കോഴിക്കോട്: ബേപ്പൂരിന്റെ സമഗ്രവികസനത്തിനായി 'ബേപ്പൂർ മലബാറിന്റെ കവാടം' എന്ന പേരിൽ സമഗ്ര പദ്ധതി ആവിഷ്‌കരിക്കാൻ തീരുമാനം. മണ്ഡലത്തിലെ എംഎൽ എ കൂടിയായ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലക്ഷദ്വീപുമായുള്ള ബേപ്പൂരിന്റെ ബന്ധം തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന ആരോപണത്തിനിടെയാണ് നടപടി.

ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കം മംഗലാപുരം തുറുമുഖം വഴിയാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്നാണ് സംസ്ഥാന സർക്കാറിന്റെ ആരോപണം. ഇതേ സമയം ബേപ്പൂരിൽ അടിസ്ഥാന സൗകര്യം ഇല്ലാത്തതു കൊണ്ടാണ് കപ്പലുകൾ മംഗലാപുരത്തേക്ക് പോകുന്നതെന്നാണ് ബിജെപി നേതാക്കൾ വിശദീകരിക്കുന്നത്. ബേപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ സാധ്യമായ എല്ലാവിധ പ്രവർത്തനങ്ങളും നടത്തുമെന്ന് ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിഷയം പഠിച്ച് അഭിപ്രായങ്ങളെല്ലാം ഉൾപ്പെടുത്തി സമയബന്ധിതമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. ബേപ്പൂർ തുറമുഖം, ഹാർബർ, വിനോദ സഞ്ചാരം എന്നിവയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്.

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തികൊണ്ടായിരിക്കും മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിതിനായി സോഷ്യൽ മീഡിയ വഴി അഭിപ്രായ സമാഹരണം നടത്തും. കാലതാമസം വരുത്താനെ തുടർയോഗങ്ങൾ ചേർന്ന് അന്തിമ രൂപം തയ്യാറാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര പ്രാധാന്യത്തോട് കൂടി വികസനപ്രവൃത്തികൾക്ക് തുടക്കമിടുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും പറഞ്ഞു.

'ബേപ്പൂർ മലബാറിന്റെ കവാടം' പദ്ധതിയുടെ കരട് രൂപ രേഖ യോഗത്തിൽ അവതരിപ്പിച്ചു. 680 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. സംയോജിത വികസനത്തിനായി പദ്ധതിയെ തുറമുഖവും അനുബന്ധ വികസനവും, ഹാർബറും അനുബന്ധ വികസനവും, ഉത്തരവാദിത്ത ടൂറിസം, കമ്മ്യൂണിറ്റി വികസന പദ്ധതി എന്നീ നാല് മേഖലകളായി തരംതിരിച്ചിട്ടുണ്ട്. തുറമുഖ അനുബന്ധ വികസനത്തിൽ തുറമുഖ വികസനം, ഡ്രെഡ്ജിങ്, സമുദ്ര പരിശീലന സ്ഥാപനം എന്നിവക്ക് ഊന്നൽ നൽകും. റോഡ് വീതികൂട്ടൽ, റെയിൽ കണക്റ്റിവിറ്റി, കണ്ടെയ്നർ ടെർമിനൽ തുടങ്ങിയവ ഇതിന്റെ ഭാഗമാകും.

ഹാർബർ അനുബന്ധ വികസനത്തിൽ അന്താരാഷ്ട്ര ഫിഷിങ് ഹാർബർ, ഫിഷിങ് സ്‌കിൽ ഡെവലപ്മെന്റ് സെന്റർ, കിൻഫ്ര മറൈൻ ഫിഷറീസ് പാർക്ക്, ബോട്ട് നിർമ്മാണ - റിപ്പയറിങ് സെന്റർ തുടങ്ങിയ പദ്ധതികളുണ്ടാവും. ഉത്തരവാദിത്ത ടൂറിസം വികസന മേഖലയിൽ ടൈൽ ഫാക്ടറികളെ ഉപയോഗപ്പെടുത്തിയുള്ള വികസനവും മാരിടൈം മ്യൂസിയവും ഉരു മ്യൂസിയവും, നദീതീരം കേന്ദ്രീകരിച്ച് ഹോംസ്റ്റേകൾ, കാക്കത്തുരുത്ത് ദ്വീപ് ടൂറിസം, കണ്ടൽ ടൂറിസം, ചാലിയം ഭാഗത്തോട് ചേർന്ന് ലൈറ്റ് ആൻഡ് ലേസർ ഷോ തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്.
കമ്മ്യൂണിറ്റി വികസന പദ്ധതിയിൽ കടൽ മണ്ണൊലിപ്പ് തടയാനുള്ള നടപടികൾ, വീട് നിർമ്മാണം, ഫുട്ബോൾ സ്റ്റേഡിയം, പ്രാദേശിക കരകൗശവും നൈപുണ്യവും തുടങ്ങിയവ ലക്ഷ്യമിടുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ ഡിസൈനേർസ് ഇന്ത്യയുടെ കേരള ചാപ്റ്റർ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ കരട് രേഖ തയ്യാറാക്കിയത്. തുറമുഖവും ഹാർബറും മന്ത്രിമാർ സന്ദർശിച്ചു.യോഗത്തിൽ എം.കെ രാഘവൻ എംപി, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സാംബശിവ റാവു, കോർപ്പറേഷൻ കൗൺസിലർ കൃഷ്ണ കുമാരി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. ലക്ഷദ്വീപിൽ നിന്നുള്ള ചരക്കു നീക്കം പൂർണമായും ബേപ്പൂർ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങൾ കേരള സർക്കാർ ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാ കപ്പൽ സർവ്വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണ്. ദ്വീപിലേക്ക് കൂടുതൽ യാത്രാക്കപ്പലുകൾ അനുവദിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.