തിരുവനന്തപുരം: ധനമന്ത്രിക്കെതിരായ അഴിമതി ആരോപണത്തിന്റെ പേരിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള 'പോര്' കയ്യാങ്കളിയിലേക്ക് വഴിമാറിയപ്പോൾ നാണിച്ച് തലതാഴ്‌ത്തിയത് ജനാധിപത്യത്തിൽ വിശ്വസിച്ചിരുന്ന ജനങ്ങളാണ്. 2015 മാർച്ച് 13 ന് കേരള നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ കേരളം സാക്ഷ്യം വഹിച്ചത് കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങൾക്ക്.

ബജറ്റ് അവതരിപ്പിക്കാനെത്തിയ അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ തടയാൻ പ്രതിപക്ഷത്തെ എൽ.ഡി.എഫ്. എംഎ‍ൽഎമാർ അരയും തലയും മുറുക്കി നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണ് സഭയുടെ അന്തസ് ഇടിക്കുന്ന സംഭവങ്ങൾക്ക് തുടക്കമായത്. ഒച്ചപ്പാടും പരസ്പരമുള്ള പോര് വിളിയും. പിന്നെ ഉന്തും തള്ളും. സഭ അംഗങ്ങൾ പരസ്പരം കായികമായി ബലപരീക്ഷണത്തിലേക്ക് മാറിയതിന് പിന്നാലെ സഭയിലെ സാധനസാമഗ്രികൾ നശിപ്പിക്കലിലേക്കും പ്രതിപക്ഷ അംഗങ്ങൾ കടന്നു. സ്പീക്കറുടെ ഡയസിനെയും വെറുതെവിട്ടില്ല, ചെയർ അടക്കം തല്ലിത്തകർത്തു.

ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് അഭിമാനത്തോടെ ഉരുവിട്ടിരുന്ന നിയമസഭ സിനിമ കൊട്ടകയോ തെരുവ് ചന്തയോ പോലെയായി രൂപപ്പെട്ടതോടെ അന്തരീക്ഷം കലുഷിതമായി. അന്നുവരെ ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിൽ പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും കണ്ട തെരുവ് യുദ്ധം നിയമസഭയ്ക്കകത്തും നടക്കുന്നത് കണ്ട് അമ്പരന്നത് ജനങ്ങളാണ്. കയ്യാങ്കളിക്കേസിൽ പ്രതികളായ അന്നത്തെ സഭാ അംഗങ്ങൾ വിചാരണ നേരിടണമെന്നും സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിൽനിന്നുള്ള പരിരക്ഷയല്ലെന്നുമുള്ള സുപ്രീം കോടതിയുടെ അടിവരയിട്ട വിധി പ്രസ്ഥാവത്തിലൂടെ പറഞ്ഞുവെച്ചതും അതാണ്.



2015 മാർച്ച് 13. കേരളം തലകുനിച്ച ആ കറുത്ത ദിനം

ബാർക്കോഴക്കേസിൽ അഴിമതിക്കാരനായ ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇടതുനിലപാട്. എന്നാൽ എങ്ങനെയും മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷവും, അദ്ദേഹത്തെ സംരക്ഷിക്കാൻ ഭരണപക്ഷവുമെത്തി. പിന്നെ നടന്നത് ചരിത്രം.

ബജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും അതിന് അനുവദിക്കില്ലെന്ന് പ്രതിപക്ഷവും വാശിപിടിച്ചപ്പോൾ നിയമസഭയിൽ കൈയാങ്കളിയും കൂക്കുവിളികളും ആർപ്പുവിളികളും തല്ലിതകർക്കലും കുഴഞ്ഞുവീഴ്ചയും എല്ലാമായി, ഒരു റിലീസ് ദിനത്തിൽ തിയേറ്റർ പരിസരത്തെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് അന്ന് സഭയിൽ അരങ്ങേറിയത്.

ഉദ്വേഗവും സംഘർഷവും കൈയാങ്കളിയും ഹർഷാരവങ്ങളും ലഡുവിതരണവും ഒക്കെ നടന്നു. അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് എഴുന്നേറ്റുനിന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിക്ക് പുറമെ കെ.ബി ഗണേശ് കുമാർ, വി.ടി ബൽറാം, പി.കെ ജയലക്ഷ്മി, വി.ഡി സതീശൻ തുടങ്ങി വിരലിൽ എണ്ണാവുന്നവർ മാത്രമാണ് അന്ന് ഇരിപ്പിടത്തിൽ ഇരുന്നത്.

സഭയിലെ അന്നത്തെ കയ്യാങ്കളിയിൽ 'ശ്രദ്ധ പിടിച്ചു പറ്റിയതാകട്ടെ' ഇന്നത്തെ വിദ്യാഭ്യാസമന്ത്രി കെ. ശിവൻകുട്ടി, മുന്മന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ തുടങ്ങിയവരായിരുന്നു. റിലീസ് ദിവസങ്ങളിൽ തിയേറ്ററുകളിൽ ടിക്കറ്റെടുക്കാൻ ക്യൂനിൽക്കുന്നവരുടെ മുകളിലൂടെ അതിക്രമിച്ച് കയറി ടിക്കറ്റെടുക്കാൻ പോകുന്ന പോക്കിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു വാച്ച് ആൻഡ് വാർഡിന് മുകളിലൂടെ കടന്നുകയറാൻ അന്നത്തെ പ്രതിപക്ഷ നിരയിലെ അംഗവും ഇന്നത്തെ മന്ത്രിയുമായ ശിവൻകുട്ടി നടത്തിയ ശ്രമം.

അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുന്നിൽ വാച്ച് ആൻഡ് വാർഡിന് പിന്നിൽ നിന്ന ശിവദാസൻ നായരും, വിൻസെന്റും അടങ്ങുന്ന യു.ഡി.എഫ് എംഎ‍ൽഎമാർ യു.ഡി.എഫ് ബഞ്ചിലേക്കുള്ള പ്രതിപക്ഷത്തിന്റെ തള്ളിക്കയറ്റം പ്രതിരോധിച്ചു. മാണിയെ തടയാൻ നിയോഗിച്ച വനിതാ എംഎ‍ൽഎമാരായാ ജമീലപ്രകാശവും, കെ.കെ ലതികയും, ഗീതാ ഗോപിയും അടങ്ങുന്നവർ തള്ളിക്കയറാൻ ശ്രമിച്ചു. ഇതിനിടെ ജമീലപ്രകാശം ശിവദാസൻ നായരെ കടിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം അവരെ പിടിച്ചുതള്ളി. ഈ സമയം ഇരുഭാഗത്തും പോർവിളികൾ നടക്കുന്നുണ്ടായിരുന്നു.

24 മണിക്കൂർ നേരം പുറത്തേക്ക് പോകാതെ നിയമസഭയിൽ തന്നെ തങ്ങി ചർച്ചയും കൂടിയാലോചനയുമായി ഇരുപക്ഷവും തന്ത്രങ്ങൾ ഒരുക്കിയാണ് ആ ദിവസത്തെ 'അവിസ്മരണീയമാക്കിയത്'. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷവും അടക്കമുള്ളവർ നിയമസഭയിൽ തന്നെ അന്തിയുറങ്ങി.

പുറത്ത് നിയമസഭ വളഞ്ഞ് എൽ.ഡി.എഫും യുവമോർച്ചയും പ്രതിഷേധത്തിന് ഇന്ധനം പകർന്നു. വ്യാഴാഴ്ച രാത്രി പ്രതിപക്ഷം മാണിയെ കഥാപാത്രമാക്കി സഭയുടെ നടത്തുളത്തിൽ നാടകം കളിച്ചും തുള്ളൽപാട്ട് അവതരിപ്പിച്ചും സമയം ചെലവിട്ടു.

സഭയ്ക്ക് അകത്തേക്ക് കടക്കുന്ന എല്ലാ വാതിലുകളും വാച്ച് ആൻഡ് വാർഡ് പുലർച്ചെ തന്നെ നിയന്ത്രണത്തിലാക്കി. വനിതാ എംഎ‍ൽഎമാരെ ഉപയോഗിച്ച് മാണിയെ തടയാം എന്ന തന്ത്രമാണ് എൽ.ഡി.എഫ് പ്ലാൻ ചെയ്തത്. ഭരണപക്ഷത്താകട്ടെ മന്ത്രി ജയലക്ഷ്മി മാത്രമാണ് വനിതാ അംഗം. വനിതാ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷനീക്കം തടയാമെന്ന് ഭരണപക്ഷം തന്ത്രം മെനഞ്ഞു.

അതിനിടെ, മുഖ്യമന്ത്രിക്ക് അടുത്ത കസേരയിലിരിക്കേണ്ട മാണി പിൻനിരയിലെത്തുമെന്ന് എട്ട് മണിയോടെ അഭ്യൂഹം പരന്നു. അതോടെ പ്രതിപക്ഷം അറ്റകൈ പ്രയോഗം തന്നെ നടത്തി. സ്പീക്കർ നിയമസഭയിലേക്ക് വരുന്നത് ശ്രദ്ധയിൽ പെട്ട പ്രതിപക്ഷം അക്രമാസക്തരായി സ്പീക്കറുടെ കസേര ഡയസിൽ നിന്ന് താഴേക്ക് മറിച്ചിട്ടു. മുണ്ടുമടക്കിക്കുത്തി ഡയസിൽ കയറിനിന്നാണ് ചിലർ ഭരണപക്ഷത്തെ വെല്ലുവിളിച്ചത്. സ്പീക്കറെ ഡയസിലെത്താൻ അവർ സമ്മതിച്ചില്ല.

ഈ സമയം ഭരണപക്ഷ ബഞ്ചിന്റെ പിൻഭാഗത്തുള്ള വാതിലിലൂടെ എത്തിയ ധനമന്ത്രി പ്രതിപക്ഷത്തെ അമ്പരിപ്പിച്ചുകൊണ്ട് യുവ എംഎ‍ൽഎമാരായ ഷാഫി പറമ്പിൽ, എൻ.ഷംസുദീൻ, പി.സി വിഷ്ണുനാഥ് അടക്കമുള്ളവരുടെ അകമ്പടിയോടെ ഭരണപക്ഷ ബഞ്ചിലേക്ക് എത്തി.

പിന്നീട് സ്പീക്കർ ധനമന്ത്രിയോട് ബജറ്റ് അവതരിപ്പിക്കാൻ ആംഗ്യം കാണിക്കുകയായിരുന്നു. സാധാരണ മുഖ്യമന്ത്രിയുടെ അടുത്ത് രണ്ടാമത്തെ കസേരയിൽ ഇരുന്ന് ബജറ്റ് അവതരിപ്പിക്കുന്നതിന് പകരം ഭരണപക്ഷ ബഞ്ചിന് പിന്നിലെ വാതിലിലൂടെ ഒളിച്ചും പാത്തും എത്തിയ മാണി, യു.ഡി.എഫ് വലയത്തിനും വാച്ച് ആൻഡ് വാർഡ് ബാരിക്കേഡിനും ഉള്ളിൽ നിന്നുകൊണ്ട് ബജറ്റ് വായന ആരംഭിച്ചു. ആമുഖം വായിച്ച് മാണി ബജറ്റ് സഭയുടെ മേശപ്പുറത്ത് വച്ചു.



തുടർന്ന് ഭരണപക്ഷം ഹർഷാരവം മുഴക്കി ലഡു വിതരണം ചെയ്തു. പോർവിളിക്കും ഉന്തിനും തള്ളിനുമിടയിൽ ചിലർ ലഡുവിന്റെ മധുരം നുണയുന്നുണ്ടായിരുന്നു. റിലീസ് ദിവസം ആദ്യ ഷോ കാണാൻ സൂപ്പർതാരത്തെ തിക്കിനും തിരക്കിനുമിടയിൽ സംഘാടകർ എത്തിക്കുന്ന രംഗം പോലെയായിരുന്നു അത്. മാണി ബജറ്റ് അവതരിപ്പിക്കുന്നത് കണ്ടതോടെ പ്രതിപക്ഷത്തിന്റെ രോഷം ഇരട്ടിയായി. സ്പീക്കറുടെ ഡയസ് തല്ലിത്തകർത്ത് മൈക്കും കംപ്യൂട്ടറും എല്ലാം തല്ലിതകർത്ത് വലിച്ചെറിഞ്ഞു.

ഈ സമയം പ്രതിപക്ഷ പ്രതിഷേധം നയിച്ച വി.ശിവൻകുട്ടി കുഴഞ്ഞുവീണു. തുടർന്ന് കെ.കെ ലതികയും, കെ. അജിത്തും മോഹലാസ്യപ്പെട്ട് വീണു. ശിവൻകുട്ടിയ അദ്ദേഹത്തെ രണ്ട് പ്രതിപക്ഷ എംഎ‍ൽഎമാർ ചേർന്ന് എടുത്തുകൊണ്ട് മേശപ്പുറത്ത് കിടത്തി. ഡോക്ടർമാരെത്തി അദ്ദേഹത്തിൻ പ്രാഥമിക ശുശ്രൂഷ നൽകി. അതിന് ശേഷം കെ.കെ ലതികയും, കെ. അജിത്തിനേയും, ശിവൻകുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി. അസ്വസ്ഥത അനുഭവപ്പെട്ട സി ദിവാകരനേയും വൈകാതെ ആശുപത്രിയിലേക്ക് മാറ്റി.

മൈക്കില്ലാതെയാണ് മാണി അന്ന് തന്റെ ലഘുപ്രസംഗം നടത്തിയത്. പതിമൂന്നാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിൽ മാണിയുടെ പതിമൂന്നാം ബജറ്റ് എക്കാലവും കേരള രാഷ്ട്രീയത്തിൽ ഓർക്കാനുള്ള എല്ലാ ചേരുവകളാലും സമ്പന്നമായിരുന്നു.

 മാറി മറിഞ്ഞ സർക്കാർ നിലപാട്

കയ്യാങ്കളിക്കേസിൽ ഉൾപ്പെട്ട എം.എൽ.മാർക്കെതിരായ കേസ് പിൻവലിക്കണമെന്ന ഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എത്തിയതിനു പിന്നാലെ അന്നത്തെ പ്രതിപക്ഷത്തിന്റെ വാദഗതികൾ മാറിമറിഞ്ഞു. കെ എം മാണി അഴിമതിക്കാരനെന്ന ആരോപണമാണ് ആദ്യം മാഞ്ഞുപോയത്.

എംഎ‍ൽഎ.മാർക്കെതിരായ കേസ് പിൻവലിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എംഎ‍ൽഎമാർക്ക് എതിരായ കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതിയിലെത്തിയപ്പോൾ നിലപാടുമാറ്റത്തിന്റെ പല പല വേർഷനുകളാണ് കാണാൻ കഴിഞ്ഞത്.

അന്ന് യു.ഡി.എഫിലായിരുന്ന കെ.എം. മാണിയുടെ കേരളാ കോൺഗ്രസ് പിളർപ്പിനു ശേഷം ഇപ്പോൾ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫിലേക്ക് ചേക്കേറിയതോടെ മാണിയുടെ പരിവേഷം മാറിമറിഞ്ഞു. ജോസിനെ മുന്നണിയിലിരുത്തി മാണിയെ അഴിമതിക്കാരനെന്ന് വിളിക്കുന്നതിലെ ഔചിത്യക്കുറവാണ് നിലപാടുമാറ്റത്തിന് പിന്നിലെ പ്രേരകശക്തിയായത്.

മാണിക്കെതിരായ അഴിമതിയാരോപണത്തിന്റെ ശക്തി കുറഞ്ഞുകുറഞ്ഞ് ഒടുവിൽ അത് അന്നത്തെ സർക്കാരിന്റെ അഴിമതിക്കെതിരായ പോരാട്ടമായി മാറി.

ആദ്യ നിലപാട്

5 ജൂലായ് 2021- പ്രതിഷേധിച്ചത് അഴിമതിക്കാരനായ മാണിക്കെതിരെ: അഴിമതിക്കേസ് നേരിട്ടിരുന്ന മുൻ ധനമന്ത്രി (കെ.എം. മാണി)ക്കെതിരേയാണ് എംഎ‍ൽഎ.മാർ സഭയിൽ പ്രതിഷേധിച്ചതെന്ന് നിയമസഭാ കൈയാങ്കളിക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രതിഷേധിക്കാൻ എംഎ‍ൽഎ.മാർക്ക് അവകാശമുണ്ടെന്നും സഭയ്ക്കകത്തെ പ്രവൃത്തികൾക്ക് ക്രിമിനൽ വിചാരണ നടത്തേണ്ടകാര്യമില്ലെന്നും ജൂലായ് അഞ്ചിന് നടന്ന വാദത്തിനിടെ സർക്കാർ വാദിച്ചു.

ആരോപണ വിധേയരായ എംഎ‍ൽഎ.മാർക്കെതിരേ സഭാ ചട്ടപ്രകാരം നടപടിയെടുത്തിരുന്നതായി സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ വ്യക്തമാക്കി. എംഎ‍ൽഎ.മാരെ ഒരാഴ്ച സസ്‌പെൻഡ് ചെയ്തതുമാണ്. അതിനാൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരമുള്ള കേസ് പിൻവലിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, ഇതിനോട് ശക്തമായ വിയോജിപ്പാണ് സുപ്രീംകോടതി അറിയിച്ചത്. ധനമന്ത്രിക്കെതിരേ അഴിമതിക്കുറ്റമുണ്ടായിരുന്നുവെന്ന് രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടിയപ്പോൾ, മന്ത്രിയുടെ വ്യക്തിത്വത്തിനല്ല ബിൽ പാസാക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. കേസ് പിൻവലിക്കുന്നതിനെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും എതിർത്തു. പൊതു സ്വത്ത് സംരക്ഷിക്കാൻ വേണ്ടിയുള്ള പ്രത്യേക നിയമമാണ് 'പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമ'മെന്ന് ചെന്നിത്തലയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മഹേഷ് ജേഠ്മലാനി വാദിച്ചു

നിയമസഭാ കൈയാങ്കളിക്ക് മാപ്പില്ല; എംഎ‍ൽഎ.മാർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി: വാദം കേട്ട സുപ്രീംകോടതി ആദ്യ ദിവസം തന്നെ ചില രൂക്ഷമായ പരാമർശങ്ങൾ നടത്തി. അന്നത്തെ പ്രതിപക്ഷ എംഎ‍ൽഎ.മാർ നിയമസഭയിൽ നടത്തിയ കൈയാങ്കളി ക്ഷമിക്കാവുന്നതല്ല. ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും എംഎ‍ൽഎ.മാർ വിചാരണ നേരിടേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് വാക്കാൽ പരാമർശിച്ചു. ജനപ്രതിനിധികൾ എന്ന നിലയ്ക്ക് സമൂഹത്തിനു സന്ദേശം നൽകാൻ എംഎ‍ൽഎ.മാർക്ക് ബാധ്യതയുണ്ട്. ഇതുപോലുള്ള പെരുമാറ്റത്തിൽ എന്തുസന്ദേശമാണ് അവർ നൽകുന്നതെന്ന് ജസ്റ്റിസ് എം.ആർ. ഷാ ചോദിച്ചു. ഹർജിയിൽ വാദം കേൾക്കുന്നത് ജൂലായ് 15-ലേക്ക് മാറ്റി.

ധനമന്ത്രി അഴിമതിക്കാരനല്ല

ജൂലായ് 15 കോടതിയിൽ വാദം തുടങ്ങിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. അന്നത്തെ ധനമന്ത്രി അഴിമതിക്കാരനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ പേര് പോലും അറിയില്ലെന്നും നിയമസഭാ കൈയാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.

കേസിന്റെ രേഖകൾ വായിക്കുക മാത്രമാണ് ചെയ്തത്. കളങ്കിതനായ വ്യക്തിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ആരോപിച്ചാണ് എംഎ‍ൽഎ.മാർ പ്രതിഷേധിച്ചതെന്ന ഭാഗമാണ് താൻ വായിച്ചതെന്നും രഞ്ജിത് കുമാർ വ്യക്തമാക്കി.

ധനമന്ത്രി അഴിമതിക്കാരനാണെന്ന് താൻ പറഞ്ഞെന്ന് കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അഡ്വക്കേറ്റ് ജനറൽ വിളിച്ചിരുന്നു. ധനമന്ത്രിയുടെ പേര് പോലും തനിക്കറിയില്ലെന്ന് മറുപടി നൽകിയതായും രഞ്ജിത് കുമാർ പറഞ്ഞു.

തോക്ക് ചൂണ്ടിയാലും സഭയിൽ പരിരക്ഷയോ എന്ന് സുപ്രീം കോടതി

നിയമസഭയിൽ എംഎ‍ൽഎ. തോക്ക് ചൂണ്ടിയാലും പരിരക്ഷ നൽകാനാകുമോയെന്ന് സുപ്രീംകോടതി. ജൂലായ് 15-ന് നടന്ന വാദത്തിനിടെ ആയിരുന്നു സുപ്രീംകോടതി പരാമർശം. സഭയിൽ മാത്രമല്ല, നിയമസഭാസമിതികൾക്ക് മുൻപാകെ നടക്കുന്ന നടപടികളിലും അംഗങ്ങൾക്ക് പരിരക്ഷയുണ്ടെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ വാദിച്ചു. അംഗങ്ങളുടെ പ്രതിഷേധവും പ്രസംഗമാണ്. ഫർണിച്ചർ തകർക്കുന്നതും പ്രതിഷേധംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെയെങ്കിൽ സഭയ്ക്കകത്ത് എംഎ‍ൽഎ. റിവോൾവർ ചൂണ്ടിയാലും പരിരക്ഷ നൽകണമെന്നാണോ പറയുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. കേസ് പിൻവലിക്കുന്നതിലെ പൊതുതാത്പര്യം എന്താണെന്ന് ജസ്റ്റിസ് എം.ആർ. ഷാ ചോദിച്ചു.സഭയിലെ പ്രതിഷേധം രാഷ്ട്രീയപ്രശ്‌നം മാത്രമാണെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തോട് പ്രതികളായ എം. എൽ.എ.മാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, അഡ്വ. പി.എസ്. സുധീർ എന്നിവരും യോജിച്ചിരുന്നു. എംഎ‍ൽഎ.മാർക്കുള്ള പ്രത്യേകാവകാശം (പ്രിവിലേജ്) പൊതുമുതൽ നശിപ്പിക്കാനും സ്പീക്കറെ ഭീഷണിപ്പെടുത്താനുമുള്ളതല്ലെന്ന് എതിർകക്ഷികളിലൊരാളായ അഡ്വ. ടി. അജിത് കുമാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മഹേഷ് ജേഠ്മലാനി പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തലയ്ക്കുവേണ്ടി ഹാജരായ രമേഷ് ബാബു ചൂണ്ടിക്കാട്ടി.

രാജ്യത്തെ മറ്റു ചില നിയമസഭകളിൽ നടന്ന നാണംകെട്ട സംഭവങ്ങൾ ഒരിക്കലും പ്രബുദ്ധകേരളത്തിൽ നടക്കില്ല എന്ന് ഊറ്റംകൊണ്ടവർക്ക് മുന്നിലാണ് ഇതെല്ലാം അന്ന് അരങ്ങേറിയത്. അന്ന് മികച്ച പ്രകടനം കാഴ്ചവെച്ച വി.ശിവൻകുട്ടി ഇന്ന് മന്ത്രിയാണ്. കയ്യാങ്കളി കേസിലെ പ്രതികളെല്ലാം വിചാരണ നേരിടണം. സർക്കാരിന്റെ ഹർജി തള്ളികൊണ്ട് 2015 മാർച്ച് 13 ആവർത്തിക്കരുതെന്ന സന്ദേശം തന്നെയാണ് സുപ്രീം കോടതി നൽകുന്നത്. നാണംകെട്ട സംഭവം അരങ്ങേറിയിട്ട് ചുളുവിൽ കേസ് തന്നെ പിൻവലിച്ച് തടിയൂരാൻ നോക്കിയതിന് കിട്ടിയ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധി. വിചാരണ നേരിടുന്നവരിൽ ഒരാൾ് മന്ത്രിയായി അതേ സഭയിൽ ഇന്നുണ്ട്. വിചാരണ കോടതിയാണ് ഇനി ശിക്ഷയോ കുറ്റവിമുക്തനോ ആക്കി വിധി കൽപിക്കേണ്ടത്.