തിരുവനന്തപുരം: എസ്‌ബിഐ ജീവനക്കാരുടെ ക്രൂരത കണ്ടിട്ടും കാണാതെ മുഖ്യധാരാ മാധ്യമങ്ങളും ആരോപണ വിധേയനായ ബാങ്കിലെ ഡെപ്യൂട്ടിമാനജർക്ക് എതിരെ നടപടിയെടുക്കാതെ ബാങ്ക് ഉന്നതരും മുഖംതിരിച്ച് നിൽക്കുമ്പോൾ വയോധികന്റെ പരാതി സ്വീകരിച്ച് ഉദ്യോഗസ്ഥനെതിരെ നിയമനടപടിയിലേക്ക് നീങ്ങി പൊലീസ്. സീനിയർ സിറ്റിസണ് എതിരെ ഇത്തരമൊരു അപമാനശ്രമം ഉണ്ടായാൽ 24 മണിക്കൂറിനകം കേസെടുത്ത് തുടർ നടപടികളിലേക്ക് നീങ്ങണം. ആ സാഹചര്യത്തിൽ പൊലീസ് നടപടി ഉടനുണ്ടാവുമെന്ന് ആറന്മുള സിഐയും എസ്‌ഐയും ഉറപ്പുതന്നതായി അപമാനം നേരിട്ട വയോധികൻ സാമുവൽ മറുനാടൻ മലയാളിയോട് പറഞ്ഞു. വിഷയത്തിൽ മറുനാടൻ ലൈവ് ചർച്ച കാണാം. പ്രേക്ഷകർക്കും പങ്കെടുക്കാം.

പരാതി ലഭിച്ച സാഹചര്യത്തിൽ ഉടൻ നടപടിയുണ്ടാവുമെന്നും വയോധികനെ അപമാനിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ അറസ്റ്റ് ഉണ്ടാവുമെന്നുമാണ് ലഭിക്കുന്ന വിവരം. ഈ വിഷയം ഇന്നലെ മറുനാടൻ ചർച്ചയായി ഉന്നയിച്ചതോടെ പതിനായിരങ്ങളാണ് സ്റ്റേറ്റ് ബാങ്കിനെതിരെ രംഗത്തുവന്നത്. മറുനാടൻ ലൈവിലൂടെ ബാങ്ക് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധവും ഉയർന്നു. എന്നാൽ ബാങ്ക് അധികൃതർ ഇയാളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതോടെ ഇന്ന് ജനകീയ പ്രതിഷേധത്തിനാണ് കോഴഞ്ചേരി സാക്ഷ്യംവരിച്ചത്. കോഴഞ്ചേരി പൗരാവലിയുടെ നേതൃത്വത്തിൽ ബാങ്ക് അധികൃതരുമായി ചർച്ച നടന്നെങ്കിലും അവർ ജനങ്ങളോട് മുഖംതിരിക്കുന്ന നിലപാടെടുത്തു. ഇതോടെയാണ് കാര്യങ്ങൾ പൊലീസ് പരാതിയിലേക്ക് നീങ്ങുന്നത്.

കോഴഞ്ചേരി പുളിയിലേത്ത് റോക്കി വില്ലയിലെ താമസക്കാരനാണ് രാജു എന്ന് വിളിക്കുന്ന സാമുവലിനാണ് ബാങ്കിന്റെ കോഴഞ്ചേരി ബ്രാഞ്ചിൽ നിന്ന് മോശം അനുഭവവും കയ്യേറ്റ ശ്രമവും ഉണ്ടായത്. കാൻസർ രോഗിയായ വയോധികനോടാണ് ഇത്തരം മോശം പെരുമാറ്റം ഉണ്ടായത്. കണ്ണിന് കാഴ്ചക്കുറവുള്ള അദ്ദേഹം ഒരു ഫോം പൂരിപ്പിച്ച് തരുമോ എന്ന് ചോദിച്ചതിനായിരുന്നു ഡെപ്യൂട്ടി മാനേജരായ നിബിൻ ബാബു എന്ന ഉദ്യോഗസ്ഥൻ മോശം വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തേയും കൂടെയുണ്ടായിരുന്ന ഭാര്യയേയും അപമാനിച്ച് ഇറക്കിവിട്ടത്. തുടർന്ന് അരിശം തീരാഞ്ഞ് പുറത്ത് കസ്റ്റമർ ലോഞ്ചിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ അടുത്തു ചെന്ന് വെല്ലുവിളിയും ഭീഷണിയും മുഴക്കി. ഇത് മറുനാടൻ വാർത്തയാക്കിയതോടെ വിഷയം വലിയ ചർച്ചയായി. നിരവധി പേർ എസ്‌ബിഐയിൽ നിന്ന് നേരിടുന്ന മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തുകയാണ് ഇപ്പോഴും.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ കണ്ടാണ് മറുനാടൻ ഈ വിഷയം അന്വേഷിക്കുന്നത്. എസ്‌ബിഐയുടെ ബ്രാഞ്ച് മാനേജരുമായും ചീഫ് മാനേജർ ശ്യാമുമായും പിആർഒ വേണുഗോപാലുമായും ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും ഈ വിഷയം നിസ്സാരമെന്ന മട്ടിലായിരുന്നു അവരുടെ പ്രതികരണം. എന്നാൽ ഇത്തരം ദുരനുഭവങ്ങൾ ഒട്ടേറെ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇക്കാര്യം ഞങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ലൈവ് ചർച്ചയും നടത്തി. ഇതോടെയാണ് ആയിരങ്ങൾ എസ്‌ബിഐക്ക് എതിരെ നിരവധി പരാതികൾ ഉന്നയിച്ച് രംഗത്തെത്തി. ഇതിനിടെ ഞങ്ങളുമായി ബന്ധപ്പെട്ട് അപമാനിതനായ വയോധികനും അദ്ദേഹത്തിന്റെ മകനും ദുരനുഭവം വ്യക്തമാക്കുകയായിരുന്നു.

ഇന്ന് ബാങ്കിനെതിരെ പ്രതിഷേധവുമായി കോഴഞ്ചേരിയിലെ പൗരാവലിയുമെത്തി. ഇവരുടെ പിന്തുണയും സാമുവലിനും കുടുംബത്തിനുണ്ട്. കൂടെ മറുനാടൻ മലയാളിയിലൂടെ പ്രതികരിക്കുന്ന ആയിരങ്ങളും. നാളെ രാവിലെ ചീഫ് മാനേജർക്കും പരാതി നൽകുമെന്ന് സാമുവൽ മറുനാടനെ അറിയിച്ചു. പൊലീസ് പൂർണ പിന്തുണ അറിയിച്ചെന്നും സിഐക്ക് നൽകിയ പരാതി അദ്ദേഹം എസ്‌ഐക്ക് നൽകിയെന്നും സാമുവൽ പറഞ്ഞു. ഉടൻ നടപടിയുണ്ടാവുമെന്ന് അവർ ഉറപ്പുനൽകിയതായും സാമുവൽ മറുനാടനോട് വ്യക്തമാക്കി.

നിങ്ങൾക്കും ഈ ആ വിഷയത്തിലുള്ള പ്രതികരണം മറുനാടനെ അറിയിക്കാം. ഞങ്ങളുടെ വാട്‌സ് ആപ്പിൽ അയക്കാം. ഇതിനുള്ള നമ്പർ 9946102676 എന്ന നമ്പരിലാണ് നിങ്ങളുടെ പ്രതികരണവും ഇതു സംബന്ധിച്ച ദൃശ്യങ്ങളും അയക്കേണ്ടത്. ഇത് തൽസമയ ചർച്ചയുടെ ഭാഗമായി മറുനാടൻ സംപ്രേഷണം ചെയ്യും. വീഡിയോ അയക്കാൻ കഴിത്തവർക്ക് ശബ്ദം റിക്കോർഡ് ചെയ്ത് നിങ്ങളുടെ പ്രതികരണമായി അയച്ചു തരാം.

ഇതെല്ലാം മറുനാടന്റെ തൽസമയ സംപ്രേഷണത്തിന്റെ ഭാഗമാക്കും. അങ്ങനെ ചർച്ചയെ പ്രേക്ഷക പ്രതികരണത്തിലൂടെ പൂതിയ തലത്തിലേക്ക് എത്തിക്കും. എസ്‌ബിഐ പോലുള്ള ബാങ്കുകളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടേണ്ട മാധ്യമങ്ങൾ നിശബ്ദരാകുന്നത് ശരിയോ എന്നതാണ് മറുനാടൻ ഉയർത്തുന്ന ചോദ്യം. അതിനാലാണ് ഇന്നും മറുനാടൻ ഈ വിഷയം സജീവ ചർച്ചയാക്കുന്നത്.