ തുടർചികിത്സക്ക് കേസ് ഷീറ്റ് നൽകാതെ മാനേജ്മെന്റ് പ്രവർത്തിച്ചപ്പോൾ വെള്ളപേപ്പറിൽ ചികിത്സ കുറിച്ച് ഡോക്ടർ മെഡിക്കൽ എത്തിക്‌സ് സംരക്ഷിച്ചു. കേസ് ഷീറ്റ് രോഗിക്ക് ചികിത്സയ്ക്കായി നൽകണമെന്ന തൊടുപുഴ പൊലീസിന്റെ ആവശ്യം നിരസിച്ചിരിക്കുകയാണ് ആശുപത്രി മാനേജ്‌മെന്റ്. ഇല്ലാത്ത റേറ്റ് ഈടാക്കിയത് പൊലീസിൽ പരാതി നൽകിയതാണ് ആശുപത്രി അധികൃതരുടെ പ്രതികാരത്തിന് കാരണം.

തൊടുപുഴ മുതലക്കോടത്ത് പ്രവർത്തിക്കുന്ന ഹോളി ഫാമിലി ഹോസ്പിറ്റലിൽ ആണ് പകൽക്കൊള്ള നടക്കുന്നത്. കയ്യിൽ കിട്ടുന്ന രോഗികളെ അടിമുടി പറ്റിക്കുന്നത് മരുന്നുകളുടെ വിലയിൽ തട്ടിപ്പ് നടത്തിയും ,അവശ്യമില്ലാത്ത സർജിക്കൽ ,ദൈനംദിന ഉപയോഗ വസ്തുക്കൾ രോഗികളെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്യുമെങ്കിലും ഇവയൊന്നും രോഗികൾക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. ഇവ തിരിച്ച് ആശുപത്രി സ്റ്റോക്കിൽ എത്തുകയോ, ഇടനാഴികളിൽ ജീവനക്കാർ വീതം വെക്കുകയാണോ ചെയ്യുന്നത് എന്നതാണ് പൊലീസും അന്വേഷിക്കുന്നത്.

മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ആണ്. ട്രസ്റ്റിന്റെ ഭരണകർത്താക്കൾ കോതമംഗലം ജ്യോതി പ്രൊവിൻസ് ആണ്. തുടക്കത്തിൽ മുതലക്കോടം സെന്റ് ജോർജ് ഫെറോന ചർച്ചിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഡിസ്‌പെൻസറി 1969ൽ കന്യാസ്ത്രികളുടെ നേതൃത്വത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുക്കുകയായിരുന്നു.

1969ൽ കേവലം ഡിസ്‌പെൻസറി ആയിരുന്ന സ്ഥാപനം ആയിരം കോടിക്ക് മേൽ ആസ്തിയുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി വളർന്നത് ചാരിറ്റിയുടെ മറവിലുമാണ്. ചാരിറ്റി എന്നും, സാധു സഹായമെന്നും ,ആതുര സേവനമെന്നും പ്രചരിപ്പിച്ച് സ്വരൂക്കൂട്ടിയ സ്വത്തിന് ആയിരം കോടിയോളം മാർക്കറ്റ് വില വരും. ചാരിറ്റബിൾ ട്രസ്റ്റിന് ഇൻകം ടാക്‌സ് ഒഴിവും വിദേശ ഫണ്ട് സ്വീകരിക്കാമെന്നുള്ള ആനുകൂല്യവും സാധാരണ രീതിയിൽ ലഭിക്കാറുണ്ട്. എന്നാൽ ഇതിന് അർഹത സാമൂഹ്യ സേവനം നടത്തുന്നതിനായി രൂപീകരിച്ച സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ ആണ്. എന്നാൽ ഹോളി ഫാമിലി ഇത്തരം പ്രവർത്തനങ്ങൾ ഒന്നും നടത്തിയട്ടില്ല എന്ന് മാത്രമല്ല മരുന്നുകൾക്ക് എം ആർ പി യേക്കാൾ കൂടുതൽ തുക ഈടാക്കുകയും ചെയ്യുന്നു എന്ന പരാതിയും വ്യാപകമാണ്.

ഇക്കഴിഞ്ഞ ജൂൺ 12ന് ഹോളി ഫാമിലിയിൽ അഡ്‌മിറ്റായ ഒരു രോഗിയുടെ കഥന കഥയാണ് ബന്ധുക്കൾക്ക് മറുനാടനോട് പറയാനുണ്ടായിരുന്നത്. വീട്ടുമുറ്റത്ത് വീണ് കാൽമുട്ടിന് താഴെ ഒടിഞ്ഞ രോഗിയെ മുതലക്കോടത്തെ ആശുപത്രിയിൽ എത്തിച്ച രോഗിയെ പിഴിയുകയാണ് ആശുപത്രി അധികൃതർ ചെയ്തത്. വിശദമായ പരിശോധനക്ക് ശേഷം അസ്തി രോഗ വിദഗ്ദൻ ഡോ.അജയകുമാർ ഓപ്പറേഷൻ നിർദ്ദേശിച്ചു. തുടർന്ന് രോഗി അഡ്‌മിറ്റ് ആയതോടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഓപ്പറേഷന് അനസ്‌തേഷ്യ നൽകുന്നതിന്റെ ഭാഗമായി എടുക്കുന്ന ഇൻജക്ഷനാണ് അനാവിൻ. ഈ മരുന്നിന്റെ വില 41 രൂപയോളമാണന്ന് ഗൂഗിളിൽ തപ്പിയാൽ മനസിലാവും. ഈ മരുന്നിന് ആശുപത്രി അധികൃതർ ഈടാക്കിയത് 8195 രൂപയാണ്. ഇതിൽ നിന്ന് ടാക്‌സായി ഏകദേശം 400 രൂപയോളം സർക്കാരിലേക്ക് നൽകുന്നുണ്ട്.

മോണിട്ടറിങ് ചാർജ് ,സി - ആം ചാർജ് ,തിയറ്റർ വാടക ,നേഴ്‌സിങ് ചാർജ് എന്നീ ഇനത്തിൽ വൻ തുകയും രോഗിയിൽ നിന്നും ഈടാക്കി. ഇത്തരം ചാർജുകൾക്കൊന്നും ഒരു പൊതു മാനദണ്ഡം ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കാത്തതിനാൽ ഓരോ സ്ഥാപനങ്ങളും ചാർജ് ഈടാക്കുന്നത് അന്നന്നത്തെ പണത്തിന്റെ ആവശ്യകത അനുസരിച്ചാണ്. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും പിടിപ്പ് കേടുമാണ് ഇത്തരം പകൽക്കൊള്ളക്ക് കാരണം.

പത്ത് സെന്റീ മീറ്റർ നീളത്തിൽ മുറിവുള്ള രോഗിയുടെ മുറിവിൽ ഇരു ഭാഗത്തെ തൊലികൾ ചേർന്നിരിക്കാനായി ഉപയോഗിച്ചിരിക്കുന്നത് 800 രൂപ ആകെ വിലവരുന്ന 10 സ്റ്റാപ്ലറുകൾ. ഒരു സ്റ്റാപ്ലർ ഉപയോഗിച്ച് ആയിരക്കണക്കിന് പിൻ അടിക്കാമെന്നിരിക്കെയാണ് പത്തെണ്ണം വാങ്ങിയിരിക്കുന്നത്. സത്യം ഇവിടെ മനപ്പൂർവ്വം വിസ്മരിക്കേണ്ടി വരുന്നു. നൈലോൺ നൂൽ. സ്ലാപ്ലർ ഉപയോഗിച്ച രോഗിയെ നൈലോൺ നൂൽ ഉപയോഗിച്ച് വീണ്ടും തുന്നിക്കെട്ടി ഉണ്ടാവാമെന്നതിനാലായിരിക്കണം. ഡിസ്‌പോസിബിൾ എന്ന ഇനത്തിൽ 250 രൂപ ഈടാക്കിയിട്ടുണ്ട്. ഗ്ലൗസ്, സിറിഞ്ച് കാനില പോലുള്ള ഡിസ്‌പോസിബിൾ ഐറ്റംസിന് പുറമേയാണ് വെറും ഡിസ്‌പോസിബിൾ സ്ഥാനം പിടിച്ചിരിക്കുന്നത്. അടുത്തത് ഷീൽഡ് ഹാൻഡ് വാഷ് ആണ്. 10 സെന്റീമീറ്റർ ഓപ്പറേഷന് 50 എണ്ണമാണ് വാങ്ങിച്ചിരിക്കുന്നത് ആകെ 3150 രൂപ.15 പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) സ്വിച്ചർ ചെയ്ത മുറിവിന് സ്റ്റാപ്ലർ അടിച്ചതും പോരാഞ്ഞ് പിഒപിയും ഉപയോഗിച്ചു.

കാലൊടിഞ്ഞ രോഗിക്ക് ഓക്‌സിജൻ മാക്‌സ് വാങ്ങിപ്പിച്ചു. എന്നാൽ അത് രോഗിക്ക് കൊടുക്കുകയോ ഉപയോഗിക്കുകയോ ചെയ്തട്ടില്ല. ട്രോളി ഷിറ്റ് മുന്നെണ്ണത്തിന്റെ പണം അടച്ചെങ്കിലും ഒരെണ്ണം പോലും രോഗിക്ക് കിട്ടിയില്ല. അൽെട്ട് സെമി ഡയ്‌പ്പർ രണ്ട് പാക്കറ്റിന് പണമടച്ചെങ്കിലും ഒന്നു പോലും ലഭിച്ചില്ല. ചോദ്യം ചെയ്തപ്പോൾ ആശുപത്രി ജീവനക്കാർ ധിക്കാരികളാണെന്നും വിനയത്തോടെ പെരുമാറാനറിയില്ലെന്നും മാനേജ്‌മെന്റിന്റെ മറുപടി. ഡയപ്പർ അടിച്ച് മാറ്റലും വിനയവും തമ്മിൽ എന്താണ് ബന്ധം എന്നാണ് രോഗിയുടെ ബന്ധുക്കൾ ചോദിക്കുന്നത്.

രോഗികളുടെയും സഹായികളുടെയും നിസഹായാവസ്ഥക്കും ആകുലതയും വ്യസനവും വേദനയും ചൂഷണം ചെയ്ത് സമ്പത്ത് ആർജിക്കൽ മാത്രമാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. പ്രതിമാസം നൂറുകണക്കിന് ഒപ്പറേഷന് ഓരോരുത്തരുടെ കയ്യിൽ നിന്നും അനസ്തേഷ്യയുടെ മറവിൽ കൊള്ള ലാഭമായി മാറുന്നത് ലക്ഷങ്ങളാണ്. അതിന് പുറമേ അനാവശ്യ സാധനങ്ങൾ വാങ്ങിപ്പിക്കുക മാത്രമല്ല, ആയവയൊക്കെ രോഗിയെ വെട്ടിച്ച് കൈക്കലാക്കുകയും ചെയ്യുന്നു. കേവലം ഡിസ്പെൻസറി ആയിരുന്ന സ്ഥാപനം 400 കിടക്കകളും 18 ഡിപ്പാർട്ട്‌മെന്റുകളും മുന്നൂറോളം ജീവനക്കാരുമായി വളർന്നതിൽ നിരവധി തട്ടിപ്പുകൾ ഉണ്ടെന്നാണ് ആരോപണം.

ട്രസ്റ്റ് നിയമങ്ങൾ അനുസരിച്ച് പ്രതിവർഷം ലാഭം ഉണ്ടാവാൻ പാടില്ല. എന്നാൽ ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ നിന്നും വ്യക്തമാകുന്നതുകൊള്ളലാഭം ഉണ്ടാക്കുന്നുവെന്നാണ്. ഇത് ട്രസ്റ്റ് ആക്ടിന് വിരുദ്ധവും ഇൻകം ടാക്‌സ് ഇളവ് റദ് ചെയ്യപ്പെടാൻ മതിയായ കാരണവുമാണ്. അടിയന്തിരമായി ആശുപത്രി ലൈസൻസ് റദ് ചെയ്യണമെന്നും ഇൻകം ടാക്‌സ് റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളെ സമീപിക്കുമെന്ന് പരാതിക്കാരൻ അറിയിച്ചു. ആശുപത്രി അധികൃതർ നടത്തിയ വിശ്വാസ വഞ്ചന, പണാപഹരണം, വ്യാജരേഖ ചമക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ പരാതിയിൽ മേൽ തൊടുപുഴ പൊലീസ് അന്വേഷണം നടത്തി വരികയാണ്. പ്രാഥമിക അന്വേഷണത്തിൽ പരാതിക്കാരുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് വ്യക്തമാണെന്നാണ്.