തൃശൂർ: വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയാനില്ലെന്നും ജനങ്ങളുടെ വിലയിരുത്തലിലാണ് തനിക്ക് വിശ്വാസമെന്നും മനോരമ ന്യൂസ് കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിക്ക് എതിരെ ഉയരുന്ന വിമർശനങ്ങൾ സംബന്ധിച്ച ചോദ്യങ്ങളിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

ഭരണഘടനയില്ലാതെ സ്വാതന്ത്ര്യമില്ലെന്നും കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. മതേതരത്വം ഇല്ലാതെ ജനാധിപത്യമില്ല. ഫെഡറലിസമില്ലാതെ മുന്നോട്ടു പോക്കുമില്ല. ഭരണഘടന എല്ലാവരുടെയും സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമാണ്. വൈരുധ്യങ്ങളെ തള്ളിക്കളയുന്ന പ്രതിലോമകരമായ നിലപാടിലേക്ക് രാജ്യം ചുരുങ്ങുന്നു എന്ന് പരാതിയുണ്ട്. മതനിരപേക്ഷതയില്ലാത്ത രാജ്യം ഭിന്നിച്ച് നശിക്കും. ഫെഡറൽ തത്വങ്ങൾ പാലിച്ചില്ലെങ്കിൽ ഓരോ പ്രദേശത്തെയും വികസന പ്രശ്‌നം കൈകാര്യം ചെയ്യാൻ പറ്റാതാകും അദ്ദേഹം പറഞ്ഞു.

വിവിധ രാഷ്ട്രീയ സാമൂഹികവിഭാഗങ്ങൾ ഉയർത്തിയ മുദ്രാവാക്യങ്ങളുടെയും മുന്നോട്ടുവച്ച മൂല്യങ്ങളുടെയും സ്വാംശീകരണത്തിലൂടെയാണ് ഇന്ത്യൻ ദേശീയത രൂപപ്പെട്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നമ്മുടെ സ്വാതന്ത്ര്യ സമരം, മതേതരത്വം, ഫെഡറലിസം എന്നിവയിൽ ചർച്ച നടന്നു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഭരണഘടന രൂപപ്പെടുത്തിയത്. നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തെ ഉയർത്തിപ്പിടിക്കുന്നതാണ് നമ്മുടെ ഭരണഘടന. അതിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന ചർച്ചകളാണ് നടക്കുന്നത്.

ഇന്ത്യൻ ഭരണഘടന ചർച്ചകളിലൂടെയാണ് തയാറാക്കപ്പെട്ടത്. ഈ ഭരണഘടനയില്ലെങ്കിൽ നമ്മുടെ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടില്ല. ഇന്ത്യൻ ജനവിഭാഗങ്ങളുടെ അസ്ഥിത്വത്തെയും ജനാധിപത്യ ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കിൽ അവർക്കുള്ള അവകാശങ്ങളെയുമാണ് ഭരണഘടന സംരക്ഷിക്കുന്നത്. ഭരണഘടന നമ്മൾ ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഓൺലൈൻ സാന്നിധ്യത്തിലാണ് പിണറായി വിജയൻ കോൺക്ലേവ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തത്.

ലോകമെങ്ങും വിലയിരുത്തപ്പെടുന്ന നാടാണ് നമ്മുടെ രാജ്യം. ഇവിടെ വിവിധ മതങ്ങൾ ഉൽഭവിക്കുകയും വന്നു ചേരുകയും ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകളായി എല്ലാ മതവിഭാഗങ്ങളും സാഹോദര്യത്തോടെ കഴിഞ്ഞ ചരിത്രമാണ് നാടിന്റേത്. മതമുള്ളവർക്കും ഇല്ലാത്തവർക്കും പൗരത്വം അനുവദിച്ചതും പൗരത്വത്തിന് വ്യക്തിയുടെ വിശ്വാസം മാനദണ്ഡമാക്കാത്തതും വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലമായ കാഴ്ചപ്പാടോടെയാണ്. ഇന്ന് വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും മുന്നേറുന്നതുമായ നിലപാടിൽനിന്നു വൈവിധ്യങ്ങളെ തള്ളിക്കളയുന്ന പ്രതിലോമകരമായ ആശയങ്ങളിലേയ്ക്കു ചുരുങ്ങുന്നതിനെ പലരും ആശങ്കപ്പെടുന്നു.

വൈവിധ്യം തിരസ്‌കരിക്കപ്പെട്ടാൽ സ്വാതന്ത്യവും ജനാധിപത്യവും അനുഭവിക്കാനാവാതെ വരും. അതു രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും. മതങ്ങൾക്ക് അതീതമായി ചിന്തിച്ച് നയങ്ങൾ രൂപീകരിക്കപ്പെടുന്ന രാജ്യങ്ങളാണ് വികസനമുണ്ടാക്കിയിട്ടുള്ളത്. വികസിത രാജ്യങ്ങൾ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നവരാണ്. അല്ലാത്തവർ വർഗീയതയാൽ, വംശീയതയിൽ പൊരുതി നശിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ മതനിരപേക്ഷമായി നിലനിൽക്കേണ്ടത് സാധാരണക്കാരുടെ ജീവിത നിലനിൽപിന് അനിവാര്യമാണ്.

സംസ്ഥാനത്ത് ഓർഡിനൻസ് രാജ് ഇല്ല. സിൽവർ ലൈൻ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി തുറന്നു പറഞ്ഞു. മാധ്യമങ്ങൾ അധികാരികളോട് ചോദ്യങ്ങൾ ചോദിക്കണം. പ്രത്യേക താൽപര്യങ്ങൾക്ക് പിന്നാലെ പോകുന്ന കാഴ്ച കണ്ടു വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അങ്ങനെ പ്രവർത്തിക്കുന്നവർ സ്വാതന്ത്ര്യത്തെ ശക്തിപ്പെടുന്നുണ്ടോയെന്ന് , മതേതരത്വത്തെ കാത്ത് സൂക്ഷിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലാണ് ഏറ്റവുമധികം മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടത്. മാധ്യമ പ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യ മാറി. മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ചീഫ് ജസ്റ്റിസ് പറയുന്നുണ്ട്. മതേതരത്വത്തെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ട്. ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം മാധ്യമങ്ങൾ ചില പ്രത്യേക താൽപര്യത്തിന് പിന്നാലെ പോകുന്ന അവസ്ഥ കേരളത്തിലുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിളക്കത്തിൽ നിൽക്കുന്ന അപർണ ബാലമുരളിയും ബിജു മേനോനും കോൺക്ലേവ് വേദിയിലെത്തി.