കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ കോ-ലീ-ബി സഖ്യത്തെക്കുറിച്ചുള്ള വിവാദങ്ങൾ വീണ്ടും ചൂടുപിടിക്കുന്നു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വോട്ടുകൾ ചോർന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി പരസ്യമായി രംഗത്തത്തെി. 14ാം വാർഡായ ചേവരമ്പലത്തെ സ്ഥാനാർത്ഥിയും, കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ജില്ലാ ജനറൽ സെക്രട്ടറിയുമായ എൻ.വി. ബാബുരാജാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യു.ഡി.എഫ് സംസ്ഥാന കൺവീനർ പി.പി. തങ്കച്ചനും മന്ത്രി കെ.എം. മാണിക്കും പരാതിയയച്ചത്.

ബിജെപിയുടെ ഇ. പ്രശാന്ത് കുമാർ 388 വോട്ടിന് ജയിച്ച വാർഡിൽ ബാബുരാജ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. ചേവരമ്പലത്തടക്കം കോൺഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചന്നെ് സിപിഎമ്മും ആരോപിച്ചിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫിന് 980 വോട്ടുകിട്ടിയിരുന്നതായി ബാബുരാജ് പറഞ്ഞു. എന്നാൽ, ഇത്തവണ 900 വോട്ട് കൂടിയിട്ടും തനിക്ക് കിട്ടിയത് 556 വോട്ടാണ്. വോട്ട് ചോരുന്ന പ്രവണത തടയാൻ ശക്തമായ നടപടിവേണമെന്നാണ് ആവശ്യം. തന്നെ നേർച്ചക്കോഴിയാക്കുകയായിരുന്നുവെന്ന് ബാബുരാജ് പറഞ്ഞു.

സിപിഐ(എം) സിറ്റിങ് വാർഡായ ചേവരമ്പലത്ത് പാർട്ടി ലോക്കൽ കമ്മിറ്റിയംഗം അഡ്വ എം. ജയദീപിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചന്നെും, പകരം കല്ലായിയിൽ പാർട്ടി സൗത് ഏരിയ സെക്രട്ടറിയായിരുന്ന കാനങ്ങോട്ട് ഹരിദാസനെ തോൽപിക്കാൻ ബിജെപി കോൺഗ്രസ് സിറ്റിങ് കൗൺസിലർ എം.സി. സുധാമണിക്ക് വോട്ട് ചെയ്‌തെന്നുമാണ് സിപിഐ(എം) ആരോപണം. കഴിഞ്ഞ തവണ 500ലേറെ വോട്ടുണ്ടായിരുന്ന ബിജെപിക്ക് കല്ലായിയിൽ ഇത്തവണ കിട്ടിയത് 172 വോട്ടാണ്.

കോഴിക്കോട് കോർപ്പറേഷനിൽ ഇത്തരത്തിൽ 10സീറ്റുകളിലെങ്കിലും കോലീബി സഖ്യമുണ്ടായിരുന്നതായാണ് ഇടതുപക്ഷത്തിന്റെ ആരോപണം.ബിജെപിക്ക് എഴു സീറ്റാണ് ഇവിടെ കിട്ടിയത്. ഇതിൽ നാലിടത്തും കോൺഗ്രസിന്റെ വോട്ടുകൾ കാണാനില്ല.ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, എം.കെ രാഘവൻ എംപി,മന്ത്രി എം.കെ മുനീർ എന്നിവർ ബിജെപി ജില്ലാ നേതൃത്വവുമായി ചരടുവലിച്ചാണ് സഖ്യമുണ്ടാക്കിയതെന്നാണ് സിപിഎമ്മിന്റെ ആരോപണം.

അവസാന നിമിഷംവരെയും ഡി.സി.സി പ്രസിഡന്റ് കെ.സി അബു കോഴിക്കോട് കോർപ്പറേഷൻ യു.ഡി.എഫ് ഭരിക്കുമെന്നാണ് പ്രചരിപ്പിച്ചിരുന്നത്. അബുവിന്റെ വാക്കുവിശ്വസിച്ച് വലിയ തുകക്ക് വാതുവെപ്പുകൾ നടത്തിയ കോൺഗ്രസുകാരും ഫലംവന്നതോടെ കുടുങ്ങി. ഈ കോ-ലീ-ബിയുടെ ബലത്തിലായിരുന്നു അബുവിന്റെ ആത്മവിശ്വാസമെന്നാണ് ഇപ്പോൾ കോൺഗ്രസുകാർതന്നെ പറയുന്നത്.

അതേസമയം ബീഫ് വിവാദമടക്കമുള്ള പ്രശ്‌നങ്ങളിൽ കോൺഗ്രസ് നേതൃത്വം ശക്തമായി പ്രതികരിക്കാത്തിനാൽ ന്യൂനപക്ഷവോട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലമായി എന്ന വിലയിരുത്തലിലാണ് ജില്ലാ മുസ്ലീലീഗ് നേതൃത്വം. ഉമ്മർപാണ്ടികശാലയെപ്പോലുള്ള ലീഗ് നേതാക്കൾ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് ഒരു മൃദുഹിന്ദുത്വസമീപനമാണ് സ്വീകരിക്കുന്നതെന്ന ധാരണ മുസ്ലിം സമുദായത്തിന് പൊതുവെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രി മുനീറിൻെർ മണ്ഡലമായ കോഴിക്കോട് സൗത്തിലടക്കം മുസ്ലീലീഗിന്റെ ഉറച്ചവാർഡുകളിൽ ഇത്തവണ എൽ.ഡി.എഫ് ജയിച്ചുകയറി. ഇതോടെ കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് ലീഗ് ബന്ധം ഒന്നുകൂടി വഷളായിരക്കയാണ്.