ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിസംബർ മൂന്നിന് കേന്ദ്ര കൃഷിമന്ത്രി കർഷകരെ ചർച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ടെന്നും കർഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും സസൂക്ഷ്മം പരിശോധിക്കാൻ സർക്കാർ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. ചർച്ചക്ക് കർഷക യൂണിയനുകൾ തയ്യാറെങ്കിൽ സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധം മാറ്റണമെന്നും തൊട്ടടുത്ത ദിവസം ചർച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ഈ തണുപ്പത്ത് ദേശീയപാതയിൽ പല സ്ഥലങ്ങളിലും ട്രാക്ടറുകളിലും മറ്റുമാണ് കർഷകർ കഴിയുന്നത്. കർഷകരെ മറ്റൊരിടത്തേക്ക് മാറ്റാൻ ഡൽഹി പൊലീസ് തയ്യാറാണ്. ദയവായി അവിടേക്ക് പോകൂ. അവിടെ പരിപാടികൾ സംഘടിപ്പിക്കാൻ നിങ്ങൾക്ക് പൊലീസ് അനുമതി നൽകും, അമിത് ഷാ കൂട്ടിച്ചേർത്തു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡൽഹി ചലോ മാർച്ചിന്റെ ഭാഗമായി ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലെത്തിയിരിക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരാണ് ഇവർ. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം മൂന്നാം ദിവസത്തിലേക്കെത്തുമ്പോൾ കൂടുതൽ ശക്തമാവുകയാണ്. പൊലീസ് നിർദ്ദേശം അനുസരിച്ച് ഒരു വിഭാഗം കർഷകർ ബുറാഡി നിരങ്കരി മൈതാനത്ത് പ്രതിഷേധത്തിനെത്തിയെങ്കിലും സിംഗു അതിർത്തിയിലെ കർഷകർ അവിടെ തന്നെ തുടരുകയാണ്.

ജന്തർ മന്തറിലോ, രാം ലീല മൈതാനത്തോ പ്രതിഷേധിക്കാൻ അവസരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. ഒരു വർഷം ഇവിടെ തുടരേണ്ടി വന്നാലും നിയമങ്ങൾ പിൻവലിക്കാതെ മടങ്ങില്ലെന്നാണ് കർഷകർ വ്യക്തമാക്കുന്നത്. സിംഗു,തിക്രി അതിർത്തികൾ പൂർണമായും അടച്ചെന്നു പൊലീസ് അറിയിച്ചു. ബുറാഡി മൈതാനത്ത് എത്തുന്ന കർഷകർ ഡൽഹിയുടെ പ്രധാന സ്ഥലങ്ങളിലേക്ക് മാർച്ച്‌ നടത്താൻ ശ്രമിച്ചാൽ സ്ഥിതി കൂടുതൽ സങ്കീർണമാകാൻ ഇടയുണ്ട്.