ന്യൂഡൽഹി: 2019 ൽ ബിജെപിക്ക് എതിരെ വിശാല സഖ്യം രൂപീകരിക്കുമെന്ന് കോൺഗ്രസ്. സമാനചിന്താഗതിയുള്ള പാർ്ട്ടിക്കാരുമായി ചേർന്നായിരിക്കും സഖ്യമുണ്ടാക്കുക.എഐസിസി സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ഇത് വ്യക്തമാക്കിയത്.

വിദ്വേഷമില്ലാതാക്കി ഇന്ത്യയെ നയിക്കാൻ കോൺഗ്രസിനേ കഴിയൂവെന്ന് ആമുഖ പ്രസംഗത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കൾക്ക് കൂടുതൽ അവസരം നൽകുമ്പോൾ മുതിർന്ന നേതാക്കളെ അവഗണിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.കേന്ദ്ര സർക്കാർ ഇന്ത്യയെ വിഭജിക്കുന്നുവെന്നും വിദ്വേഷം പരത്തുന്നുവെന്നും രാഹുൽ ആരോപിച്ചു. മാറ്റം ഇപ്പോഴാണെന്ന മുദ്രാവാക്യത്തോടെ തുടങ്ങിയ സമ്മേളനത്തിൽ യുവാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരുമെന്നും, പഴയകാലം മറക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.

ജവഹർലാൽ നെഹ്‌റു മുതൽ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മന്മോഹൻസിങ് തുടങ്ങി കോൺഗ്രസിന്റെ എല്ലാ മുൻ പ്രധാനമന്ത്രിമാരും നൽകിയ സേവനങ്ങൾ എടുത്തുപറയുന്ന രാഷ്ട്രീയ പ്രമേയമാണ് സമ്മേളനത്തിൽ മല്ലാകാർജ്ജുണ ഖാർഗെ അവതരിപ്പിച്ചത്.

തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെന്ന നിർദ്ദേശം പ്രമേയം തള്ളി. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്ത് ആർ.എസ്.എസും ബിജെപിയും മൗലിക അവകാശങ്ങൾ ഹനിക്കുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.ഇതിനിടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തിരഞ്ഞെടുപ്പിൽ ഉപയോഗിക്കരുതെന്നും ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്നുമുള്ള ആവശ്യം പ്രമേയത്തിൽ ശ്രദ്ധേയമായി. മുതിർന്ന നേതാവും ലോക്സഭയിലെ കക്ഷിനേതാവുമായ മല്ലികാർജുന ഖാർഗെയാണ് രാഷ്ട്രീയ പ്രമേയം പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ചത്.

റാഫേൽ ഇടപാടിൽ അഴിമതി നടന്നെന്ന് പ്രമേയത്തിൽ ഊന്നിപറയുന്നുണ്ട്. 36 റാഫേൽ യുദ്ധ വിമാനങ്ങൾ കൂടുതൽ പണം നൽകിയാണ് വാങ്ങിയത്. ഇതിനെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശ്രമങ്ങളാണ് നടന്നുവരുന്നത്. രാജ്യത്തിന്റെ മതേതരമൂല്യങ്ങൾ ആർഎസ്എസ് തകർക്കുന്നു.

സ്വാതന്ത്യ സമരത്തിൽ പങ്കടുക്കാത്ത പ്രസ്ഥാനങ്ങളാണ് ആർ.എസ്എസും ബിജെപിയും. എന്നാൽ ചരിത്രത്തെ വളച്ചൊടിക്കാനാണ് ഈ സംഘടനകൾ ശ്രമിക്കുന്നത്. കശ്മീരിലെ സ്ഥിതിഗതികൾ ദിനംപ്രതി വഷളാകുന്നു. ഭീകരതയ്ക്കെതിരെയുള്ള നടപടികൾ രാജ്യത്തെ വിഭജിക്കാനാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ ആഭ്യന്തര ക്രമസമാധാന നില തകർന്നുവെന്നും കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം പറയുന്നു.

മോദിക്ക് അധികാരം തലയ്ക്കുപിടിച്ചതുമൂലമുണ്ടായ ധാർഷ്ട്യമാണ്. കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും ലക്ഷ്യമിട്ട് ആക്രമിക്കുകയാണ് ബിജെപിയെന്നും കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സംസാരിക്കവേ സോണിയ പറഞ്ഞു.
മോദി അധികാര ഗർവിലും അഹങ്കാരത്തിലും മുങ്ങിയിരിക്കുകയാണെന്ന് സോണിയ ഗാന്ധി വിമർശിച്ചു. എന്നാൽ ഇതിനു മുന്നിൽ കോൺഗ്രസ് മുട്ടുമടക്കില്ല. യുപിഎ സർക്കാർ കൊണ്ടുവന്ന പദ്ധതികളെല്ലാം ഒന്നുകിൽ അവഗണിക്കുകയോ അല്ലെങ്കിൽ ദുർബലമാക്കുകയോ ആണ് മോദി സർക്കാർ ചെയ്തത്. മന്മോഹൻ സിങ്ങിന്റെ ഭരണത്തിനു കീഴിൽ സാമ്പത്തിക പുരോഗതി അതിന്റെ ഔന്നത്യങ്ങളിലെത്തിയിരുന്നു. മോദിയുടെയും കൂട്ടരുടെയും കള്ളത്തരങ്ങൾ തുറന്നുകാട്ടും' സോണിയ പറഞ്ഞു.

യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പി.ചിംദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സോണിയ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചമയ്ക്കുകയാണ് സർക്കാരെന്നും അവർ ആരോപിച്ചു.

കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷത്തോടെ ശക്തമായി രംഗത്തുവരണമെന്ന സന്ദേശം നൽകുന്നതായിരുന്നു സോണിയാ ഗാന്ധിയുടെ പ്രസംഗം. 1978ൽ ചിക്ക്മാംഗ്ലൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം പൂർവാധികം ശക്തിയോടെ ഇന്ദിരാഗാന്ധി ലോക്സഭയിൽ തിരിച്ചെത്തിയ കാര്യം പ്രവർത്തകരെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം. വരുന്ന കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരുമെന്നും രാജ്യത്ത് പാർട്ടിക്ക് ഉണർവുണ്ടാകുമെന്നും സോണിയ പറഞ്ഞു.

പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്ന്. പാർട്ടിയുടെ വിജയമെന്നതു രാജ്യത്തിന്റെ വിജയമാണ്. അതു നമ്മുടെ ഓരോരുത്തരുടെയും വിജയമാണ്. കോൺഗ്രസ് എന്നത് ഒരു രാഷ്ട്രീയനാമം മാത്രമല്ല, അതൊരു മുന്നേറ്റമാണെന്നു മറ്റുള്ളവർക്കു മനസ്സിലാക്കി കൊടുക്കണമെന്നും സോണിയ പറഞ്ഞു.