- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരിക്കേറ്റ ശുഭാമൻ ഗില്ലിന് പകരം പുതിയ ഓപ്പണറെ വേണം; ശ്രീലങ്കൻ പര്യടനത്തിനുള്ള സ്ക്വാഡിലെ പ്രിഥ്വിഷായെയോ, ദേവദത്ത് പടിക്കലിനെയോ വിട്ടുനൽകണമെന്ന് ആവശ്യം; ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്റും സെലക്ടേഴ്സും തമ്മിൽ തർക്കം; ഇംഗ്‌ളണ്ട് പര്യടനം പ്രതിസന്ധിയിൽ
ലണ്ടൻ: പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ പകരക്കാരനെ ചൊല്ലി ഇന്ത്യൻ ടീം മാനേജ്‌മെന്റും സെലക്ടർമാരും തർക്കത്തിലെന്ന് റിപ്പോർട്ടുകൾ. ഇംഗ്‌ളണ്ട് പരമ്പരയ്ക്കായി യു കെയിലാണ് ടീം ഇന്ത്യ. ഓപ്പണർ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതിനെ തുടർന്ന് പുതിയൊരു ഓപ്പണറെ നൽകണമെന്ന് കഴിഞ്ഞ ദിവസം ടീം മാനേജർ സെലക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. ഗില്ലിന് പരിക്കേറ്റതിനാൽ നിലവിൽ മായങ്ക് അഗർവാളും രോഹിത് ശർമ്മയും മാത്രമാണ് ഇന്ത്യയുടെ ഓപ്പണർമാരെന്നും അതിനാൽ പ്രിഥ്വി ഷായെയോ ദേവ്ദത്ത് പടിക്കലിനെയോ ഇംഗ്‌ളണ്ട് പര്യടനത്തിന് വിട്ടുനൽകണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ ആവശ്യം.
എന്നാൽ മാനേജ്‌മെന്റിന്റെ ഈ ആവശ്യത്തോട് സെലക്ട്ർമാർക്ക് അനുകൂല നിലപാടല്ല ഉള്ളത്. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിന്റെ കൂടെ ശ്രീലങ്കയിൽ പരിശീലനത്തിലാണ് പ്രിഥ്വി ഷായും ദേവ്ദത്ത് പടിക്കലും. ഇംഗ്ലണ്ട് പര്യടനത്തിനിടെ ഏതെങ്കിലും ഓപ്പണർമാർക്ക് പരിക്ക് പറ്റിയാൽ മാത്രമാണ് ഇവരുടെ സേവനം ആവശ്യമായി വരിക. അത്തരമൊരു ആവശ്യത്തിനു വേണ്ടി ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥ നശിപ്പിക്കാൻ സെലക്ടർമാർ തയ്യാറല്ലെന്നാണ് ബി സി സി ഐയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇംഗ്‌ളണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഗില്ലിനെ കൂടാതെ നാല് ഓപ്പണർമാരാണുള്ളത്. മായങ്ക് അഗർവാൾ, രോഹിത് ശർമ്മ, കെ എൽ രാഹുൽ, യുവതാരം അഭിമന്യു ഈശ്വരൻ. ഇതിൽ കെ എൽ രാഹുലിനെ മദ്ധ്യനിരയിൽ കളിപ്പിക്കാനാണ് ടീമിന്റെ പദ്ധതിയെന്നും ഇംഗ്‌ളണ്ടിലെ പേസും ബൗൺസുമുള്ള പിച്ചിൽ അഭിമന്യു ഈശ്വരനെ കളിപ്പിക്കാൻ ടീമിന് ആത്മവിശ്വാസകുറവുണ്ടെന്നും ക്യാപ്ടൻ വിരാട് കൊഹ്ലിയും പരിശീലകൻ രവി ശാസ്ത്രിയും സെലക്ടർമാരെ അറിയിച്ചു.എന്നാൽ ടീമിന്റെ ഈ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് സെലക്ടർമാർ.
ക്യാപ്ടനും പരിശീലകനും ആവശ്യപ്പെട്ട ടീം കോംബിനേഷൻ ആണ് നൽകിയതെന്നും രാഹുലിനെ ഓപ്പണർ എന്ന സ്ഥാനത്തേക്കാണ് ടീം ആവശ്യപ്പെട്ടതെന്നും സെലക്ടർമാരിലൊരാൾ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. കളിപ്പിക്കാൻ അല്ലെങ്കിൽ അഭിമന്യു ഈശ്വരനെ എന്തിനാണ് കൂടെകൊണ്ട് പോയതെന്നും അദ്ദേഹം ചോദിച്ചു. ഇംഗ്‌ളണ്ടിന്റെ ഇന്ത്യൻ പര്യടനം മുതൽ ടീമിന്റെ കൂടെയുള്ള ആളാണ് അഭിമന്യു ഈശ്വരനെന്നും എന്നിട്ടും ആ താരത്തെ കളിപ്പിക്കുവാൻ മാനേജ്‌മെന്റിന് ആത്മവിശ്വാസകുറവുണ്ടെങ്കിൽ അതിന്റെ കാരണം ക്യാപ്ടനും കോച്ചും വ്യകതമാക്കണമെന്നും സെലക്ടർ ആവശ്യപ്പെട്ടു. ടീം മാനേജ്‌മെന്റിനു തന്നെ ടീമിന്റെ കോംബിനേഷനെ കുറിച്ച് വ്യക്തത കുറവുള്ളതിനാലാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെന്ന് സെലക്ടർ കൂട്ടിച്ചേർത്തു.
സ്പോർട്സ് ഡെസ്ക്