തിരുവനന്തപുരം: ഈ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ നടപ്പിലാക്കുമെന്ന് സർക്കാർ. ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുക. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. അവശ്യ സർവീസുകൾക്കു മാത്രമേ പ്രവർത്തനാനുമതി ഉണ്ടാകൂ. യാത്രകൾക്കു കടുത്ത നിയന്ത്രണം ഉണ്ടാകും. സ്വാതന്ത്യ ദിനത്തിലും ഓണത്തിനും ഞായറാഴ്ച ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. ഞായറാഴ്ചയുള്ള ലോക്ഡൗൺ തുടരാനാണ് തീരുമാനമെന്നറിയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേരുന്നുണ്ട്. അതിന് ശേഷമാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയെങ്കിലും ജനങ്ങൾക്ക് മുന്നൈാരുക്കം നടത്തുന്നതിന് വേണ്ടിയാണ് നേരത്തെ പ്രഖ്യാപിച്ചത്. ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വീണ്ടും ഗണ്യമായ വർധനവ് രേഖപ്പെടുത്തുന്നത് കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.

കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് പ്രതിദിന കേസുകൾ 30,000ന് മുകളിലാണ്. ടിപിആറും കൂടിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ പൊതുഗതാഗതം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കും. ടിപിആർ പത്തൊൻപതിന് മുകളിലാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു

അതേസമയം, ആഭ്യന്തരയാത്രകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുതുക്കി.രണ്ടുഡോസ് വാക്സിൻ സ്വീകരിച്ച് പതിനഞ്ചുദിവസം കഴിഞ്ഞ് രോഗലക്ഷങ്ങളില്ലാത്തവർക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആർ ടി പി സി ആർ പരിശോധന വേണ്ടെന്നാണ് പുതുക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നത്. സംസ്ഥാനാന്തര യാത്രാ വിലക്കും ഉണ്ടാവില്ല. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കിയിരുന്നു.പുതിക്കിയ മാർഗനിർദ്ദേശം പുറത്തുവന്നതോടെ ഇനി പരിശോധനകളില്ലാതെ തന്നെ ഈ സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യാൻ കഴിയും.

ആഭ്യന്തര വിമാനയാത്രികർക്ക് പി പി ഇ കിറ്റ് ആവശ്യമില്ലെന്നുള്ളതാണ് മാർഗ നിർദ്ദേശത്തിലെ മറ്റൊരു സുപ്രധാന ഇളവ്. നിലവിൽ മൂന്നുസീറ്റുകളുടെ നിരയിൽ നടുവിൽ ഇരിക്കുന്ന യാത്രക്കാരൻ പിപിഇ കിറ്റ് ധരിക്കണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു.കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. ഇപ്പോൾ കേരളത്തിൽ മാത്രമാണ് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത്. രാജ്യത്ത് ഇപ്പോഴുള്ള രോഗികളിൽ പകുതിയിലേറെയും കേരളത്തിലാണ്.