തൃശൂർ: പ്രശസ്ത നർത്തകി കലാമണ്ഡലം ഹേമലതയേയും കുടുംബത്തേയും ഒരു സംഘം സിപിഐ(എം) പ്രവർത്തകർ വീടു കയറി അക്രമിച്ചിട്ടും പൊലീസ് നിഷ്‌ക്രിയമായി നോക്കിനിക്കുന്നതായി ഹേമലതയുടെ ഭർത്താവ് ജയൻ മറുനാടൻ മലയാളിയോട്. തൃശ്ശൂർ തെയ്‌കോട്ട്‌ശേരി ചെറുശ്ശേരിക്കടുത്ത് ഹേമലതയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ 13-ാം തീയതി ഒരു സംഘം സിപിഐ(എം) പ്രവർത്തകർ ആക്രമണം നടത്തിയത്. വീടിനു നേരെ കല്ലെറിഞ്ഞും ജനാലകളും മറ്റും അടിച്ചു തകർത്തും മദ്യപിച്ചെത്തിയ സംഘം സ്ഥലത്ത് അഴിഞ്ഞാട്ടം നടത്തുകയായിരുന്നു. അക്രമം നടക്കുന്ന സമയത്ത് വീട്ടിൽ ഹേമലത മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടൻ തന്നെ പുറത്തുപോയിരുന്ന ഭർത്താവിനെ വിളിച്ച് വരുത്തുകയായിരുന്നു.

എന്നാൽ മദ്യ ലഹരിയിലായിരുന്ന സംഘം ഹേമലതയുടെ ഭർത്താവ് ജയൻ എത്തിയ ഉടനെ അയാളെയും അക്രമിക്കുകയായിരുന്നു. കാരണം തിരക്കിയപ്പോൾ സംഘത്തിനൊ്പപം ഉണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി സ്ത്രീയുടെ സഞ്ചി ഹേമലതയുടെ വീട്ടിനുള്ളിൽ വീണുവെന്നും അതെടുക്കാനായി എത്ര തവണ വിളിച്ചാലും മനഃപൂർവ്വം പുറത്ത് വരാതെ ഇരിക്കുന്നോ എന്ന് ചോദിച്ചായിരുന്നു അക്രമണം. എന്നാൽ അക്രമികൾ പറഞ്ഞത് പോലെയല്ല കാര്യങ്ങളെന്നും മുൻ വൈരാഗ്യം തീർക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും ജയൻ പറയുന്നു. അയൽവാസികളായ സിപിഐ(എം) പ്രവർത്തകനുമായി നിലനിന്നിരുന്ന അതിർത്തി തർക്കമാണ് ഇങ്ങനെയൊരു അക്രമത്തിലേക്ക് നയിച്ചതെന്ന് കലാമണ്ഡലം ഹേമലത പറയുന്നു.

അക്രമത്തെ തുടർന്ന് ആദ്യം ഒല്ലൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് എത്തി സ്ഥലം പരിശോധിച്ച് പോയതല്ലാതെ ഒരു പുരോഗമനവും ഉണ്ടായില്ലെന്നാണ് ഭർത്താവ് ജയൻ പറയുന്നത്. തുടർന്ന് തൃശൂർ എസ്‌പി ആർ നിശാന്തിനിക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഇന്നലെ ഹേമലത എസ്‌പിയെ നേരിട്ട് വിളിക്കുകയും ഒരു സ്ത്രീയായ തനിക്ക് നീതി കിട്ടാത്തതെന്താണെന്ന് തിരക്കുകയും ചെയ്തു. അപ്പോഴും പരിശോധിക്കാമെന്ന മറുപടി മാത്രമാണ് ലഭിച്ചതെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഡിജിപിയുടെ ഓഫീസിലും വനിതാ കമ്മീഷനിലും എഡിജിപിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്. അവസാന പ്രതീക്ഷയെന്നോണം സ്വന്തം വീടിൽ ജീവഹാനിയില്ലാതെ കഴിയുക എന്ന കുടുംബത്തിന്റെ ന്യായമായ ആവശ്യം നേടുന്നതിനായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകാനൊരുങ്ങുകയാണ് ഹേമലതയുടെ ഭർത്താവ് ജയൻ

പത്ത് വർഷം മുൻപാണ് ഹേമലതയും കുടുബവും ഇവിടെ സ്ഥലം വാങ്ങിയത്. എന്നാൽ ഒരു വർഷം മുൻപാണ് ഇവിടെ വീട് വച്ച് ഇങ്ങോട്ട് താമസം ആരംഭിക്കുന്നത്. എന്നാൽ ഇവരുടെ അയൽവാസിയായ ഗോവിന്ദൻ എന്നയാൾ ഇവരുടെ വീട്ടിലേക്കുള്ള വഴി ഹേമലതയുടെ അതിർത്തിയിൽ നിന്നും നൽകണമെന്ന് ആവശ്യപ്പെട്ടു. തങ്ങളുടെ വസ്തുവിൽ നിന്നും സ്ഥലം നൽകാനാകില്ലെന്ന് ഹേമലതയും ഭർത്താവും തുറന്ന് പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഇതേ വസ്തുവിലെ നാളികേരം ഉൽപ്പടെയുള്ള ആദായം ഗോവിന്ദനും കുടുംബവും ഉപയോഗിച്ചിരുന്നു. എന്നാൽ അതിൽ ഹേമലതയക്കോ കുടുംബത്തിനോ യാതൊരു പരാതിയും ഇല്ല. തുടർന്ന് സ്വന്തം വസ്തുവിൽ ഇവർ മതിൽ കെട്ടാൻ തീരുമാനിക്കുകയായിരുന്നു. മതിലുകെട്ടുന്നതിനായി പഞ്ചായത്തംഗം ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപയുടെ കൈക്കൂലിയായിരുന്നു.

ഒരു സിപിഐ(എം) അംഗം ഇത്തരത്തിൽ കൈക്കൂലി ആവശ്യപ്പെട്ട വിവരം അന്നത്തെ ജില്ലാ സെക്രട്ടറിയും ഇപ്പോൾ ടൂറിസം, സഹകരണ മന്ത്രിയുമായ എ.സി മൊയ്തീനെ പരാതിയായി അറിയിക്കുകയായിരുന്നു. തുടർന്ന് സിപിഎമ്മിന്റെ ഏര്യാ സെക്രട്ടറി നേരിട്ടെത്തി സംസാരിക്കുകയും ഇനി പ്രശ്‌നങ്ങളുണ്ടാകില്ലൈന്ന് ഉറപ്പും നൽകുകയായിരുന്നു. എന്നിച്ചും ഉപദ്രവം തുടർന്ന സാഹചര്യത്തിൽ കോടതിയിൽ പരാതി നൽകുകയായിരുന്നു. ഹേമലതയുടേയും ഭർത്താവിന്റേയും പരാതിയിൽ അനുകൂല വിധിയും ലഭിച്ചു. ഇവരുടെ വസ്തുവിലൂടെ അയൽക്കാരൻ വീട്ടിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന വിധിയും ഇവരുടെ അക്രമത്തിന്
കാരണമായതായി ഹേമലതയുടെ ഭർത്താവ് പറയുന്നു. വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഏഴോളം സിപിഎമ്മുകാർ കഴിഞ്ഞ 13ന് ഹേമലതയേയും ഭർത്താവ് ജയനേയും ആക്രമിച്ചതെന്നാണ് ആരോപണം.

അയൽവാസിയുമായുള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് പരാതി. ഇതിന് പ്രതികാരമായി 13ന് ഉച്ചയ്ക്ക് വീട്ടിലെത്തിയ അക്രമികൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു. അപ്പോൾ ഭർത്താവ് ജയനും മകളും വീട്ടിലുണ്ടായിരുന്നില്ല. വീടിന് കല്ലെറിയുകയും ഗേറ്റ് തകർക്കുകയും ചെയ്തുവെന്നാണ് ആരോപണം. അതിന് ശേഷം ഭർത്താവിന് നേരേയും ആക്രമണം ഉണ്ടായെന്ന് കലാമണ്ഡലം ഹേമലത ആരോപിക്കുന്നു. തുടർച്ചയായി 123.15 മണിക്കൂർ മോഹിനിയാട്ടം അവതരിപ്പിച്ച് ലോക റെക്കോഡ് സ്വന്തമാക്കിയ കലാകാരിയാണ് കലാമണ്ഡലം ഹേമലത. ഗിന്നസ് റെക്കോഡ് നേടിയ ഹേമലത തൃശൂർ ആസ്ഥാനമായുള്ള ദേവീ കലാമണ്ഡലം ഡാൻസ് അക്കാദമിയുടെ ഡയറക്ടറാണ്. നൃത്തപഠനം ആരോഗ്യസംരക്ഷണത്തിനും കൂടിയാണെന്നു വിശ്വസിക്കുന്ന കലാകാരിയാണ് ഹേമലത. ഇതെല്ലാം അറിഞ്ഞുകൊണ്ടും ഹേമലതയ്‌ക്കെതിരെ സിപിഐ(എം) നടത്തിയ അക്രമത്തിനെതിരെ കോൺഗ്രസും ബിജെപിയും അടക്കമുള്ള പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്.

നൃത്ത രംഗത്തെ സാധ്യതകൾ സാമൂഹിക സേവനത്തിന് പ്രയോജനപ്പെടുത്തുന്ന കലാകാരി കൂടിയാണ് ഹേമലത. ഇതിനായി കാസർകോഡ് മുതൽ തിരുവനന്തപുരം വരെ 2012ൽ ഹെൽത്ത് അവയർനസ് റേസും നടത്തി. തുടർച്ചയായി ഒരുമാസം നീണ്ടുനിന്ന ആരോഗ്യ ബോധവത്കരണ ഓട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നൂറുകണക്കിന് വിദ്യാലയങ്ങളിൽ എത്തി വ്യായാമത്തിലൂടെ ആരോഗ്യം എന്ന സന്ദേശം നൽകി. ഇതും ജനശ്രദ്ധയാകർഷിച്ച പരിപാടിയായിരുന്നു. നൃത്തം എന്ന കല അപ്രാപ്യമായവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആദിവാസി കോളനികളിലെ സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് കഴിഞ്ഞ ഏപ്രിലിൽ ആരോഗ്യ, നൃത്ത പഠന ക്ലാസുകൾ നടത്തിയും ശ്രദ്ധ നേടി. തൃശൂർ കേന്ദ്രമായാണ് പഠനക്ലാസ് നടത്തിയത്. മോഹിനയാട്ട, നൃത്ത, ആരോഗ്യപഠനക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ, ആടയാഭരണങ്ങൾ എന്നിവ സൗജന്യമായി നൽകിയിരുന്നു.

ആദിവാസി മേഖലയായ അട്ടപ്പാടി, വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ കുട്ടികളെയാണ് നൃത്ത ആരോഗ്യ പഠനക്ലാസിൽ പങ്കെടുപ്പിച്ചത്. കൂടാതെ വീട്ടമ്മമാർക്കുള്ള നൃത്തപരിപാടി നടത്തിയതിനോടൊപ്പം റാഗിങ്, തീവ്രവാദം തുടങ്ങിയ സാമൂഹ്യ വിപത്തുകൾക്കെതിരെ നൃത്ത ശില്പശാലകളും ഹേമലതയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. അട്ടപ്പാടി ഡുണ്ടൂർ ആദിവാസി കോളനിയിൽ 25ൽ അധികം കുട്ടികൾക്കാണ് ആദ്യം പരിശീലനം നൽകിയത്. ആദിവാസി മേഖലയിലെ ചൂഷണങ്ങളെ സംബന്ധിച്ച് ബോധവത്ക്കരണത്തിനും തീവ്രവാദം ഉൾപ്പെടെയുള്ള കടന്നുകയറ്റങ്ങളെ ഫലപ്രദമായി നേരിടുന്നതിനും ഭാരതത്തിലെ പ്രമുഖ സാംസ്‌കാരിക രാഷ്ട്രീയ മനുഷ്യാവകാശ പ്രവർത്തകരെ ഉൾപ്പെടുത്തി പഠന ക്ലാസുകളും എടുത്തിട്ടുണ്ട്. ഇത്തരം സാമൂഹിക-സാസ്‌കാരിക ഇടപടെലുകൾക്ക് പോലും അവസരം നിഷേധിക്കുന്ന തരത്തിലാണ് തനിക്കെതിരെ അക്രമം ഉണ്ടായതെന്ന പരാതിയാണ് ഹേമലത ഉയർത്തുന്നത്.