കൊച്ചി: ഇന്ത്യാവിഷൻ ചാനലിന്റെ ഓഹരി ഉടമകളുടെ യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും. ചാനലിന്റെ റസിഡന്റ് ഡയറക്ടർ ജമാലുദീൻ ഫറൂഖീയെ വാക്കേറ്റത്തിന് മധ്യത്തിൽ യോഗത്തിൽ പങ്കെടുത്ത ഓഹരി ഉടമകൾ കയ്യേറ്റം ചെയ്യുകയായിരുന്നു.

ജമാലിന്റെ മുണ്ട് വലിച്ച് ഉരിയുന്നത് വരെ എത്തി കയ്യാങ്കളി. യോഗത്തിന്റെ മിനിറ്റ്‌സ് ദിവസങ്ങൾക്ക് മുൻപ് തന്നെ തയാറാക്കി വച്ചതിന്റെ പശ്ചാതലത്തിൽ ആയിരുന്നു പ്രശ്‌നങ്ങൾ. ചാനൽ നടത്തിപ്പിലെ വൻ അഴിമതി പല ഘട്ടങ്ങളിലായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ചാനലിന്റെ നടത്തിപ്പിലെ തട്ടിപ്പുകൾ ചോദ്യം ചെയ്ത് ഓഹരി ഉടമകൾ ബഹളം വച്ചതോടെ ആണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

ഓഹരി ഉടമകളിൽ നിന്ന് മറച്ച് നടത്തിയ വലിയ തട്ടിപ്പ് പുറത്ത് വന്നതോടെയാണ് യോഗതത്തിൽ പ്രശ്‌നം ഉണ്ടായത്. ചാനലിന്റെ ചെയർമാൻ എന്ന് അവകാശപ്പെടാത്ത ഡോ.എം.കെ.മുനീർ യോഗത്തിന് എത്തിയിരുന്നില്ല. വൈസ് ചെയർമാൻ ആയ റോയ് മുത്തൂറ്റ് തനിക്ക് ഈ യോഗത്തിന്റെ അധ്യക്ഷൻ ആയി ഇരി്ക്കാൻ താൽപര്യം ഇല്ല എന്ന് അറിയിച്ച് പിന്മാറിയിരുന്നു.

തുടർന്ന് ഇന്ത്യാവിഷനിൽ നിക്ഷേപം ഉള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രതിനിധിയായ ഡോ.ലളിതയെ അധ്യക്ഷയാക്കിയാണ് യോഗം നടന്നത്. പങ്കെടുത്ത അംഗങ്ങൾക്ക് നൽകിയ സമ്മാനം വലിച്ചെറിഞ്ഞാണ് മിക്ക ഓഹരി ഉടമകളും മടങ്ങിയത്. കമ്പനി ലോ ബോർഡിലും രജിസ്റ്റാർ ഓഫ് കമ്പനീസിലും പരാതി നൽകിയിരിക്കുകയാണ് ഓഹരി ഉടമകൾ.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02-10-2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)