മെൽബൺ: ലോകം എമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്കായി ഒരുക്കിയ നിയമം ആണ് കാനോനിക നിയമം. ഈ നിയമം അതതു രാജ്യത്തെ അഭ്യന്തര നിയമങ്ങൾക്ക് എതിരാണെങ്കിൽ ഏത് രാജ്യത്ത് ജീവിക്കുന്ന കത്തോലിക്കരും പാലിച്ചേ മതിയാവൂ. ആ നിയമം ലംഘിക്കുന്നവർക്ക് ശിക്ഷ കനത്തതാണ്. ഓസ്ട്രേലിയയിൽ താമസിച്ചിരുന്ന ഒരു നൈജീരിയക്കാരൻ വൈദികന്റെ പട്ടം റദ്ദ് ചെയ്തുകൊണ്ടുള്ള പോപ്പിന്റെ തീരുമാനമാണ് ഏറ്റവും ഒടുവിൽ കാനോനിക നിയമം ചർച്ചയാക്കുന്നത്.കാനോനിക നിയമം ലംഘിച്ച് കൊണ്ട് മാർ ആലഞ്ചേരിക്കെതിരെ രംഗത്തിറങ്ങിയ ഏറണാകുളത്തെ വൈദികർക്കെല്ലാം ഉള്ള മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഓസ്ട്രേലിയയിൽ പ്രവർത്തിച്ച് വരുകയായിരുന്നു നൈജീരിയക്കാരനായ വൈദികൻ ഫാദർ എസിൻവാന്നെ ഇഗ്ബോയുടെ പട്ടമാണ് പോപ്പ് റദ്ദാക്കിയിരിക്കുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തിയെന്ന ഗുരുതരമായ കുറ്റാരോപണത്തെ തുടർന്ന് രണ്ട് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാലെ പൗരോഹിത്യ സ്ഥാനത്ത് നിന്നും പുറത്താക്കിയിരിക്കുന്നത്. 2016 മുതൽ ഇദ്ദേഹം കാനോനിക നിമയം ലംഘിച്ച് കുമ്പസാര രഹസ്യങ്ങൾ പുറത്ത് വിട്ടിരുന്നുവെന്നാണ് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചിരുന്നത്.

ക്യൂൻസ്ലാൻഡിലെ മറൂചിഡോർ പാരിഷിലെ സ്റ്റെല്ല മാരിസിൽ പ്രവർത്തിക്കവെ ഫാദർ ഇഗ്ബോയ്ക്കെതിരെ നിരവധി ആരോപണങ്ങളായിരുന്നു ഉയർന്ന് വന്നിരുന്നത്. ഇവിടുത്തെ സിവിൽ നിയമം അനുസരിച്ച് ഇതൊരു ക്രിമിനൽ കുറ്റമല്ലെങ്കിലും ഈ പുരോഹിതൻ കാനോനിക നിയമം തുടർച്ചയായി ലംഘിച്ചുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് ബ്രിസ്ബാനിലെ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. വൈദികന്റെ പട്ടം റദ്ദ് ചെയ്ത് പോപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതിനാൽ ഇനി മുതൽ ഫാദർ ഇഗ്ബോയ്യ്ക്ക് പൊതു ആരാധനാ പരിപാടികൾ, മതവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ, ചർച്ചിലെ സ്ഥാനങ്ങൾ തുടങ്ങിവ വഹിക്കാനുള്ള അധികാരമുണ്ടാവുകയില്ല.

ഇതിനെതിരെ അപ്പീലിന് പോകാനാണ് ഫാദർ ഇഗ്ബോയ് തീരുമാനിച്ചിരിക്കുന്നത്.2016 ൽ ഫാദർ ഇഗ്ബോയ്ക്കെതിരെ നിരവധിപരാതികൾ ലഭിച്ചിരുന്നുവെന്നാണ് തന്റെ പ്രസ്താവനയിലൂടെ ബ്രിസ്ബാനിലെ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ് വെളിപ്പെടുത്തുന്നത്. തുടർന്ന് മുതിർന്ന കാനോൻ ലോയർമാരിലൂടെ ഹോളി സീ നടത്തിയ അന്വേഷണങ്ങളിലൂടെ ഈ ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഈവൈദികനെതിരെ നടപടിയെടുക്കുന്നതെന്നും ഈപ്രസ്താവന വിശദീകരിക്കുന്നു. തുടർന്ന് ഇത് സംബന്ധിച്ച വിധി ആർച്ച് ബിഷപ്പ് ഹോളി
സീക്ക് മുന്നിൽ സമർപ്പിക്കുകയും അത് പരസ്യമാക്കുകയുമായിരുന്നുവെന്നും ഈ പ്രസ്താവന വെളിപ്പെടുത്തുന്നു.