റിയാദ്: എയർപോർട്ടിലെ കമ്പ്യൂട്ടർ സംവിധാനത്തിൽ വന്ന പിഴവ് 12 അന്താരാഷ്ട്ര വിമാന സർവീസ് റദ്ദാക്കുന്നതിന് കാരണമായി. കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലാണ് കമ്പ്യൂട്ടർ സംവിധാനത്തിൽ പിഴവ് കടന്നുകൂടിയത്.

ഇൻഫോർമേഷൻ നെറ്റ് വർക്കിൽ വന്ന തകരാർ മൂലം എയർപോർട്ടിന്റെ മൊത്തം പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്നും എയർപോർട്ട് അധികൃതർ വെളിപ്പെടുത്തി. നാലു മണിക്കൂറോളം നീണ്ടു നിന്ന പിഴവു മൂലം യാത്രക്കാരുടെ യാത്രാ രേഖകൾ തയാറാക്കുന്നതിലും മറ്റും തടസങ്ങൾ സൃഷ്ടിക്കുകയായിരുന്നു. എയർപോർട്ട് പ്രവർത്തനങ്ങളെ അക്ഷരാർഥത്തിൽ നിശ്ചലമാക്കിക്കൊണ്ട് ഇൻഫർമേഷൻ സംവിധാനം തകരാറിലായത് അധികൃതരെ കുറച്ചൊന്നുമല്ല വലച്ചത്.

അന്താരാഷ്ട വിമാന സർവീസുകളെ ഇത് ഏറെ ബാധിച്ചതിനാൽ പിന്നീട് എയർലൈനുകൾ ഷെഡ്യൂൾ ക്രമീകരിച്ച് യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുകയായിരുന്നു.