- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ചാരുംമൂട്ടിൽ സിപിഐ - കോൺഗ്രസ് സംഘർഷം; പ്രശ്നമുടലെടുത്തതുകൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്; അഞ്ച് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ
ആലപ്പുഴ: കൊടിമരത്തെ ചൊല്ലി ചാരുംമൂട്ടിൽ സിപിഐയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലിയതിന് പിന്നാലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ ഹർത്താലും പ്രഖ്യാപിച്ചു. സംഘർഷത്തിൽ 25 പേർക്ക്പരിക്കേറ്റു. നിരവധി പൊലീസുകാർക്കും പരിക്കുണ്ട്. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്.
നേരത്തെ സിപിഐ സ്ഥാപിച്ച കൊടിമരം കോൺഗ്രസ് നേതാക്കൾ പരാതി നൽകി പിഴുതുമാറ്റിച്ചിരുന്നു. എന്നാൽ ഇന്ന് കോൺഗ്രസ് ഓഫീസിന് മുന്നിൽ വീണ്ടും കൊടിമരം സ്ഥാപിച്ചു. പരാതിയുമായി കോൺഗ്രസ് റവന്യു അധികൃതരെ സമീപിച്ചു. ഇവർ എത്താൽ വൈകിയതോടെയാണ് വാക്കേറ്റവും കൈയാങ്കളിയുമായി. ഏറെ വൈകി ആർഡിഒയും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി കൊടിമരം പിഴുതുമാറ്റാൻ സിപിഐ പ്രവർത്തകരോട് ആവശ്യപ്പെട്ടു. നടക്കില്ലെന്ന നിലപാടിൽ സിപിഐ പ്രവർത്തകർ നിലയുറപ്പിച്ചു.
പിന്നാലെ സിപിഐ സ്ഥാപിച്ച കൊടിമരം നീക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. തുടർന്നാണ് ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. വടികളും മറ്റും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടൽ. രൂക്ഷമായ കല്ലേറും ഉണ്ടായി. ഇരുവിഭാഗത്തെയും പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശിയപ്പോൾ ഇവർക്ക് നേരെയും കല്ലേറുണ്ടായി. സംഘർഷത്തിന് പിന്നാലെ സ്ഥലത്തെ കോൺഗ്രസ് ഓഫീസ് സിപിഐ പ്രവർത്തകർ അടിച്ചുതകർത്തു.
ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ഹർത്താലിന് ആഹ്വാനം ചെയ്തത്. നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിലാണ് കോൺഗ്രസ് പ്രവർത്തകർ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ.
മറുനാടന് മലയാളി ബ്യൂറോ