തിരുവനന്തപുരം:തലസ്ഥാനത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചട്ടങ്ങൾ മറികടന്ന് ഡയറക്ടർ അഫിലിയേഷൻ നൽകിയത് കേന്ദ്ര അഭ്യന്തര മന്ത്രാലയം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിക്ക്. പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവർ വരെ ബോർഡ് അംഗങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രേഖകൾ ഉണ്ടാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേര് പറഞ്ഞുള്ള തട്ടിപ്പിനെകുറിച്ച് സെൻട്രൽ വിജിലൻസിന് പരാതി നൽകിയിരിക്കുകയാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ജീവനക്കാരൻ. പബ്ലിക്ക് ഹെൽത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (പിഎച്ച്എഫ്ഐ) എന്ന സ്വകാര്യ സ്ഥാപനത്തിന് ചട്ടങ്ങൾ ലംഘിച്ച് അഫിലിയേഷൻ നൽകിയതിലെ കൂടുതൽ ക്രമക്കേടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പിഎച്ച്എഫ്ഐക്ക് അഫിലിയേഷൻ നൽകുന്നതിന് കരാർ ഒപ്പിട്ടത് കേന്ദ്ര സർക്കാരിന്റെ പ്രതിനിധികൾ ഉൾപ്പടെ ഇതിനുള്ളിൽ ഉണ്ടെന്ന ധാരണയിലാണെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വിശദീകരിക്കുന്നുണ്ടെങ്കിലും ഇത് തെറ്റാണെന്ന വിവരാവകാശ രേഖകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡയറക്ടറുടെ വിശദീകരണ കുറിപ്പ് പ്രകാരം പിഎച്എഫ്‌ഐയുടെ ജനറൽ ബോഡിയിൽ കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയ സെക്രട്ടറി,ഡയറക്ടർ ജനറൽ,ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡിജി, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നാമനിർദ്ദേശം ചെയ്ത ഒരംഗം എന്നിവർ എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്.എന്നാൽ, വിവരാവകാശ രേഖകൾ ഇത് തെറ്റാണെന്ന തെളിയിക്കുന്നു.

പിഎച്ച്എഫ്ഐ എന്ന സ്ഥാപനത്തിന് വിദേശത്ത് നിന്ന് ഫണ്ട് വാങ്ങുന്നതിന് ഉൾപ്പടെ വിലക്കുണ്ടെന്നും വിവരാവകാശ രേഖയിൽ പറയുന്നു.ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അഫിലിയേഷൻ നൽകിയ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് സംബന്ധിച്ച കൂടുതൽ ക്രമക്കേടുകളാണ് വിവരാവകാശ രേഖയിലൂടെ പുറത്ത് വന്നിരിക്കുന്നത്.ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ എക്‌സ് ഒഫിഷ്യോ ആക്കിയത് സർക്കാർ അനുമതിയില്ലാതെയെന്ന് വ്യക്തമായി.

ഐ.ഐ.പി.എചിന്റെ മാസ്റ്റർ ഓഫ് ഹെൽത്ത്, പി.എച്.ഡി കോഴ്‌സുകൾക്ക് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അഫിലിയേഷൻ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഐഐപിഎച് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സ്ഥാപനമെന്ന നിലപാടാണ് ആ ഘട്ടത്തിൽ ശ്രീ ചിത്ര അധികൃതർ എടുത്തത്. എന്നാൽ ശ്രീ ചിത്രയുടെ ഈ വാദഗതിയെ ഖണ്ഡിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐ.ഐ.പി.എച്ചിന്റെ മാതൃസ്ഥാപനമായ പി.എച്.എഫ്.ഐ യിൽ ആരോഗ്യമന്ത്രാലയ സെക്രട്ടറി ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ എക്‌സ് ഒഫിഷോ ആക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന കാര്യം വിവരാവകാശ പ്രകാരം ആരോഗ്യമന്ത്രാലയത്തിൽ തിരക്കിയിരുന്നു. അത്തരമൊരു ഉത്തരവൊന്നും ഇല്ലെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള മറുപടി

ഇതോടെ ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ എക്‌സ് ഒഫിഷോ ആക്കിയ ഐ.ഐ.പി.എചിന്റെ നടപടി സംശയത്തിലാവുകയാണ്. ഇതിനിടെ വിദേശ ഫണ്ട് കൈകാര്യ ചെയ്തതിലെ പ്രശ്‌നങ്ങൾ കാരണം ഐ.ഐ.പി.എചിന് വിദേശ സംഭാവന സ്വീകരിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ വിലക്കുകയും ചെയ്തു. ഇത്രയും ക്രമക്കേടുകളുള്ള സ്ഥാപനത്തിനാണ് നടപടി ക്രമങ്ങൾ പാലിക്കാതെ ശ്രീ ചിത്ര അഫിലേഷൻ നൽകിയത്. ശ്രീ ചിത്രയുടെ നടപടിയെ കൂടുതൽ സംശയത്തിലാക്കുന്നതാണ് ഐ.ഐ.പി.എച് സംബന്ധിച്ച് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

പിഎച്ച്എഫ്ഐയുടെ മാസ്റ്റർ ഓഫ് പബ്ലിക്ക് ഹെൽത്, പിജി ഡിപ്ലോമ എന്നീ കോഴ്സുകൾ നടത്തുന്നതിനാണ് അഫിലിയേഷൻ നൽകിയത്. ഇതിന് പുറമേ കോഴ്സ് സർട്ടിഫിക്കറ്റ നൽകേണ്ടത് ശ്രീ ചിത്രയാണ് എന്നും കരാറിൽ പറയുൂന്നുണ്ട്. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ആശ കിഷോർ ചുമതലയേറ്റ ശേഷമാണ് ഔട്ട് ഓഫ് അജണ്ഡയായി അഫിലിയേഷൻ നൽകിയത്.2014ൽ അന്നത്തെ ഡയറക്ടർക്ക് അഫിലിയേഷൻ സംബന്ധിച്ച് കത്തയച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. പിന്നീട് 2015ൽ ആശ കിഷോർ സ്ഥാനമേറ്റ ശേഷമാണ് ഈ അഫിലിയേഷൻ നൽകിയത്.ഇവർ സ്ഥാനമേൽക്കുന്നതിന് മുൻപും പിഎച്എഫ്ഐയുടെ ആവശ്യം നിരസിക്കപ്പെട്ടിരുന്നു.

പിഎച്ച്എഫ്ഐ ആവശ്യപ്പെട്ടത് എംപിഎച്ച്, പിജി ഡിപ്ലോമ എന്നീ കോഴ്സുകളായിരുന്നിട്ടും എംപിഎച്ച് പിഎച്ച്ഡി എന്നിവയ്ക്കാണ് മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് സൈൻ ചെയ്തത്. ഇതിന് പുറമെ മെഡിക്കൽ കോഴ്സാണെന്ന് 2011ൽ വിജ്ഞാപനമിറങ്ങിയിട്ടും എഞ്ചിനീയറിങ്, മാനേജ്മെന്റ് ലോ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകിയിരുന്നു. ഇതിന് പുറമെ കോഴ്സ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ എവിടെയാണ് പഠനം പൂർത്തിയാക്കിയത് എന്നും വ്യക്തമാക്കിയിരുന്നില്ല.

ശ്രീചിത്രാ ഡയറക്ടറുടെ വിശദീകരണ കുറിപ്പ്‌