കോഴിക്കോട്: യു.ഡി.എഫിന് തലവേദനയായി കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തെ സ്ഥാനാർത്ഥി നിർണ്ണയവും. അണികളുടെ എതിർപ്പ് വകവെക്കാതെ മുസ്ലിം ലീഗ് കോൺഗ്രസുമായി വച്ചു മാറിയ മണ്ഡലത്തിൽ കഴിഞ്ഞ ദിവസം ആരോടും ചോദിക്കാതെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു ഏകപക്ഷീയമായി പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ വെള്ളിയാഴ്ച ഡൽഹിയിൽ ഉണ്ടായ ധാരണപ്രകാരം ഈ സീറ്റ് ടി.സിദ്ദീഖിനാണെന്നാണ് അറിയുന്നത്. ഉമ്മൻ ചാണ്ടിയുമായുള്ള അടുപ്പം തന്നെയാണ് പതിവുപോലെ സിദ്ദീഖിന് തുണയായത്. തന്നെ വെട്ടിയ വിവരം അറിഞ്ഞ് അബു തന്നെ ഞെട്ടിയെന്നാണ് സൂചന.

അതേസമയം മണ്ഡലം കോൺഗ്രസിന് കൈമാറിയതിന് ലീഗ് അണികൾ കടുത്ത അമർഷത്തിലാണ്. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് യൂത്ത്‌ലീഗ്, എംഎസ്എഫ് കമ്മിറ്റികളും കൂട്ട അവധി എടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അവധി എടുക്കുന്നതായി കാണിച്ച് വിവിധ പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികൾ ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാലക്ക് കത്ത് അയച്ചിട്ടുണ്ട്. അതിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കോണി അടയാളത്തിൽ വോട്ട് ചെയ്യമെന്നാവശ്യപ്പെടുന്ന ഫ്‌ളക്‌സുകൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നിട്ടുണ്ട്.

മണ്ഡലം വിട്ടുകൊടുക്കരുതെന്ന് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കൾ പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളേയും പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയ നേതാക്കളേയും കണ്ട് ആവശ്യപ്പെട്ടിരുന്നു. നേതൃത്വം ഏകപക്ഷീയമായി മണ്ഡലം കൈമാറി അണികളെ വഞ്ചിച്ചിരിക്കുകയാണെന്നും യൂത്ത്‌ലീഗ്, എംഎസ്എഫ് നേതാക്കൾ പറയുന്നു. യൂത്ത്‌ലീഗ് അഖിലേന്ത്യാ കൺവീനർ പി.കെ ഫിറോസിനെയാണ് കുന്ദമംഗലത്ത് ലീഗ് പരിഗണിച്ചിരുന്നത്. എന്നാൽ വിവാഹപ്രായ വിവാദത്തിൽ സമസ്ത ഇ.കെ വിഭാഗം ശക്തമായ എതിർപ്പുമായി രംഗത്ത് വന്നതോടെയാണ് ഫിറോസിനെ മാറ്റി നിർത്താൻ ലീഗ് തീരുമാനിച്ചത്. സീറ്റ് ലഭിക്കണമെങ്കിൽ ഫിറോസ് നിലപാട് മാറ്റി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം അദ്ദഹേം തള്ളിയതോടെയാണ് ഫിറോസിനെ തഴയാൻ ലീഗ് തീരുമാനിച്ചത്.

നബിദിന റാലിയിൽ പ്‌ളാസ്റ്റിക്ക് ഗ്‌ളാസുകൾ റോഡിൽ വലിച്ചറെിഞ്ഞ് മലിനീകരണമുണ്ടാക്കുന്നതിനെയും അസമയത്ത് പള്ളിയിൽ പ്രാർത്ഥനകൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനേയും ഫിറോസ് വിമർശിച്ചിരുന്നു. ഇതും ഇകെ വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.ഫിറോസും സമസ്തയുമായുള്ള പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും ഫിറോസ് പരസ്യമായി മാപ്പു പറയണമെന്നു സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫിന്റെ ആവശ്യം ഫിറോസ് തള്ളിയതോടെ പരിഹാരം അകലെയായി.

അതിനിടെ എസ്.‌കെ.എസ്.എസ്.എഫ് കോഴിക്കൊട് ജില്ലാ സെക്രട്ടറി എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.എ റഹീമുമായി കുന്ദമംഗലത്തെ ഒരു ഹോട്ടലിൽ വച്ച രഹസ്യം കൂടിക്കാഴ്‌ച്ച നടത്തിയതും ലീഗിൽ വിവാദത്തിന് കാരണമായിട്ടുണ്ട്. സമസ്തയുടെ പേര് ഉപയോഗപ്പെടുത്തി എസ്‌കെഎസ്എസ്എഫ് നേതൃത്വത്തിലെ യുവനേതാക്കൾ ലീഗിനെ ഹൈജാക്ക് ചെയ്യകയാണെന്നും അത് അനുവദിക്കരുതെന്നുമാണ് യൂത്ത്‌ലീഗും എംഎസ്എഫും ആവശ്യപ്പെടുന്നത്.ലീഗിൽ കുഞ്ഞാലിക്കുട്ടി പക്ഷത്തെ ഒതുക്കാനുള്ള എതിർവിഭാഗത്തിന്റെ നീക്കമാണ് കുന്ദമംഗലം വിട്ടുകൊടുക്കുന്നതിന് പിന്നിലെന്നും ആരോപണമുണ്ട്. കുഞ്ഞാലിക്കുട്ടി പക്ഷക്കാരനായ ഫിറോസിനെ മത്സരിപ്പിക്കുന്നത് തടയാൻ വഹാബ് പക്ഷം സമസ്തയെ കൂട്ടുപിടിക്കുകയാണെന്നും ഇവർ പറയുന്നു.

ഇക്കാരണങ്ങൾകൊണ്ടൊക്കെതന്നെ കുന്ദമംഗലത്ത് സിദ്ദീഖിന് ഏറെ വിയർക്കേണ്ടിവരും. സിപിഎമ്മിന് നല്ല സ്വാധീനമുള്ള മണ്ഡലത്തിൽ നിലവിലെ എംഎ‍ൽഎയായ പി.ടി.എ റഹീമാണ് വീണ്ടും ജനവിധി തേടുന്നത്. കോൺഗ്രസിന് വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ ലീഗിന്റെ അതൃപ്തി എങ്ങനെ തിരഞ്ഞെടുപ്പിൽ ഫലിക്കുമെന്ന നെഞ്ചിടിപ്പിലാണ് കോൺഗ്രസ് നേതൃത്വം.