കൊച്ചി: കേരള സ്പോർട്സ് കൗൺസിൽ അനുവദിച്ച മാസം തോറുമുള്ള ഗ്രാന്റ് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചു മുഴുവൻ തുകയും പീനൽ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന നോട്ടീസ് അടിസ്ഥാനരഹിതമെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹർജി.

സ്പോർട്സ് കൗൺസിലിന്റെ 2010 ഒക്ടോബർ ആറിലെ സർക്കുലർ പ്രകാരം ആലപ്പുഴ വൈ.എം.സി.എ നടത്തുന്ന ടേബിൾ ടെന്നിസ് അക്കാഡമിക്കു ഗ്രാന്റ് അനുമതി നല്കിയിരുന്നു. ആ സർക്കുലർ അനുസരിച്ചാണ് ആനുകൂല്യങ്ങളും നിബന്ധനകളും ഏർപ്പെടുത്തിയിട്ടുള്ളത്. 'ഡേ ബോർഡിങ് സ്‌കീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു പരിശീലന ദിനങ്ങളിൽ 15 രൂപ അനുവദിച്ചു നല്കുന്നതാണ്' എന്നുമാത്രമാണ് ആനുകൂല്യങ്ങളിൽ സൂചന. തുക ഏതു രീതിയിൽ കുട്ടികൾക്കു കൈമാറണമെന്നു നിബന്ധനയില്ലായിരുന്നു. സ്‌കീം അനുവദിച്ചിട്ടുള്ള സെന്ററുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനു ഒരു മോണിറ്ററിങ് കമ്മിറ്റിയേയും ചുമതലപ്പെടുത്തിയിരുന്നു.

എന്നാൽ 2010 ഡിസംബർ മുതൽ അനുവദിച്ച ഗ്രാന്റ് തുക കായികതാരങ്ങൾക്കായി ചെലവഴിക്കാതെ തിരിമറി നടത്തി എന്ന സൂചനയുള്ള ആരോപണത്തിന്മേലാണ് ഗ്രാന്റ് നിർത്തലാക്കുന്നതിനു സ്പോർട്സ് കൗൺസിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ബോർഡ് വൈ.എം.സി.എയുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടതെന്നു ഹർജിയിൽ വ്യക്തമാക്കുന്നു.അക്കാഡമിക്കു നൽകാത്ത തുകയും കൈമാറിയതായി സ്പോർട്സ് കൗൺസിലിന്റെ കത്തിലുണ്ട്. ചെക്ക് നല്കിയ തീയതികളിലും പിശകു കാണുന്നുണ്ട്. 2010 ഡിസംബർ മുതൽ 2014 ഡിസംബർ വരെയുള്ള കാലയളവിൽ 3,75,850 രൂപ മാത്രമാണ് യഥാർഥത്തിൽ ലഭിച്ചിട്ടുള്ളത് എന്നിരിക്കെ 2015 ഓഗസ്റ്റ് വരെ 4,57,325 രൂപ നല്കിയിട്ടുണ്ടെന്നാണ് തെറ്റായ കണക്കു നല്കിയിട്ടുള്ളത്. ഇത് തികച്ചും തെറ്റാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. വ്യത്യാസം 81,475 രൂപയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു

ഗ്രാന്റ് വിനിയോഗം സംബന്ധിച്ച് വിവരങ്ങൾ നല്കണമെന്ന കൗൺസിൽ ജില്ലാ സെക്രട്ടറിയുടെ 2016 ഫെബ്രുവരി രണ്ടിലെ കത്തു പ്രകാരം വിശദവിവരങ്ങൾ 17നു വൈ.എം.സി.എ നല്കിയിരുന്നു. 201115ലെ ഡേ ബോർഡിങ് സ്‌കീം പ്രവർത്തന റിപ്പോർട്ട്, ഗ്രാന്റ് വിനിയോഗ റിപ്പോർട്ട്, ധനവിനിയോഗ സർട്ടിഫിക്കറ്റ്, ഗ്രാന്റ് ചെക്ക് കളക്ഷൻ റിപ്പോർട്ട് എന്നിവ വിശദ വിവരങ്ങളോടെയാണ് സമർപ്പിച്ചത്.കൗൺസിൽ നിയോഗിച്ചിട്ടുള്ള മോണിറ്ററിങ് കമ്മിറ്റി സ്ഥിരമായി 2010 മുതൽ സെന്ററിന്റെ പ്രവർത്തനം അഞ്ചു വർഷം തുടർച്ചയായും കർശനമായും അവലോകനം നടത്തി വിലയിരുത്തുന്നുണ്ടായിരുന്നു. കൂടാതെ കൗൺസിൽ നിയോഗിച്ച കോച്ചും അക്കാഡമിയിൽ മേൽനോട്ടം നടത്തിയിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറി 2016 ജനുവരിയിൽ മാത്രമാണ് പ്രവർത്തനം ശരിയല്ലെന്നു ആരോപിച്ചു റിപ്പോർട്ട് നല്കിയത്. തുക വകമാറ്റിയാണ് മാസം തോറും ചെലവഴിച്ചിരുന്നതെങ്കിൽ അഞ്ചു വർഷം മുൻപ് തുടക്കത്തിൽ തന്നെ കൗൺസിലിനു കണ്ടെത്താമായിരുന്നുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

ഗ്രാന്റ് തുകയടക്കമുള്ള പണം കുട്ടികളുടെ കോച്ചിംഗിനായും കളിയുടെ ഉന്നമനത്തിനായും ചെലവഴിച്ചു കഴിഞ്ഞ കാര്യം വൈ.എം.സി.എ വിശദീകരിച്ചു. എന്നാൽ പരാതി ഒഴിവാക്കാനും ഭാവിയിൽ ആവർത്തിക്കാതിരിക്കാനും തുക പൂർണമായി വൈ.എം.സി.എ വിദ്യാർത്ഥികൾക്കു പണമായി നല്കിയിരുന്നു. ഗ്രാന്റായി ലഭിച്ച പണമടക്കമുള്ള തുക ശമ്പള രൂപത്തിലും മറ്റും കോച്ചുമാർക്കു നല്കിക്കഴിഞ്ഞിരുന്നതിനാൽ വിദ്യാർത്ഥികൾക്കു തിരിച്ചുകൊടുക്കാൻ ചെലവായ തുക ഇരട്ടിപ്പാണെങ്കിലും അതു വൈ.എം.സി.എ ഫണ്ടിൽ നിന്നു ലഭ്യമാക്കുകയായിരുന്നു.

യഥാർഥത്തിൽ ഫീസ് വരവിനേക്കാൾ മൂന്നിരട്ടിയിലേറെയാണ് ടേബിൾ ടെന്നീസ് അക്കാഡമിയുടെ ചെലവുകൾ. മൂന്നു കോച്ചുമാർക്കു തന്നെ മൊത്തം 60,000 രൂപയായിരുന്നു മാസശമ്പളം. കൂടുതൽ വരുന്ന തുക വൈ.എം.സി.എ സംഭാവനകളിലൂടെയും മറ്റുമാണ് കണ്ടെത്തുന്നത്. മികവോടെ കായികരംഗത്തെ അന്താരാഷ്ട്ര നിലവാരത്തിൽ നിലനിർത്താനാണ് വൈ.എം.സി.എയുടെ പ്രതിജ്ഞാബദ്ധമായ ഈ നിലപാട്. സ്വന്തമായി ശേഖരിക്കുന്ന പണം ഉപയോഗിച്ച് ആലപ്പുഴയിൽ വേറെ ഒരു അക്കാഡമിയും ഇങ്ങനെ കായിക വികസനത്തിനായി വർഷങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും ഹർജിയിൽ എടുത്തുകാട്ടുന്നു.

കായികതാരങ്ങൾക്കു ഭക്ഷണം നല്കിയിട്ടില്ല എന്ന ആരോപണത്തിലും വൈ.എം.സി.എ വിശദീകരണം നല്കിയിട്ടുണ്ട്. അഞ്ചു വയസു തൊട്ടുള്ള നൂറിലേറെ കുട്ടികൾ ഒരുമിച്ചു പരിശീലിക്കുന്നയിടത്ത്, അതിൽ സ്പോർട്സ് കൗൺസിൽ സ്‌കീമിലുള്ള ചെറിയവിഭാഗം കുട്ടികൾക്കു മാത്രം ദിവസവും എന്തെങ്കിലും ഭക്ഷണം പരിശീലനത്തോടനുബന്ധിച്ചു വേർതിരിച്ചു നല്കുന്നത് എന്തിന്റെ പേരിലായാലും അനുചിതവും അസൗകര്യവുമാണെന്നു മാതാപിതാക്കളുടെ പൊതു അഭിപ്രായം മാനിച്ചാണ് അവരുടെ സമ്മതത്തോടെ കോച്ചിംഗിനായി ഗ്രാന്റ് തുക വിനിയോഗിച്ചതെന്നുമാണ് വിശദീകരണം.