ആലപ്പുഴ: പനിമരണം ബാധിച്ച് മരിച്ച സി.പി.എം കുടുംബാംഗമായ യുവാവിന്റെ മരണം മദ്യപാനംകൊണ്ട് ഉണ്ടായ മരണമായി ചിത്രീകരിച്ച ദേശാഭിമാനിയുടെ വാർത്തയ്‌ക്കെതിരെ വൻ പ്രതിഷേധമുയരുന്നു. സംസ്ഥാനത്ത് പനിമരണം കൂടുന്നത് സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുമെന്നു കണ്ട് മനപ്പൂർവം ദേശാഭിമാനി ഈ മരണത്തെ പനിമരണമല്ലെന്നും മറിച്ച് മദ്യപാനംകൊണ്ട് ഉണ്ടായ മരണമാണെന്നും ചിത്രീകരിക്കുകയായിരുന്നു എന്നാണ് ആക്ഷേപം.

ഇക്കാര്യം വ്യക്തമാക്കി സഹോദരന്റേയും ബന്ധുമിത്രാദികളുടേയും വീഡിയോ സഹിതം കെഎം ഷാജഹാൻ വീഡിയോ ഫേസ്‌ബുക്കിൽ നൽകിയതോടെ വിഷയം വലിയ ചർച്ചയായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ കഞ്ഞിക്കുഴി നിവാസിയായ ലോറി ഡ്രൈവർ ജയപ്രസാദ് മരിച്ചത്. പ്രമുഖ പത്രങ്ങളെല്ലാം മരണം പനിമൂലമാണെന്ന് റിപ്പോർട്ട് ചെയ്തപ്പോൾ സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ ഇത് മദ്യപന്റെ മരണമായാണ് ചിത്രീകരിക്കപ്പെട്ടത്. മദ്യപാനം നിർത്തുമ്പോൾ ഉണ്ടാകുന്ന വിത്‌ഡ്രോവൽ സിംപ്റ്റംകൊണ്ടാണ് ജയപ്രസാദിന്റെ മരണമെന്നാണ് വാർത്ത നൽകിയത്.

പക്ഷേ, ഇത് സി.പി.എം കുടുംബമായ ജയപ്രസാദിന്റെ വീട്ടുകാരെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ഇക്കാര്യമാണ് അവർ വീഡിയോയിയിൽ പ്രകടിപ്പിക്കുന്നത്. ദേശാഭിമാനി കാണിച്ച നെറികേടിനെതിരെ വൻ പ്രതിഷേധമാണ് ഇതോടെ ഉയരുന്നത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ജയപ്രസാദിന്റെ സഹോദരൻ വിപിൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു എന്നിരിക്കെ ഇത്തരമൊരു വാർത്ത വന്നത് വലിയ പ്രതിഷേധമായിരിക്കുകയാണ് നാട്ടിൽ.

ആ കുടുംബത്തിന് ഇത് വലിയ അപമാനമായി മാറിയെന്ന പ്രതികരണങ്ങളും ഇതോടെ ഉയരുന്നുണ്ട്. തന്റെ സഹോദരൻ പനിബാധിച്ചാണ് മരിച്ചതെന്ന് വ്യക്തമാക്കുന്ന ഡോക്ടറുടെ കുറിപ്പും മറ്റു പത്രങ്ങളിൽ മരണം സംബന്ധിച്ച് വന്ന റിപ്പോർട്ടുകളും ഉയർത്തിക്കാട്ടിയാണ് ജയപ്രസാദിന്റെ സഹോദരനും ബന്ധുക്കളും മിത്രങ്ങളും ചേർന്ന് വീഡിയോയിൽ പ്രതികരിക്കുന്നത്. ആദ്യം മറ്റു പത്രങ്ങൾ പനിമരണമായി ജയപ്രസാദിന്റെ മരണം റിപ്പോർട്ട് ചെയ്തപ്പോൾ ദേശാഭിമാനി സാധാരണ ചരമമായാണ് ഇത് നൽകിയത്. എന്നാൽ 23ന് വീണ്ടും മറ്റൊരു വാർത്ത നൽകി. മറ്റു പത്രങ്ങളിൽ വന്ന വാർത്ത തെറ്റാണെന്നും മദ്യപാനാസക്തനായ ഒരാൾ മദ്യപാനം നിർത്തിയാൽ ഉണ്ടാകുന്ന പ്രശ്‌നം കാരണമാകാം മരണമെന്ന് ഡിഎംഒ പറഞ്ഞതായും ആയിരുന്നു ആ റിപ്പോർട്ട്.

താൻ ബലിയിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരമൊരു വാർത്തയെപ്പറ്റി അറിഞ്ഞതെന്നും എന്റെ പാർട്ടി എന്നോടും കുടുംബത്തോടും ചെയ്തത് ഇതാണെന്നും സഹോദരൻ പറയുന്നു. മാത്രമല്ല, ലോക്കൽ നേതാക്കൾപോലും വീട്ടിലേക്ക് വന്നില്ലെന്നും അവർ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ആരും എത്തിയില്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഒരു സഖാവിനും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് സഹോദരന്റെ പ്രതികരണം.

ഇവരുടെ വാക്കുകൾ സഹിതം കെഎം ഷാജഹാനാണ് ഫേസ്‌ബുക്ക് പോസ്റ്റ് നൽകിയത്. വീഡിയോയ്‌ക്കൊപ്പം ഇക്കാര്യത്തിൽ ഒരു കുറിപ്പും ഷാജഹാൻ നൽകുന്നുണ്ട്.

കുറിപ്പ് ഇപ്രകാരം:

വരും ദിനങ്ങളിൽ സംസ്ഥാനത്ത് പനിമരണം കുറയുമെന്നുറപ്പ്. അതിനുള്ള പണി സി പി എം മുഖപത്രമായ 'ദേശാഭിമാനി' ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിൽ താമസിക്കുന്ന ലോറി ഡ്രൈവറായ ജയപ്രസാദ് എന്ന ചെറുപ്പക്കാരൻ പനി ബാധിച്ച് മരിച്ചത്. എല്ലാ പത്രങ്ങളും അക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ജില്ലയിൽ നിന്ന് പനിമരണം റിപ്പോർട്ട് ചെയ്തത് പിണറായി സർക്കാരിന് നാണക്കേടുണ്ടാക്കും എന്ന തിരിച്ചറിഞ്ഞ ദേശാഭിമാനി ജയപ്രസാദിനെ മദ്യപാനിയാക്കി. ജയപ്രസാദ് മരിച്ചത് പനി മൂലമല്ലെന്നും, മദ്യപാനം നിർത്തുമ്പോൾ ഉണ്ടാകുന്ന വിത്‌ഡ്രോവൽ സിൻഡ്രത്തിന്റെ ഭാഗമായാണ് എന്നും ദേശാഭിമാനി പിറ്റേന്ന് വ്യക്തമാക്കി. പക്ഷേ ഈ വാർത്ത കണ്ട് ജയപ്രസാദിന്റെ കുടുംബം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി . ജയപ്രസാദിന്റെ കുടംബം സമ്പൂർണ്ണമായി തന്നെ സി പി എം കുടംബമായിരുന്നു. ജ്യേഷ്ഠൻ വിപിൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. അവർ ദേശാഭിമാനിയുടെ നീചമായ പ്രവർത്തിക്കെതിരെ പ്രതിഷേധിച്ചു . ഇനി ആ കുടുംബത്തിന്റെ അവസ്ഥയെന്താകും എന്ന് ഊഹിക്കാം.
അവർ ഒറ്റ്കാരാകും , പാർട്ടി വിരുദ്ധരാകും. പാർട്ടി ആദ്യം അവരെ തള്ളിപ്പറയും . പിന്നീട് അവരെ പുറത്താക്കും. അവർ പിന്നീട് കോൺഗ്രസ്സ് കാരോ, ബിജെപിക്കാരോ ആണെന്നുള്ള പ്രചരണമുണ്ടാകും. അവർക്കെതിരെ ഭീഷണിയുണ്ടാകും. അവർക്കെതിരെ പൊലീസ് കേസെടുത്തേക്കാം. അങ്ങനെ പലതും പലതും സംഭവിച്ചേക്കാം..... കാരണം അവർ പാർട്ടിയെ അപകീർത്തിപ്പെടുത്തിയല്ലോ!
പക്ഷേ തന്റെ ഭർത്താവ് മദ്യപാനിയായിരുന്നു എന്ന് വന്ന വാർത്ത ആ ചെറുപ്പക്കാരന്റെ ഭാര്യക്കും കുംടുംബത്തിനും ഉണ്ടാക്കിയ അപകീർത്തിയും അപമാനവും ആര് കാണാൻ !