കണ്ണൂർ: ടോക്യോ ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ ഗോൾ കീപ്പർ ശ്രീജേഷിന് രണ്ടുകോടി കൊടുത്ത സർക്കാർ 1972-ൽ മ്യൂണിക് ഒളിംപിക്സിൽ രാജ്യത്തിനായി വെങ്കലം നേടിയ ടീമംഗമായിരുന്ന ഫെഡറിക് മാനുവലിനെ അവഗണിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി. കണ്ണൂരിലെ മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.വി ദേവദാസ് തളാപ്പാണ് മനുഷ്യാവകാശ കമ്മിഷനംഗം ബൈജുനാഥിന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങിൽ പരാതി നൽകിയത്.

വരുന്ന പത്മശ്രീ പുരസ്‌കാരത്തിന് മാനുവലിനെ പരിഗണിക്കണമെന്നും സെപ്റ്റംബർ 15ന് അപേക്ഷിക്കേണ്ട അവസാന തീയ്യതിയാണെന്നിരിക്കെ, കണ്ണൂർ ജില്ലാഭരണകൂടവും സംസ്ഥാന സർക്കാരും ഇതിനായി ശുപാർശ ചെയ്യണമെന്നും കളിയെഴുത്തുകാരൻ കൂടിയായ ദേവദാസ് ആവശ്യപ്പെട്ടു.

മ്യൂണിക് ഒളിംപക്സിൽ മെഡൽ നേടിയ ഇന്ത്യൻ ടീമിലെ ഗോൾ കീപ്പറായി നിർണായക റോളിൽ തിളങ്ങിയ മാനുവലിന് ഒരു നയാ പൈസ പോലും മാറിമാറി വരുന്ന സർക്കാരുകൾ ഇതുവരെ നൽകാൻ തയ്യാറായിട്ടില്ല. ഇതിന് ശേഷം പതിനൊന്നു ഒളിംപിക്‌സുകൾ കഴിഞ്ഞിട്ടും ഇതുവരെ സർക്കാർ ഔദ്യോഗിക സ്വീകരണം പോലും നൽകാൻ തയ്യാറായിട്ടില്ലെന്നും രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച കളിക്കാരനോടുള്ള കടുത്ത അനാദരവും മനുഷ്യാവകാശ ലംഘനവുമാണിതെന്നും ദേവദാസ് തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടി.

ഒളിംപിക് മെഡലുമായി നാട്ടിലെത്തിയ വേളയിൽ കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂൾ ഗ്രൗണ്ടിൽ കണ്ണൂരിലെ കായിക പ്രേമികൾ ഒരു ചെറിയ സ്വീകരണം നൽകിയപ്പോൾ കിട്ടിയ ചായയും ബിസ്‌ക്കറ്റും മാത്രമേ ഫെഡറിക് മാനുവലിന് ഓർക്കാനുള്ളു. പത്ത് ഇടതു-വലതു സർക്കാരുകൾ സംസ്ഥാനം മാറി മാറി ഭരിച്ചിട്ടും ഫെഡറിക് മാനുവലിന് ഇതുവരെ ഔദ്യോഗികമായി സ്വീകരണം പോലും നൽകാത്തത് അർഹതയ്ക്കുള്ള അംഗീകാരം നിഷേധിക്കുന്നാണ്.

ഇതുവരെ കേന്ദ്രസർക്കാരുകൾ നൽകുന്ന പത്മശ്രീ, അർജുന, ഖേൽരത്ന തുടങ്ങി ഒരു പുരസ്‌കാരങ്ങൾക്കും അർഹതയുണ്ടായിട്ടും സംസ്ഥാന സർക്കാർ മാനുവലിന്റെ പേര് നിർദ്ദേശിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഉന്നത കായിക പുരസ്‌കാരങ്ങൾക്കും പരിഗണിച്ചിട്ടില്ല. 47 വർഷം കഴിഞ്ഞപ്പോഴാണ് കണ്ണൂരിലെ പയ്യാമ്പലം പള്ളിയാംമൂലയിലാണ് സംസ്ഥാന സർക്കാർ ഒരു വീടു തന്നെ കൊടുത്തത്. അതും സ്പോർട്സ് പ്രേമികളുടെ നിരന്തരം അഭ്യർത്ഥന മാനിച്ചു അനുവദിച്ചു കൊടുത്തത്.

അതുവരെ ബാംഗ്ളൂരിലെ ഒരുവാടകവീട്ടിൽ കഴിഞ്ഞ അദ്ദേഹം കുട്ടികളെ കളി പരിശീലിപ്പിച്ചാണ് ജീവിച്ചുവരുന്നുവെന്നും ദേവദാസ് തന്റെ പരാതിയിൽ പറഞ്ഞു. 2019-കായിക പ്രേമികൾ മുൻകൈയെടുത്തു അപേക്ഷ നൽകിയതിനാലാണ് മാനുവൽ ഫെഡറിക്കിന് ധ്യാൻചന്ദ് പുരസ്‌കാരം ലഭിച്ചത്. മറ്റു അവാർഡുകൾ ഇനി ലഭിക്കാൻ അവസരമില്ലെന്നിരിക്കെ രാജ്യത്തിന് അദ്ദേഹം ചെയ്ത സേവനങ്ങൾ മുൻനിർത്തി പത്മശ്രീപുരസ്‌കാരത്തിനെങ്കിലും ശുപാർശ ചെയ്യാൻ സർക്കാരിനോട്് ഉത്തരവിടണമെന്നാണ് ദേവദാസിന്റെ പരാതി.

ഈയാവശ്യം ഫയലിൽ സ്വീകരിച്ച മനുഷ്യാവകാശ കമ്മിഷൻ ഈ വിഷയത്തിൽ പരിശോധന നടത്തി നടത്തി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നു ദേവദാസ് പറഞ്ഞു. 48 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ഹോക്കി ഗോൾകീപ്പറായ ശ്രീജേഷിന് രണ്ടുകോടി ഉപഹാരം കൊടുത്തിലല്ല പരാതിയൊന്നും ഒരു കാലിചായ പോലും വാങ്ങിക്കൊടുക്കാതെ ഒളിംപ്യനെ നാടുവിടാൻ പ്രേരിപ്പിച്ച ഇവിടുത്തെ സർക്കാരിന്റെയും ഹോക്കി അസോസിയേഷന്റെയും ഇരട്ടത്താപ്പിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ദേവദാസ് തളാപ്പ് പറഞ്ഞു.