തിരുവനന്തപുരം: ഫാറൂഖ് കോളേജിൽ വിദ്യാർത്ഥിനികളെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ച അദ്ധ്യാപകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. തിരുവനന്തപുരം മണക്കാട് സ്വദേശി പൊതുപ്രവർത്തകനായ ആശിഷ് ടി.എസാണ് പരാതിക്കാരൻ. പരാതി കോഴിക്കോട് റൂറൽ എസ്‌പിക്ക് കൈമാറിയതായി ഡിജിപി അറിയിച്ചു.

ഫറൂഖ് കോളേജിലെ അദ്ധ്യാപകനായ ജവഹർ മുനവറിനെതിരെയാണ് പരാതി.വിദ്യാർത്ഥിനികളുടെ വസ്ത്രധാരണത്തെ അധിക്ഷേപിക്കുകയും,അപമാനിക്കണമെന്ന് ഉദ്ദേശത്തോടും കരുതലോടും കൂടി വത്തയ്ക്ക കഷ്ണം മുറിച്ച വച്ചത് പോലെയുള്ള മാറിടവുമായി കോളേജിൽ നടക്കുകയാണെന്നും സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചു.പ്രസംഗത്തിൽ വിദ്യാർത്ഥിനികളെ അപമാനിക്കും വിധം അശ്ലീല പരാമർശം നടത്തിയിട്ടുണ്ട്.

അദ്ധ്യാപകൻ തന്നെ ഇത്തരത്തിൽ വിദ്യാർത്ഥിനികളെ അപമാനിച്ചതിൽ ദുരൂഹതയുണ്ട്.വിദ്യാർത്ഥിനികൾക്ക് മാനഹാനിയും മനോവിഷമവും ഉണ്ടായ പശ്ചാത്തലത്തിൽ, തെളിവായി പ്രസംഗത്തിന്റെ വീഡിയോ ഹാജരാകാൻ തയ്യാറാണ്.1986 ലെ ഇൻഡീസന്റ് റപ്രസേന്റേഷൻ ഓഫ് വിമൻ ആക്ടിലെ വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരവും ശിക്ഷാർഹമായ കുറ്റമാണ് അദ്ധ്യാപകൻ ചെയ്തിരിക്കുന്നത്.ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഫറൂഖ് കോളേജിൽ ഹോളിയാഘോഷത്തിനിടെയുണ്ടായ അക്രമത്തിന്റെ പേരിൽ മൂന്ന് അദ്ധ്യാപകരടക്കം അഞ്ചുപേർക്കെതിരേ പൊലീസ് കേസ് എടുത്തിരുന്നു. ഈ സംഭവത്തിന്റെ പേരിലുള്ള വിവാദം അടങ്ങുംമുൻപേയാണ് അദ്ധ്യാപകന്റെ വിവാദപ്രസംഗവും പ്രചരിച്ചതും ഇതിനെതിരെ വലിയ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്നതും.

'മുസ്ലിം പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, വത്തക്കയുടെ ചുവപ്പ് കാണിക്കാൻ കഷ്ണം മുറിച്ചുവെക്കുന്നതു പോലെ മാറിടം കാണിക്കുന്നു' എന്നാണ് അദ്ധ്യാപകന്റെ പ്രസംഗം. ഭൂരിപക്ഷവും മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ അവരുടെ വസ്ത്ര ധാരണം മത ശാസനകൾക്ക് വിരുദ്ധമാണ്. പർദ്ദ പൊക്കിപ്പിടിച്ച് ലഗിൻസും കാണിച്ചാണ് പെൺകുട്ടികൾ ക്യാമ്പസിൽ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികൾക്ക് സ്വർഗം ലഭിക്കില്ലെന്നും രക്ഷിതാക്കൾ ബോധവത്ക്കരിക്കണം- ഇങ്ങനെയായിരുന്നു അദ്ധ്യാപകന്റെ ഉപദേശം.

'എൺപത് ശതമാനം പെൺകുട്ടികൾ പഠിക്കുന്ന ഫാറൂഖ് കോളേജിലെ അദ്ധ്യാപകനാണ് ഞാൻ. അതിലും ഭൂരിഭാഗം മുസ്ലിം പെൺകുട്ടികൾ. ഇന്ന് പർദ്ദയുടെ അടിയിൽ ലഗിൻസ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും, കാണാൻ വേണ്ടി. നാട്ടുകാരെ കാണിക്കാൻ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്റ്റൈൽ. മഫ്തയുടെ കാര്യം പറയുകയും വേണ്ട. മഫ്ത കുത്തലില്ല. ഷോളെടുത്ത് ചുറ്റുകയാണ്. മുപ്പത്തിരണ്ട് സ്റ്റെപ്പും ഇരുപത്തിയഞ്ച് പിന്നും ഉണ്ടാകും. ഇടിയൊക്കെ വെട്ടിയാലാണ് പ്രശ്നമുണ്ടാകുക. നിങ്ങളുടെ മാറിടത്തിലേക്ക് മുഖമക്കന താഴ്‌ത്തിയിടണമെന്നാണ്. എന്തിനാണെന്നറിയോ.

പുരുഷനെ ഏറ്റവും ആകർഷിക്കുന്ന സ്ത്രീയുടെ ഭാഗം മാറാണ്. അത് പുരുഷൻ കാണാതിരിക്കാനാണ് മുഖമക്കന താഴ്‌ത്തിയിടാൻ പറഞ്ഞത്. എന്നിട്ടോ നമ്മുടെ പെൺകുട്ടികൾ അത് തലയിൽ ചുറ്റിവെക്കും. മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും. എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്. ഇതേപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. ചുറ്റിക്കെട്ടിയ മഫ്ത ഇസ്ലാമികമല്ല. അങ്ങനെ വസ്ത്രം ധരിക്കുന്നവർ പരലോകവും ഇഹലോകവും ഇല്ലാതാക്കുകയാണ്- അദ്ധ്യാപകൻ പ്രസംഗത്തിൽ പറഞ്ഞു.