പനാജി: കർണാടകത്തിന് പിന്നാലെ ഗോവയിലും രാഷ്ട്രീയ നാടകം. ബിജെപിക്ക് തിരിച്ചടി നൽകാൻ ഉറച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുകയാണ് ഗോവയിലെ കോൺഗ്രസ് നേതാക്കൾ.വെള്ളിയാഴ്ച രാവിലെ നിയമസഭാകക്ഷി ബാബു കാവ്‌ലേക്കറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധി സംഘം ഗവർണർ മൃദുല സിൻഹയെ കാണും.മണിപ്പൂരിലും,ബിഹാറിലും, മേഘാലയയിലും സമാനമായ നീക്കങ്ങൾ നടക്കുന്നുണ്ട്.

കർണാടകത്തിലും ഗോവയിലും രണ്ട് അളവുകോലുകൾ എങ്ങനെ സാധിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. കർണാടകത്തിൽ ഏറ്റവും വലിയ ഒറ്റകകക്ഷിയെ അധികാരത്തിലേറാൻ അനുവദിച്ചെങ്കിൽ,അതിവിടെയും ബാധകമാക്കണമെന്ന് ഗോവ കോൺഗ്രസ് അദ്ധ്യക്ഷൻ ഗിരീഷ് ചോദങ്കർ പറഞ്ഞു.സ്ഥലത്തുള്ള എംഎൽഎമാരെല്ലാം രാജ്ഭവനിലെത്തി ഗവർണറെ കാണുമെന്നും ചോദങ്കർ വ്യക്തമാക്കി.

2017 ലെ ഗോവ നിയമസഭ തിരഞ്ഞെടുപ്പിൽ, 40 സീറ്റുകളിൽ 17 സീറ്റുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്.ബിജെപി 13 സീറ്റ് മാത്രമാണ് നേടിയത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിശ്വജിത്ത് റാണെ എന്ന എംഎൽഎ കോൺഗ്രസിൽ നിന്ന് രാജി വച്ച് വിശ്വാസവോട്ടിന് മുമ്പ് ബിജെപിയിൽ ചേർന്നു.ഗോവ ഫോർവാഡ് പാർട്ടി, എംജിപി എന്നിങ്ങനെ മൂന്ന് സീറ്റ് വീതം നേടിയ കക്ഷികളുമായി കൂട്ട് ചേർന്നാണ് ബിജെപി സർക്കാരുണ്ടാക്കിയത്.

ഗോവയിൽ കോൺഗ്രസിന്സർക്കാരുണ്ടാക്കാൻ 21 എംഎൽഎമാരുടെ പിന്തുണ എങ്ങനെ തേടുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവില്ല. തങ്ങൾ സഭാതലത്തിൽ ഭൂരിപക്ഷം തെളിയിക്കാമെന്നാണ് ചോദങ്കർ പറയുന്നത്.കഴിഞ്ഞ വർഷം ഗവർണർ വരുത്തിയ തെറ്റ് തിരുത്താനുള്ള അവസരമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മനോഹർ പരീക്കറാണ് നിലവിൽ മുഖ്യമന്ത്രി. പരീക്കർ ഇപ്പോൾ ചികിൽസയ്ക്കായി അമേരിക്കയിലാണ്. കഴിഞ്ഞ രണ്ടുമാസമായി സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അഭാവത്തിൽ സർക്കാർ നിലവില്ലെന്നും കോൺഗ്രസിന് സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നുമാണ് അവകാശവാദം.

അതിനിടെ ആർജെഡിയും ബിഹാറിൽ സമാന നീക്കം തുടങ്ങി. കർണാടകത്തിൽ ജനാധിപത്യം കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് വെള്ളിയാഴ്ച ധർണ നടത്താനാണ് തീരുമാനം. ഇതിനൊപ്പം സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ വിളിക്കണമെന്നാണ് ആർജെഡി ആവശ്യപ്പെടുന്നത്.