- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിൽ നിന്നുള്ള മേസ്തിരിപ്പണിക്കാരനെ കൊണ്ട് വീടും സ്വിമ്മിങ് പൂളും നിർമ്മിച്ച ശേഷം കാശു കൊടുത്തില്ല; പണം കൊടുക്കാതിരിക്കാൻ വ്യാജകരാർ ചമച്ച് കോടതിയെ സമീപിച്ചു; ട്രഷറിയിൽ അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു മുദ്രപ്പത്രമില്ലെന്ന് മറുപടി; മേസ്തിരി കോടതിയെ സമീപിച്ചപ്പോൾ കേസ് എടുക്കാൻ ഉത്തരവ്: സിപിഎം നേതാക്കളുടെ സമ്മർദ ഫലമായി കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകുന്നത് അടൂരിലെ എസ്ഐ സുരേന്ദ്രൻ പിള്ള; പാവം തമിഴ്നാട്ടുകാരനെ കൊള്ളയടിച്ചത് ധനാഢ്യനായ മുതലാളി
അടൂർ: തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു സാധാരണ മേസ്തിരിപ്പണിക്കാരനെ കൊള്ളയടിക്കാൻ ധനാഢ്യനായ കോളജ് ഉടമയും സിപിഎമ്മും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ കഥ പുറത്തു വരുന്നു. തമിഴന്റെ പരാതിയിൽ കോടതി ഉത്തരവ് പ്രകാരം എടുത്ത കേസ് പൊലീസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സിപിഎം നേതാക്കളാണ് ഇതിന് വേണ്ടി ഇടപെടുന്നത്. സഹികെട്ട തമിഴൻ മേസ്തിരി ഇപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ്.
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തി കെട്ടിടം പണി കരാർ എടുത്ത് നടത്തി ഏറത്ത് വയല പുതുശേരി ഭാഗം ദിപേഷ് ഭവനത്തിൽ താമസിക്കുന്ന കുമരേശനാണ് പരാതിക്കാരൻ. കണ്ണങ്കോട് കോയിപ്പുറത്ത് വീട്ടിൽ മോളി തമ്പി, ഭർത്താവ് തമ്പി എന്നിവരാണ് എതിർ കക്ഷികൾ. 2014 ഏപ്രിൽ 14 നാണ് മുരുകേശനും തമ്പി ദമ്പതികളുമായി കെട്ടിട നിർമ്മാണത്തിന് കരാറുണ്ടാക്കിയത്. സ്‌ക്വയർ ഫീറ്റിന് 360 രൂപ നിരക്കിൽ 7000 സ്‌ക്വയർ ഫീറ്റ് കെട്ടിടം നിർമ്മിച്ചു നൽകാം എന്നായിരുന്നു കരാർ. കൂടാതെ 50 സെന്റ് വസ്തുവിൽ സ്വിമ്മിങ് പൂൾ, ചുറ്റുമതിൽ, സെപ്ടിക് ടാങ്ക്, കൽമണ്ഡപം, മഴവെള്ളക്കുഴി എന്നിവ ലേബർ കരാർ വ്യവസ്ഥയിൽ പണിയാമെന്നും ധാരണയുണ്ടായിരുന്നു.
പണികളെല്ലാം 50,46,500 രൂപയ്ക്ക് കുമരേശൻ പൂർത്തിയാക്കി. എന്നാൽ, 27,35,000 രൂപ മാത്രമാണ് തമ്പി ദമ്പതികൾ നൽകിയത്. ശേഷിച്ച 23,11,500 രൂപ നൽകിയില്ലെന്ന് മാത്രമല്ല, എഗ്രിമെന്റ് പ്രകാരം പണി പൂർത്തിയാക്കിയില്ല എന്നാരോപിച്ച് മുരുകേശനെതിരേ കോടതിയെ സമീപിക്കുകയും ചെയ്തു. തെളിവിനായി മുദ്രപത്രത്തിൽ എഴുതിയ കരാർ ഹാജരാക്കുകയും ചെയ്തു. കുമരേശൻ വിവരാവകാശ നിയമപ്രകാരം അടൂർ സബ് ട്രഷറിയിൽ നിന്ന് എടുത്ത രേഖ പ്രകാരം കരാർ വ്യാജമാണെന്ന് തെളിഞ്ഞു.
ഇതിനെതിരേ മുരുകേശൻ ഫയൽ ചെയ്ത സിഎംപിയിൽ കേസ് എടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. ഇതിൻ പ്രകാരം കഴിഞ്ഞ ജനുവരി 15 ന് അടൂർ പൊലീസ് സ്റ്റേഷനിൽ 94/2020 ആയി മോളിക്കും തമ്പിക്കും എതിരേ കേസ് രജിസ്റ്റർ ചെയ്തു. 420, 468 വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയത്. ഗ്രേസ് എസ്ഐ സുരേന്ദ്രൻ പിള്ളയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എന്നാൽ, അതിന് ശേഷം നടപടി ഒന്നുമുണ്ടായിട്ടില്ല. എസ്ഐ സുരേന്ദ്രൻ പിള്ള ഇടയ്ക്കിടെ വിളിച്ച് ഒന്നു രണ്ടു പേപ്പറിൽ ഒപ്പിടണം എന്ന് ആവശ്യപ്പെട്ടു. കുമരേശൻ ഇതിന് തയാറായില്ല. കേസ് എഴുതി തള്ളിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുരുകേശൻ പറയുന്നു. ടയറുമായി ബന്ധമുള്ള ഒരാളാണ് ഇതിന് വേണ്ടി രംഗത്തിറങ്ങിയിട്ടുള്ളത്. ഇയാൾ അടൂർ പൊലീസ് സ്റ്റേഷനിലെ ഇടനിലക്കാരൻ ആയിട്ടാണ് അറിയപ്പെടുന്നത്. പൊലീസിനും കക്ഷികൾക്കുമിടയിൽ ഇടനില നിൽക്കുന്നതും കൈക്കൂലി വാങ്ങി നൽകുന്നതും ഇയാളാണെന്നാണ് ആരോപണം. സിപിഎം ബന്ധമുള്ള ഇയാൾ, മുരുകേശന്റെ പരാതി അട്ടിമറിക്കാനുള്ള നീക്കത്തിന് എസ്ഐയെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും പറയുന്നു.
വ്യാജരേഖ ചമച്ച് തനിക്കെതിരേ കോടതിയെ സമീപിക്കുകയും കിട്ടാനുള്ള പണം നൽകാതിരിക്കുകയും ചെയ്യുന്ന മോളിയും തമ്പിയും എൻജിനീയറിങ് കോളജ് അടക്കമുള്ള ധനാഢ്യരാണെന്ന് മുരുകേശൻ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു. അടൂർ പൊലീസിൽ തനിക്ക് വിശ്വാസമില്ലെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് മുരുകേശൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്