ന്യൂഡൽഹി: നവീകരണത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ ഇന്ത്യൻ റെയിൽവേ. ലോകത്തെ ഏറ്റവും മോശം ട്രെയിൻ സർവീസെന്ന ചീത്തപ്പേര് മാറ്റാനുള്ള എല്ലാ ഒരുക്കങ്ങളും റെയിൽവേ തുടങ്ങിവച്ചിരുന്നു. ഇപ്പോൾ യാത്രക്കാർക്ക് ആശ്വാസമാകുന്ന മറ്റൊരു പദ്ധതിക്ക് കൂടി റെയിൽവേ തുടക്കമിട്ടു. ഓൺലൈൻ വഴി ട്രെയിൻ ബുക്ക് ചെയ്യുന്നവർക്ക് ഏറെ സഹായകരമാണ് ഈ വികൽപ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി. പദ്ധതി ഇന്ന് മുതൽ  പ്രാബല്യത്തിൽ വരും.

റിസർവ് ചെയ്ത ട്രെയിനിൽ വെയ്റ്റിങ് ലിസ്റ്റിലാണെങ്കിൽ അതേ റൂട്ടിൽ പോകുന്ന അടുത്ത ട്രെയിനിൽ ഇനിമുതൽ യാത്രക്കാരന് ബെർത്ത് അനുവദിക്കും എന്നതാണ് വികൽപ് പദ്ധതിയുടെ പ്രധാന പ്രത്യേകത. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരുടെ തിരക്കുമൂലം സീറ്റ് ഉറപ്പാക്കാനാകുന്നില്ലെങ്കിൽ വെയ്റ്റിങ് ലിസ്റ്റിൽ ഉള്ളവർക്ക് അതേ റൂട്ടിൽ പിന്നാലെ വരുന്ന ട്രെയിനിൽ സീറ്റ് ലഭ്യമാകുമെന്നത് യാത്രക്കാർഡക്ക് ഏറെ ഗുണരമാകും.

റിസർവ്വ് ചെയ്‌യുന്ന സമയം വെയ്റ്റിങ് ലിസ്റ്റിലാണെന്നറിഞ്ഞാലുടൻ അടുത്ത ട്രെയിനിൽ പോകാൻ സമ്മതമാണെന്ന് യാത്രക്കാരൻ റിസർവ്വേഷൻ അപേക്ഷയിൽ രേഖപ്പെടുത്തണം. ഇതിനായി അപേക്ഷയിൽ പ്രത്യേക സ്ഥാനമുണ്ടാവും. കൂടാതെ ഐആർസിടിസി വെബ്‌സൈറ്റിലൂടെ റിസർവ് ചെയ്യുമ്പോഴും ഈ സൗകര്യം ലഭിക്കുമെന്നത് ഏറെ ആശ്വസകരമായ കാര്യമാണ്.

എക്സ്‌പ്രസ് , മെയിൽ ട്രെയിനുകളെയാണ് ആദ്യമായി വികൽപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഡൽഹി-ലക്‌നോ, ഡൽഹി-ജമ്മു സെക്ടറുകളിൽ മാത്രമാണ് പദ്ധതി നടപ്പിലാകുക. താമസിയാതെ തന്നെ കേരളത്തിലേക്കും പദ്ധതി എത്തും. ഇന്റർനെറ്റ് വഴി മാത്രം ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രമെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കു. നിലവിലുള്ള വ്യവസ്ഥപ്രകാരം റിസർവ് ചെയ്ത് വെയിറ്റിങ് ലിസ്റ്റിലാണെങ്കിൽ ടിക്കറ്റ് റദ്ദാക്കുക മാത്രമാണ് ഏകമാർഗം. ഈ ശീലത്തിന് താമസിയാതെ മാറ്റം വരുമെന്നതാണ് പ്രത്യേകത.