തിരുവനന്തപുരം: കൊഴിഞ്ഞു പോകുന്ന ഉപയോക്താക്കളെ പിടിച്ചുനിർത്താൻ ബിഎസ്എൻഎൽ അവതരിപ്പിച്ച രാത്രികാല സൗജന്യ വിളി പാരയാകുമോ എന്ന ഭീതിയിലാണ് ഉപയോക്താക്കൾ. രാത്രി ഒമ്പതുമുതൽ രാവിലെ ഏഴുവരെ സൗജന്യമായി വിളിക്കാമെന്ന ആനുകൂല്യം എല്ലാ പ്ലാനുകൾക്കും ലഭ്യമല്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഉപയോക്താക്കൾ ആശങ്കയിലായത്.

ബിഎസ്എൻഎലിന്റെ ലാൻഡ് ഫോൺ കണക്ഷനുകളിൽ വൻ ഇടിവുണ്ടായതിനെ തുടർന്നാണ് രാത്രികാല സൗജന്യവിളി എന്ന ഓഫർ അവതരിപ്പിച്ചത്. രാജ്യത്തൊട്ടാകെ ഏതു ഫോണിലേക്കും ബിഎസ്എൻഎൽ ലാൻഡ് ലൈനിൽ നിന്ന് ഈ സമയം സൗജന്യമായി വിളിക്കാം എന്നതാണ് ഓഫർ.

മറ്റു കമ്പനികളുടെ മൊബൈൽ ഫോണുൾപ്പെടെ എല്ലാ ഫോണിലേക്കും സൗജന്യമായി വിളിക്കാമെന്നാണ് ബിഎസ്എൻഎൽ ഉറപ്പുതരുന്നത്. മറ്റു നെറ്റ്‌വർക്കുകളിലേക്കു വിളിക്കുമ്പോൾ ഈടാക്കിയിരുന്ന അധിക നിരക്ക് ട്രായ് നിർദ്ദേശപ്രകാരം പിൻവലിച്ചതോടെയാണ് ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സൗജന്യ വിളി എന്ന ആനുകൂല്യം കൊണ്ടുവന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രണ്ടരലക്ഷത്തിലധികം ആളുകൾ ബിഎസ്എൻഎൽ ലാൻഡ്‌ലൈൻ കണക്ഷനുകൾ ഉപേക്ഷിച്ചതിന്റെ പശ്ചാത്തലത്തിൽ ഈ ആനുകൂല്യത്തിലൂടെ പുതിയ ഉപയോക്താക്കളെയും ബിഎസ്എൻഎൽ ലക്ഷ്യമിട്ടിരുന്നു.

ഇതിനിടെയാണ് എല്ലാ പ്ലാനുകളിലും രാത്രിവിളി സൗജന്യം ലഭ്യമല്ല എന്ന വാർത്തകൾ പുറത്തുവന്നത്. ബിഎസ്എൻഎലിന്റെ ബ്രോഡ്ബാൻഡ് പ്ലാനുകളിലൊന്നും സൗജന്യ വിളി ലഭ്യമല്ല എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

സംഭവം വാർത്തയായതോടെ സോഷ്യൽ മീഡിയയിൽ കനത്ത പരിഹാസമാണ് ബിഎസ്എൻഎലിനെതിരെ ഉയരുന്നത്. ഫ്രീയെന്നു കേട്ടപ്പോൾ ഉടനെ ചാടിവീണവർക്കൊക്കെ ഇതാകും അനുഭവമെന്നും സൈബർ ലോകം കളിയാക്കുന്നു.

എന്നാൽ, ചില ബ്രോഡ്ബാൻഡ് കോംബോ പ്ലാനുകളിൽ മാത്രമാണ് സൗജന്യ വിളിയുടെ ആനുകൂല്യം ലഭിക്കാത്തതെന്നാണ് ബിഎസ്എൻഎൽ അധികൃതർ നൽകുന്ന വിശദീകരണം. ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന പ്ലാനുകൾക്കൊക്കെ ഈ ആനുകൂല്യം ലഭ്യമാണെന്നാണ് ബിഎസ്എൻഎൽ വിശദീകരിക്കുന്നത്. രാത്രിവിളി സൗജന്യം ലഭിക്കുന്ന പ്ലാനുകൾ ഇവയാണ്.

ഓഫർ ലഭ്യമല്ലാത്ത ബ്രോഡ്ബാൻഡ് കോംബോ പ്ലാനുകൾ ഇവയാണ്:

ബിബിജി കോംബോ - 345, 650, 850, 1111, 4500
ബിബിജി കോംബോ യുഎൽ - 9450
യുഎൽഡി - 1050, 1050 (കമ്മിറ്റഡ്)
ബിബി ഹോം കോംബോ യുഎൽഡി - 1400
യുഎൽഡി - 1100
ഹോം യുഎൽഡി - 1499
ബിബി സ്‌പെഷൽ കോംബോ യുഎൽഡി - കെപി
യുഎൽഡി - 900
ബിബിജി കോംബോ - 500, 599
ബിബിബിസിനസ് - 1000
കോംബോ ജനറൽ
ബിബിജി കോംബോ - 749

ബിഎസ്എൻഎലിന്റെ ടോൾഫ്രീ നമ്പറായ 18003451500ൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.