- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജിയിലും രക്ഷയില്ലാതെ ജോസ്ഫൈൻ; വനിതാ കമ്മീഷൻ മുൻ അധ്യക്ഷക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്; പീഡനപരാതി നൽകിയ യുവതിയെ ജോസഫൈൻ പൊതുസ്ഥലത്തുവെച്ച് അപമാനിച്ചെന്ന് ആരോപണം; പരാതിയുമായി രംഗത്ത് വന്നത് വയനാട് സ്വദേശിനി; തന്നെ കേൾക്കുന്നതിന്ന പകരം ജോസ്ഫൈൻ പ്രധാന്യം നൽകിയത് ആരോപണ വിധേയനെ കേൾക്കാനായിരുന്നുവെന്നും യുവതി
തിരുവനന്തപുരം: ടെലിഫോൺ പരിപാടിക്കിടെ പരാതിക്കാരിയോട് അപരമ്യാദയായി പെരുമാറിയെന്ന ആക്ഷേപത്തെത്തുടർന്ന് വനിത കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടി വന്ന ജോസ്ഫൈന് രാജിയിലും രക്ഷയില്ല. രാജിവെച്ചതോടെ മുൻ അധ്യക്ഷക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വയനാട് സ്വദേശിനിയായ ഷൈനി എന്ന യുവതിയാണ് മുൻ അധ്യക്ഷക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.ജോസഫൈൻ പൊതുസ്ഥലത്തുവെച്ച് അപമാനിച്ചെന്നാണ് ഷൈനിയുടെ പരാതി. പരാതി പറയാൻ പോയ തന്നോട് ജോസഫൈൻ മോശമായി പെരുമാറിയെന്നും ഷൈനി പറയുന്നു.
2018ൽ ഭർത്താവും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് മർദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും സ്വത്ത് തട്ടിയെടുത്തുവെന്നും ചൂണ്ടിക്കാട്ടി വനിതാ കമീഷന് ഷൈനി പരാതി നൽകിയിരുന്നു. അദാലത്ത് വേളയിൽ പരാതിക്കാരിയെ കേൾക്കുന്നതിന് പകരം സിപിഎം പ്രവർത്തകനും സർക്കാർ ജീവനക്കാരനുമായ ഭർത്താവിന്റെ പരാതിയാണ് വനിതാ കമീഷൻ ആദ്യം കേട്ടത്.പരാതിക്കാരി താനാണെന്നും എന്നോട് ആദ്യം വിവരങ്ങൾ ആരായണമെന്നും ജോസഫൈനോട് ആവശ്യപ്പെട്ടപ്പോൾ മേശയിൽ ശക്തിയായി ഇടിച്ച അധ്യക്ഷ മിണ്ടാതിരിക്കൂവെന്ന് പറഞ്ഞ് തട്ടിക്കയറിയെന്നും യുവതി പറയുന്നു. ആളുകളുടെ മുമ്പിൽവെച്ച് അധ്യക്ഷ അപമാനിക്കുകയാണ് ചെയ്തതെന്ന് ഷൈനി പറഞ്ഞു.
ഈ സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് താൻ ഇതുവരെ മോചിതയായിട്ടില്ല. വനിതാ കമീഷൻ കാരണം വലിയ മാനസിക പീഡനമാണ് താൻ അനുഭവിച്ചത്. കുടുംബ ജീവിതം തകർന്നു. ഇപ്പോഴും നീതി കിട്ടാതെയാണ് താൻ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതെന്നും ഷൈനി പറയുന്നു.
നേരത്തേയും ജോസഫൈന്റെ ധിക്കാരം നിറഞ്ഞ പെരുമാറ്റത്തിൽ സിപിഎം നേതൃത്വത്തിന് പരാതികൾ ലഭിച്ചിരുന്നു.എന്നാൽ സ്ത്രീകൾ ഇരകളാക്കപ്പെടുന്ന സംഭവങ്ങൾ കത്തിനിൽക്കെയായിരുന്നു വനിത കമീഷൻ അധ്യക്ഷയുടെ അനുചിത മറുപടി എന്നതും വിഷയത്തെ കൂടുതൽ ഗൗരവമുള്ളതാക്കി.ഇതോടെയാണ് ജോസ്ഫൈന് രാജിവെക്കേണ്ടി വന്നത്. എങ്കിലും രാജിയിലും തീരുന്നതല്ല മുൻ അധ്യക്ഷക്കെതിരെയുള്ള പരാതി എന്നാണ് നിലവിലെ സംഭവങ്ങൾ വ്യക്തമാക്കുന്നത്.
ചാനൽ അഭിമുഖത്തിൽവെച്ച് പരാതിക്കാരിയോട് മോശമായി പ്രതികരിച്ച സംഭവം വിവാദമായതോടെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എം.സി. ജോസഫൈൻ വനിത കമീഷൻ അധ്യക്ഷപദവി രാജിവെച്ചത്. ചാനൽ പരിപാടിയിലേക്ക് വിളിച്ച യുവതി, പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് അറിയിച്ചപ്പോൾ 'എന്നാ പിന്നെ അനുഭവിച്ചോ' എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് ജോസഫൈനെ കുടുക്കിയത്.
മറുനാടന് മലയാളി ബ്യൂറോ