- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ജു മോസ്‌കോ എന്ന പേരിലെ മോസ്കോയെ കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ കിംസ് മാനേജ്‌മെന്റ് റാഗിംഗാക്കി മാറ്റി; റോജിയുടെ മരണത്തിന് പ്രേരണ നൽകിയത് പ്രിൻസിപ്പൽ സൂസൻ ജോസെന്ന് പരാതി; റോജി റോയിക്ക് നീതി തേടിയുള്ള സമരം ഫേസ്ബുക്ക് വിട്ട് മണ്ണിലിറങ്ങുന്നു
തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും വീണുമരിച്ച നഴ്‌സിങ് വിദ്യാർത്ഥിനി റോജി റോയിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പുറമേ സമര രംഗത്തേക്കിറങ്ങാൻ നഴ്‌സിങ് സംഘടനയും തീരുമാനിച്ചു. റോജിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നഴ്‌സിങ് സംഘടന
തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും വീണുമരിച്ച നഴ്‌സിങ് വിദ്യാർത്ഥിനി റോജി റോയിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പുറമേ സമര രംഗത്തേക്കിറങ്ങാൻ നഴ്‌സിങ് സംഘടനയും തീരുമാനിച്ചു. റോജിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നഴ്‌സിങ് സംഘടനയായ യുഎൻഎയാണ് രംഗത്തെത്തിയത്.
റോജി റോയിയുടെ ദുരൂഹ മരണത്തിന് പിന്നിലെ പ്രേരകശക്തിയെന്ന് ബന്ധുക്കളും പൊതുസമൂഹവും ആരോപിക്കുന്നു കിംസ് നേഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ സൂസൻ ജോസിന്റെ നഴ്‌സിങ് രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നും യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ ആവശ്യപ്പെട്ടു. രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സിങ് രജിസ്ട്രാർ വൽസല പണിക്കർക്ക് യുഎൻഎ കത്തു നൽകുമെന്ന് സംഘടനയുടെ നേതാവ് ജാസ്മിൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
റോജി റോയിയോട് മനുഷ്യത്വ രഹിതമായമായാണ് മാനേജ്‌മെന്റ് പെരുമാറിയതെന്ന് സഹപാഠികളായ വിദ്യാർത്ഥികൾ തന്നെ തന്നോട് പറഞ്ഞതെന്ന് ജാസ്മിൻ ഷാ പറഞ്ഞു. നഴ്‌സിങ് വിദ്യാർത്ഥികൾക്ക് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും മാനേജ്‌മെന്റെ പ്രതികാര നടപടിയെ ഭയന്ന് കഴിയുകയാണ് അവർ. കോളേജിൽ ഒരു നഴ്‌സിങ് വിദ്യാർത്ഥിയുടെ പേര് ചോദിച്ചതുമായുള്ള തർക്കമാണ് മാനേജ്‌മെന്റ് റാഗിംഗെന്ന വിധത്തിൽ വളർത്തിയതെന്നാണ് റോജിയുടെ സഹപാഠികൾ തന്നെ പറഞ്ഞത്. അഞ്ജു മോസ്‌കോ എന്ന വിദ്യാർത്ഥിനിയുടെ പേര് റോജിയും കൂട്ടുകാരികളും ചോദിച്ചിരുന്നു. പേരിലെ കൗതുകം കൊണ്ട് ഒന്ന് ആവർത്തിച്ചു ചോദിച്ചുവെന്ന് മാത്രം. ഇതിനെയാണ് റാഗിംഗായി ആശുപത്രി അധികൃതർ വ്യാഖ്യാനിച്ചതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. എന്നാൽ വിദ്യാർത്ഥികൾ ആദ്യഘട്ടത്തിൽ പരാതി നൽകിയിരുന്നില്ലെന്നാണ് വിദ്യാർത്ഥികൾ തന്നോട് പറഞ്ഞതെന്ന് ജാസ്മിൻ വ്യക്തമാക്കി.
പിറ്റേദിവസം റോജിക്ക് നഴ്‌സിങ് പരീക്ഷയുള്ള ദിവസത്തിന് തലേദിവസമാണ് മാനുഷിക പരിഗണന പോലും നൽകാതെ റോജിയെ നഴ്‌സിങ് കോളേജ് പ്രിൻസിപ്പലും മറ്റുള്ളവരും ചേർന്ന് ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാൽ ഹോസ്റ്റൽ വാർഡനോട് താൻ തെറ്റൊന്നും ചെയ്തില്ലെന്ന് റോജി ആവർത്തിച്ച് പറഞ്ഞിരുന്നു. കോളേജ് ഹോസ്റ്റലിൽ നിന്നും 26 കിലോമീറ്ററോളം അകലെയാണ് കിംസ് നഴ്‌സിങ് ആശുപത്രി. അവിടുത്തെ ഓഫീസിലേക്കാണ് റോജിയെ വിളിപ്പിച്ചത്. പ്രത്യേകം കാർ അയച്ചായിരുന്നു റോജിയെ വിളിപ്പിച്ചത്. തുടർന്ന് ആറോളം പേർ ചേർന്നാണ് റോജിയെ ഭീഷണിപ്പെടുത്തുന്ന വിധത്തിൽ ചോദ്യം ചെയ്തത്.
നഴ്‌സിങ് ഡയറക്ടറും ക്ലാസ് കോഡിനേറ്റർ തുടങ്ങിയവരും റോജിയെ ചോദ്യം ചെയ്തവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അഞ്ചാം നിലയിൽ നിന്നാണ് റോജി ചാടി മരിച്ചത്. വിശദീകരണം എഴുതി നൽകാൻ പറഞ്ഞപ്പോൾ പേപ്പർ എടുക്കാനായി പോയി ചാടി മരിച്ചുവെന്നാണ് ആശുപത്രി അധികൃതരും പറയുന്നത്. റോജിയുടെ മേൽ ഉന്നയിക്കപ്പെട്ട റാഗിങ് ആരോപണങ്ങളെ ചെറുക്കും വിധം വിദ്യാർത്ഥികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ടെന്നും തന്നോട് പറഞ്ഞതായി ജാസ്മിൻ പറഞ്ഞു.
കിംസ് ആശുപത്രിയുടെ മുക്കിലും മൂലയിലും സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചാം നിലയിലും ക്യാമറയുണ്ട്. കിംസ് ആശുപത്രിക്ക് തങ്ങളുടെ വാദം ശരിയാണെന്ന് തെളിയിക്കാൻ സിസി ടിവി ദൃശ്യങ്ങൾ മാത്രം പരിശോധിച്ചാൽ മതിയാകും. റോജിയുടെ സഹപാഠികൾ അടക്കമുള്ളവർക്ക് റോജിക്ക് വേണ്ടി ശബ്ദമുയർത്താൻ ആഗ്രഹമുണ്ട്. എന്നാൽ മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയെ ഭയന്നാണ് ഇവർ പ്രത്യക്ഷത്തിൽ രംഗത്തെത്താത്തത്. കോഴ്‌സ് പൂർത്തിയായാൽ തന്നെ ആറ് മാസത്തോളം വിദ്യാർത്ഥികൾക്ക് 5000 രൂപ സ്റ്റൈപ്പന്റിൽ നിർബന്ധിത പരിശീലനത്തിന് വിധേയരാക്കാറുണ്ട്. അതുകൊണ്ട് തന്നെ റോജിക്ക് വേണ്ടി രംഗത്തിറങ്ങിയാൽ തങ്ങളുടെ സർട്ടിഫിക്കറ്റ് പോലും നൽകാത്ത വിധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന് വിദ്യാർത്ഥികൾ ഭയക്കുകയാണെന്നും ജാസ്മിൻ പറഞ്ഞു.
റോജിയുടെ മൃതദേഹം കാണാൻ പോലും സഹപാഠികളായ വിദ്യാർത്ഥികളെ മാനേജ്‌മെന്റ് സമ്മതിച്ചിരുന്നില്ല. റോജി മരിച്ച അടുത്ത ദിവസം കോളേജിന് നിർബന്ധിത അവധി നൽകുകയും ചെയ്തു. റോജി മരിച്ച ശേഷമാണ് റാംഗിഗ് എന്ന പരാതി അധികൃതർ എഴുതിവാങ്ങിയതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ രാപകൽ കണ്ണുചിമ്മാതെ ജോലി ചെയ്യുന്ന നഴ്‌സിങ് സമൂഹത്തിനു തന്നെ അപമാനകരമായ പ്രവൃത്തിയാണ് കിംസ് ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. റോജിയുടെ ബന്ധുക്കളുടെ ആരോപണങ്ങൾ കണക്കിലെടുത്ത് നഴ്‌സിങ് കോളേജ് പ്രിൻസിപ്പലിനും മാനേജ്‌മെന്റിനുമെതിരെ ഇവർക്കെതിരെ മനപ്പൂർവ്വമുള്ള നരഹത്യക്ക് കേസെടുക്കുകയാണ് വേണ്ടതെന്നും ജാസ്മിൻ ഷാ പറഞ്ഞു.
കേരളം മുഴുവൻ ചർച്ച ചെയ്ത വിഷയമെന്ന നിലയിൽ നഴ്‌സിങ് കൗൺസിൽ ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ള നടപടി സ്വീകരിക്കണമെന്നും യുഎൻഎ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ ഉയർന്ന പ്രക്ഷോഭങ്ങൾ തെരുവിൽ നീട്ടി വിഷയം ഏറ്റെടുക്കാനാണ് നഴ്‌സിങ് സംഘടനയുടെ ശ്രമം. അതിനിടെ കൂടുതൽ രാഷ്ട്രീയക്കാരും റോജിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
റോജി റോയിയുടെ മരണത്തിനുതരവാദികളയായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കടുത്ത മാനസിക സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് ഈ പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുള്ളതെന്നും ടി എൻ സീമ പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ. പ്രത്വേക അന്വേഷണ സംഘം ആ സ്ഥാപനത്തിൽ നടന്ന റാഗ്ഗിങ്ങ്കളെ ക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. സഹപാടികളായ നഴ്‌സിങ് വിദ്യാർത്ഥികളിൽ നിന്നും വിശദമായ മൊഴി എടുക്കുകയും, ഇവിടുത്തെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുകയും വേണം. അന്വേഷണ സംഘത്തിൽ വനിതാ ഉദ്യോഗസ്ഥരുടെ പ്രാധിനിധ്യം ഉറപ്പാക്കണമെന്നും സീമ ആവശ്യപ്പെട്ടു.