തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് പുല്ലുവില കൽപ്പിക്കുന്ന സമീപനമാണ് മിക്ക വൻകിട കച്ചവടക്കാരിൽ നിന്നും ഉണ്ടാകാറുള്ളത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പെരുകി വരുന്ന പരാതികൾ. മിക്ക വൻകിട കമ്പനികളും ഉപഭോക്താവിനാണ് പ്രാധാന്യം എന്ന മട്ടിൽ പരസ്യങ്ങൾ അനവധി വിപണിയിലെത്തിക്കുന്നുണ്ടെങ്കിലും ഇത്തരം വാചകങ്ങൾ മിക്കപ്പോഴും പരസ്യങ്ങളിൽ മാത്രം ഒതുങ്ങുന്നു എന്നതാണ് വാസ്തവം.

പരസ്യങ്ങളിൽ പറയുന്ന പോലെയുള്ള സേവനങ്ങളോ ഗുണനിലവാരമോ ഒന്നും തന്നെ ഭൂരിഭാഗം ഉപഭോക്താക്കൾക്കും ലഭിക്കുന്നില്ല. പരസ്യങ്ങൾക്കായി ലക്ഷങ്ങൾ പൊട്ടിക്കുന്ന ഇത്തരം കമ്പനികൾ ഉപഭോക്താവിന്റെ നിസാര പരാതികൾക്ക്‌പോലും ചെവികൊടുക്കാറില്ല എന്നതാണ് ഇത്തരം പരാതികളിൽ നിന്നും വ്യക്തമാകുന്നത്.1986ൽ പാർലമെന്റ് പാസ്സാക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലനിൽക്കുമ്പോഴും കോടതി നടപടികളിലേക്ക് ഉപഭോക്താവ് പോയാൽ മാത്രമേ കുറച്ചെങ്കിലും നീതി ലഭിക്കുകയുള്ളു എന്ന അവസ്ഥയാണ്. ഉപഭോക്താവിനെതിരെയുള്ള ചൂഷണം തടയുക, ഉൽപ്പന്നത്തിന്റെ വില, ഗുണനിലവാരം, അളവ് എന്നിവ കൃത്യമായിരിക്കുക തുടങ്ങിയവ ഉറപ്പു വരുത്തുക എന്നതാണ് ഉപഭോക്തൃ സംരക്ഷണ നിയമം ലക്ഷ്യം വെക്കുന്നത്.

ഉപഭോക്താവ് നിയമനടപടിയുമായി മുന്നോട്ട് പോയാൽ നീതി ലഭിക്കുന്നു. അതായത് നിയമ നടപടികളുടെ നൂലാമാലകളിൽ പെട്ട് സമയം പാഴാക്കാൻ തയ്യാറല്ലെന്ന സമൂഹത്തിന്റ പൊതുവായ മനോഭാവത്തെയാണ് വൻകിട കച്ചവടക്കാർ മുതലെടുക്കുന്നത് എന്ന് വളരെ എളുപ്പം ആർക്കും മനസ്സിലാകും. ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നാമേവരേയും സംബന്ധിച്ചിടത്തോളം സ്മാർട്ട് ഫോണില്ലാതെ ജീവിക്കാനാകില്ല എന്ന അസ്ഥയാണ് നിലവിലുള്ളത്. വിവിധ കമ്പനികളുടെ അനേകം ബ്രാന്റുകൾ വിപണിയിൽ സജീവവുമാണ്. എന്നാൽ ഫോൺ വിൽക്കുന്ന സമയത്ത് കസ്റ്റമറിനോട് കാണിക്കുന്ന അനുഭാവമൊന്നും പിന്നീട് അതേ ഫോൺ സർവീസിന് നൽകുമ്പോൾ ലഭിക്കില്ല. സ്മാർട്‌ഫോണുകൾ സംബന്ധിച്ചാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഏറ്റവും അധികം പരാതികൾ ലഭിക്കുന്നതെന്നാണ് വിവരാവകാശ രേഖകൾ.

മറുനാടനു ലഭിച്ച രേഖകൾ പ്രകാരം കഴിഞ്ഞ ആറു മാസത്തിനുള്ളിൽ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിനു മുൻപാകെ നാൽപതോളം പരാതികളാണ് സ്മാർട്ട് ഫോണുകളുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്നത്. ഇതിൽ തന്നെ 25 പരാതികളാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ കമ്പനിയായ മൈക്രോമാക്‌സിനെതിരെ ഫോറത്തിനു മുൻപാകെ ലഭിച്ചത്. ഇതിൽ ഭൂരിഭാഗവും മൈക്രോമാക്‌സിന്റെ സേവനങ്ങളെ കുറിച്ചുള്ള പരാതികളാണ്. എന്നാൽ ഇത്രയധികം കേസുകൾ കമ്പനിക്കെതിരെ ഉണ്ടായിട്ടും ഒരു കേസിൽപ്പോലും ഫോറത്തിനു മുമ്പാകെ കമ്പനി ഹാജരായിട്ടില്ല. സാംസങ്ങ് ഫോണുകൾക്കെതിരെ 13 പരാതികളാണ് ഇതേ കാലയളവിൽ ലഭിച്ചത്. ഇതിൽ മൂന്നെണ്ണം മാത്രമാണ് ഒത്ത്തീർപ്പാക്കിയത്.

സ്മാർട്‌ഫോണുകൾ വാങ്ങി തൊട്ടടുത്ത ദിവസം തന്നെ ഉപയോഗ ശൂന്യമായതിനു പോലും കാശ് മുടക്കി സർവീസ് ചെയ്യേണ്ടി വന്നതു മുതൽ ഫോണിന്റെ വാറന്റി കാലാവധി തീരുന്നതുവരെ ഫ്രീ സർവീസ് മുടക്കുന്നതിനായി മൂന്നു മാസത്തോളം റിപ്പയർ വൈകിപ്പിച്ച് ഫോൺ സർവീസ് സെന്ററിൽ സൂക്ഷിച്ചതായും പരാതികളുണ്ട്. മൊബൈൽ വാങ്ങുന്നതിനൊപ്പം ഇല്ലാത്ത ഓഫറിന്റെ പേരിൽ മൊബൈൽ ഫോൺ ഇൻഷുറൻസ് വിൽക്കുന്ന വാർത്ത നേരത്തെ മറുനാടൻ മലയാളി പുറത്തുകൊണ്ട് വന്നിരുന്നു.

തിരുവനന്തപുരം എംജി റോഡിലെ പോത്തീസ് ഷോപ്പിങ് സെന്ററിലാണ് വ്യാജ ഇൻഷുറൻസ് ഉപഭോക്താക്കലെ അടിച്ചേൽപ്പിച്ചിരുന്നത്. പതിനഞ്ചോളം പരാതികളാണ് പോത്തീസിനെതിരെ ലഭിച്ചത്. പോത്തീസിൽ നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരമില്ലെന്ന പരാതിയാണ് ഫോറത്തിനുമുൻപാകെ ലഭിച്ചവയിൽ അധികവും. നൽകുന്ന വിലയ്‌ക്കോ പറയപ്പെടുന്ന സേവനങ്ങൾ നടപ്പാക്കുന്നതിലോ പോത്തീസ് ശ്രദ്ധിക്കാറില്ലെന്ന പരാതികളും വ്യാപകമാണ്.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഉൾപ്പടെ വിവിധ കമ്പനികളുടെ മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ 26 കേസുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഇൻഷുറൻസ് കമ്പനികൾക്കെതിരെ അഭിഭാഷകരുൾപ്പടെയുള്ളവരാണ് ഫോറത്തെ സമീപിച്ചത്.ടെലിവിഷൻ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ വാറന്റി കാലാവധി അവസാനിച്ച് മാസങ്ങൾക്കുള്ളിൽ വാങിയ വിലയുടെ 70%നു മുകളിൽ ആവശ്യപ്പെടുകയും നിയമനടപടിക്കൊരുങ്ങിയപ്പോൾ യഥാർഥ നിരക്കിൽ ശരിയാക്കി നൽകിയ വാർത്തയും നേരത്തെ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

നൂലാമാലകളെ ഭയന്ന് പ്രതികരിക്കാതിരിക്കുന്ന സമൂഹമാണ് ഇത്തരം അനീതികൾ നടത്താൻ കമ്പനികൾക്ക് പ്രചോദനമാകുന്നത്. പ്രതികരിക്കുകയെന്നത് മാത്രമാണ് ഇത്തരം അനീതികൾ ഒഴിവാക്കാനുള്ള ഏക മാർഗം.