- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസസരോവർ യാത്രയ്ക്ക് ശേഷം ശിവഭക്തൻ; ചിത്രകൂടത്തിലെത്തുമ്പോൾ രാമഭക്തൻ; ജബൽപൂരിലെത്തുമ്പോൾ നർമദാമാ ഭക്തൻ; എല്ലായിടത്തും ഭക്തനായ രാഹുലിന്റെ പോസ്റ്ററുകൾ; ബിജെപിക്ക് അതേ നാണയത്തിൽ മറുപടി പറയാൻ മതേതരത്വം പാടേ ഉപേക്ഷിച്ച് കോൺഗ്രസ്; മധ്യപ്രദേശിലെ ബിജെപിയുടെ ഉരുക്കുകോട്ട പിടിക്കാൻ പുതിയ രാഷ്ട്രീയ തന്ത്രവുമായി രാഹുലും കൂട്ടരും
ഭോപ്പാൽ: 15 വർഷമായി ബിജെപിയുടെ ഉരുക്കുകോട്ടയാണ് മധ്യപ്രദേശ്. 13 വർഷമായി മുഖ്യമന്ത്രിയായി തുടരുന്ന ശിവരാജ് സിങ് ചൗഹാന്റെ അടിത്തറയിളക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇത്തവണ കോൺഗ്രസ്. മൂന്ന് വട്ടമാണ് സംസ്ഥാനത്ത് കോൺഗ്രസിന് അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നത്. ഭരണവിരുദ്ധ വികാരം ഇളക്കി വോട്ടുപിടിക്കാനുള്ള തന്ത്രമൊക്കെ എത്ര കണ്ട് ഏശും എന്ന കാര്യത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് തന്നെ സംശയമുണ്ട്. ഇത്തവണ, തിരഞ്ഞെടുപ്പ് തന്ത്രത്തിൽ കാതലായ മാറ്റമാണ് കോൺഗ്രസ് വരുത്തിയിരിക്കുന്നത്. 2003 ൽ ഹിന്ദുത്വ പ്രചാരണത്തെ ശക്തമായി എതിർത്തിരുന്ന പാർട്ടി ഇപ്പോൾ അതിനെ പുണരുന്ന കാഴ്ചയാണ്. ഹൈന്ദവ വികാരത്തെ പരമാവധി ചൂഷണം ചെയ്ത് ബിജെപിക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കുക എന്നതാണ് ലക്ഷ്യം. പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ ശിവഭക്തനായും. രാമഭക്തനായും, നർമദ ഭക്തനായും ഒക്കെയാണ് ചിത്രീകരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മതേതരത്വത്തിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം. ഉമാ ഭാരതിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബി
ഭോപ്പാൽ: 15 വർഷമായി ബിജെപിയുടെ ഉരുക്കുകോട്ടയാണ് മധ്യപ്രദേശ്. 13 വർഷമായി മുഖ്യമന്ത്രിയായി തുടരുന്ന ശിവരാജ് സിങ് ചൗഹാന്റെ അടിത്തറയിളക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇത്തവണ കോൺഗ്രസ്. മൂന്ന് വട്ടമാണ് സംസ്ഥാനത്ത് കോൺഗ്രസിന് അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നത്. ഭരണവിരുദ്ധ വികാരം ഇളക്കി വോട്ടുപിടിക്കാനുള്ള തന്ത്രമൊക്കെ എത്ര കണ്ട് ഏശും എന്ന കാര്യത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് തന്നെ സംശയമുണ്ട്.
ഇത്തവണ, തിരഞ്ഞെടുപ്പ് തന്ത്രത്തിൽ കാതലായ മാറ്റമാണ് കോൺഗ്രസ് വരുത്തിയിരിക്കുന്നത്. 2003 ൽ ഹിന്ദുത്വ പ്രചാരണത്തെ ശക്തമായി എതിർത്തിരുന്ന പാർട്ടി ഇപ്പോൾ അതിനെ പുണരുന്ന കാഴ്ചയാണ്. ഹൈന്ദവ വികാരത്തെ പരമാവധി ചൂഷണം ചെയ്ത് ബിജെപിക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കുക എന്നതാണ് ലക്ഷ്യം. പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ ശിവഭക്തനായും. രാമഭക്തനായും, നർമദ ഭക്തനായും ഒക്കെയാണ് ചിത്രീകരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മതേതരത്വത്തിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം. ഉമാ ഭാരതിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി ഉയർത്തിക്കാട്ടിയ നാളുകളിലും കോൺഗ്രസ് നയം മാറ്റിയില്ല. മോദി തരംഗം വീശിയ 2008 ലും 2013 ലും തന്ത്രം മാറ്റാൻ, പാർട്ടി ഒരുക്കമായിരുന്നില്ല. എന്നാൽ, തുടർച്ചയായ മൂന്ന് പരാജയങ്ങൾ പാർട്ടിയുടെ കണ്ണുതുറപ്പിച്ചു. മാനസസരോവർ യാത്രയ്ക്ക് ശേഷം രാഹുൽ ശിവ ഭക്തനായാണ് പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രകൂടത്തിലെത്തുമ്പോൾ രാഹുൽ രാമഭക്തനായി മാറുന്നു. അതേസമയം, ജബൽപൂരിൽ നർമദ ഭക്തനായും ചിത്രീകരിക്കുന്നു. ദൈവങ്ങൾക്ക് മുമ്പിൽ കൂപ്പുകൈയുമായി നിൽക്കുന്ന രാഹുലിന്റെ ചിത്രങ്ങൾ വോട്ടുനേടികൊടുക്കുമെന്ന് കോൺഗ്രസ് വായിച്ചെടുത്തു. ഗുജറാത്ത്, ഉത്തർപ്രദേശ്, കർണാടക തിരഞ്ഞെടുപ്പുപ്രചാരണ വേളകളിലെല്ലാം രാഹുൽ ക്ഷേത്രങ്ങൾ കയറിയിറങ്ങിയതും വെറുതെയല്ല.
എന്നാൽ, മധ്യപ്രദേശിൽ പോരാട്ടം കുറെക്കൂടി തീവ്രമാണ്. ഗോസംരക്ഷണം, എല്ലാ പഞ്ചായത്തിലും ഗോശാല, രാം വൻഗമൻ പദ് യാത്ര എന്നിങ്ങനെ പോകുന്നു പാർട്ടി വാഗ്ദാനങ്ങൾ. രാമന്റെ വനവാസകാലത്തെ സ്ഥലങ്ങളിലേക്കുള്ള കോൺഗ്രസിന്റെ തീർത്ഥാടനപദയാത്ര ബിജെപിയെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ മുതുമുത്തച്ഛൻ ജവഹർലാൽ നെഹ്‌റുവിനെ പോലെ രാഹുലിനെയും പണ്ഡിറ്റായാണ് കോൺഗ്രസ് പോസ്റ്ററുകളിൽ ചിത്രീകരിക്കുന്നത്. രാഹുൽ തന്റെ ഔദ്യോഗിക പ്രചാരണം തുടങ്ങിയത് പോലും ചിത്രകൂടത്തിലെ കംതനാഥ് ക്ഷേത്രത്തിൽ പൂജയ്ക്ക് ശേഷമാണ്. ചിത്രകൂടത്തിലാണ് രാമൻ തന്റെ വനവാസകാലത്തെ 11 വർഷങ്ങൾ ചെലവഴിച്ചത്. ചിത്രകൂടം മുതൽ അമർകന്തക് വരെ ശ്രീരാമൻ സഞ്ചരിച്ച പാതയിലൂടെ സാധുക്കൾക്കൊപ്പം ഹരിശങ്കർ ശുക്ലയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം ഇപ്പോൾ യാത്ര നടത്തി വരികയാണ്.
അധികാരത്തിലെത്തിയാൽ, മധ്യപ്രദേശിനെ ഒരു മത-ആത്മീയ കേന്ദ്രമായി വികസിപ്പിക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം. 'ബിജെപി മതത്തെ രാഷ്ട്രീയനേട്ടത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ, കോൺഗ്രസ് സംസ്ഥാനത്തെ മത-ടൂറിസം ഹബ്ബായി വികസിപ്പിക്കും', പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കമൽനാഥ് പറഞ്ഞു. സംസ്ഥാനത്തെ മറ്റൊരു നേതാവ് പറയുന്നത് ഇങ്ങനെ: ' ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ കൂടുതൽ ഹിന്ദുത്വ പ്രചാരണങ്ങളുമായാണ് രാഹുൽ നേരിടുന്നത്. ഹിന്ദുവിരുദ്ധനെന്ന് അദ്ദേഹത്തെ ഇനി മുദ്രകുത്താനാവില്ല. അഴിമതി, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിൽ മാത്രമല്ല, ഹിന്ദുത്വ വിഷയത്തിലും രാഹുൽ മോദിയെ തന്ത്രപരമായി ആക്രമിക്കുന്നു.' രാഹുലിന്റെ പ്രതിച്ഛായ മാറ്റമൊന്നും തങ്ങളെ ബാധിക്കില്ലെന്നാണ് ബിജെപി പരസ്യമായി പ്രതികരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയില്ലാതെ തിരഞ്ഞടുപ്പ് ജയിച്ചുകയറാനാവില്ലെന്ന് രാഹുൽ തിരിച്ചറിഞ്ഞിരിക്കുന്നു. എവിടെ പോയി ആ പാർട്ടിയുടെ മതേതരത്വം? ബിജെപി നേതാക്കൾ ചോദിക്കുന്നു.
ഹിന്ദുത്വ വിഷയങ്ങൾക്കൊപ്പം വികസന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാനും കോൺഗ്രസ് പരിശ്രമിക്കുന്നുണ്ട്. തൊഴിലില്ലായ്മയും, ചെറുകിട വ്യവസായികളുടെ പ്രശ്‌നങ്ങളും പ്രചാരണ വിഷയങ്ങളാക്കുന്നു. ഒരു കാലത്ത് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വരെ പരിഗണിച്ച ശിവരാജ്‌സിങ് ചൗഹാൻ ഇതുകൊണ്ടൊന്നും കുലുങ്ങുന്നില്ല. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പ് തന്നെയാണ് അദ്ദേഹത്തിന്റെ മുഖ്യപ്രചരണായുധം. അതേസമയം, മാധവറാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യയെയാണ് കോൺഗ്രസ് തങ്ങളുടെ സാരഥിയായി മുന്നോട്ട് വയക്കുന്നത്.