കോതമംഗലം: നെല്ലിക്കുഴി കേന്ദ്രീകരിച്ച് നടന്നുവരുന്ന ത്വരീഖത്ത് പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിനെതിരെ പ്രദേശവാസികളായ 300-ൽപ്പരം ഇസ്ലാംമതവിശ്വാസികൾ പൊലീസിൽ പരാതിനൽകി.

ആത്മീയതയുടെ പേരിൽ സ്വന്തം ഭാര്യയെയും മക്കളെയും വരെ ക്രൂര പീഡനങ്ങൾക്കിരയാക്കുന്നവരാണ് സംഘടനാപ്രവർത്തകരെന്നും പണത്തിന്റെയും കയ്യൂക്കിന്റെയും ബലത്തിൽ നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചുള്ള ഇക്കൂട്ടരുടെ പ്രവർത്തനം പരിസരവാസികൾക്ക് ശല്യമായി മാറിയിരിക്കുകയാണെന്നും നാടിന്റെ സമാധാന അന്തരീക്ഷം നശിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് ആലുവ റൂറൽ എസ് പി ക്ക് നൽകിയ പരാതിയിൽ ഇവർ ആവശ്യപ്പെട്ടിട്ടുള്ളത്.

മതത്തിന്റെ പേരിൽ നടന്നുവരുന്ന ഈ സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിന് മഹല്ല് കമ്മറ്റിയുടെ അനുമതിയില്ലെന്നും ഇസ്ലാമികമായ ഒരു അനുഷ്ഠാനത്തിന്റെയും പേരിലല്ല സംഘടനയുടെ ഇത്തരം പ്രവർത്തനമെന്നും നാട്ടുകാർ പൊലീസിന് സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാത്രി ഏറെ വൈകിയും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ഇവരുടെ സംഘടനാപരിപാടികൾമൂലം വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചെരുപ്പ് തലയിൽ വച്ചിട്ട് വീടിനു ചുറ്റും ഓടാൻ നിർദ്ദേശിക്കുക, ഓടുന്നതിനിടയിൽ കുറ്റകൃത്യത്തിന്റെ കാഠിന്യത്തിനനുസരിച്ച് ചൂരലിന് നന്നായി പ്രഹരിക്കുക- ഭാര്യ അനുസരണക്കേട് കാട്ടിയെന്നറിയിച്ചപ്പോൾ നിലക്ക് നിർത്താൻ 'ത്വരിഖത്ത് 'ആത്മീയാചാര്യൻ ഷൈഖ് അലി നെല്ലിക്കുഴി സ്വദേശിയായ പ്രവർത്തകനോട് നിർദ്ദേശിച്ച ശിക്ഷാവിധി ഇങ്ങനെ.

ശിക്ഷാവിധി അക്ഷരം പ്രതി നടപ്പിലാക്കിയതോടെ സഹികെട്ട ഇയാളുടെ യുവതിയായ ഭാര്യ വാവിട്ട് നിലവിളിച്ചു. ഇതോടെ അയൽവാസികൾ പ്രശ്‌നത്തിലിടപെടുകയും താക്കീതുചെയ്യുകയും ചെയ്തതോടെ തൽക്കാലം പിൻവാങ്ങിയ പ്രവർത്തകൻ നിസ്‌കരിക്കാത്തതിന്റെ പേരിൽ രണ്ടുവയസ്സുകാരനായ മകനെ ചൂരലിന് അടിച്ച് അവശനാക്കിയതായും വിശ്വസനീയ കേന്ദ്രത്തിൽ നിന്നും വിവരം ലഭിച്ചു.

ഭാര്യമാർക്കെതിരെ സംഘടനാപ്രവർത്തകർ നടത്തിവരുന്ന പ്രകൃതശിക്ഷാരീതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായിട്ടുണ്ട്. സംഘടനയുടെ പ്രവർത്തകനായ കുറ്റിലഞ്ഞി കൊട്ടകംബിള്ളി ഇസ്മായിലിന്റെ പീഡനത്തെതുടർന്ന് അവശയായ ഭാര്യ താഹിറ (33) കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയെത്തിയതോടെയാണ് വിവരങ്ങൾ പുറത്തായത്.

നിസാരകാരണങ്ങളുടെ പേരിൽ കഴിഞ്ഞ അഞ്ചുവർഷമായി ഭർത്താവ് തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് താഹിറ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പനിയും അസുഖങ്ങളും കാരണം സുഖമില്ലാതിരുന്ന തന്നെ ചൂരലും ചട്ടകവും ഉപയോഗിച്ച് ഭർത്താവ് മർദ്ദിച്ചതായി താഹിറ പൊലീസിൽ വെളിപ്പെടുത്തിയിരുന്നു.

രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് ശക്തമായ പനിയും മർദ്ദനമേറ്റതിന്റെ അസ്വസ്ഥതകളുമായിക്കഴിഞ്ഞിരുന്ന താഹിറയെ ആശുപത്രിയിൽ എത്തിച്ചത്. തിരൂർ കേന്ദ്രീകരിച്ചുള്ള ത്വരീഖത്തിൽ പ്രവർത്തിച്ചുതുടങ്ങിയതോടെയാണ് മകളെ ഇസ്മയിൽ മർദ്ദിക്കാൻ തുടങ്ങിയതെന്ന് താഹിറയുടെ പിതാവ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

താഹീറയ്ക്കുനേരെയുണ്ടായ ക്രൂരമായ മർദ്ദനമുറകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ സംഘടനാപ്രവർത്തകരുടെ ക്രൂരതകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായി.

മക്കളെ വലവീശിപ്പിടിച്ച് തന്റെ കുടുംബം ഷൈഖ് അലി കുട്ടിച്ചോറാക്കിയെന്നാണ് ചുമട്ടുതൊഴിലാളിയായ നെല്ലിക്കുഴി കീടത്തുംകുടി അബ്ബാസിന്റെ വെളിപ്പെടുത്തൽ. സംഘടനയുടെ പ്രവർത്തകരായ മൂത്ത മകൻ അൻസിലിലും സഹോദരൻ അനൂപും ചേർന്ന് തന്നെ ആക്രമിക്കുകയും വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി അബ്ബാസ്സ് ആലുവ റുറൽ എസ്‌പി ക്ക് പരാതി നൽകിയിട്ടുണ്ട്.

ആദ്യം മൂത്തമകൻ അൻസിലും പിന്നീട് തന്റെ ഭാര്യ നസീമയും പിന്നാലെ ഇളയമകൻ അനൂപും സംഘടനയിൽ അംഗങ്ങളായെന്നാണ് അബ്ബാസിന്റെ വെളിപ്പെടുത്തൽ. അനുസരണക്കേട് കാട്ടിയെന്നാരോപിച്ച് മൂത്തമകൻ ഭാര്യയെ പ്ലാസ്റ്റിക്ക് കസേരക്ക് അടിക്കാറുണ്ടെന്നും ഇത്തരത്തിൽ താൻ വീട്ടിൽ വാങ്ങിയിട്ടിരുന്ന 11 കസേരകൾ ഉപയോഗശൂന്യമായയെന്നും അബ്ബാസ്സ് ആരോപിച്ചിരുന്നു.