കോഴിക്കോട്: കുന്ദമംഗലം അസംബ്‌ളി മണ്ഡലത്തിൽ യു.ഡി.എഫുമായി മുസ്ലിം യൂത്ത്‌ലീഗിന്റെ നിസ്സഹകരണത്തിന് താൽക്കാലിക പരിഹാരമായി. വ്യാഴാഴ്ച കോഴിക്കോട് ലീഗ്ഹൗസിൽ ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് എതിർപ്പുകൾ അവസാനിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി രംഗത്തിറങ്ങാൻ തീരുമാനമായത്. കാലങ്ങളായി മുസ്ലിം ലീഗ് മത്സരിച്ചുവരുന്ന കുന്ദമംഗലം അസംബ്‌ളി സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്തതിനെ ചൊല്ലിയാണ് യൂത്ത്‌ലീഗ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

കുറച്ചുദിവസങ്ങളായി മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തനങ്ങളിലൊന്നും യൂത്ത്‌ലീഗ് സഹകരിച്ചിരുന്നില്ല. ഇതിനത്തെുടർന്ന് വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ കൺവെൻഷനുകൾ മാറ്റിവെക്കേണ്ടിവന്നു. മുഖ്യമന്ത്രി പങ്കെടുക്കുമെന്നറിയിച്ച കൺവെൻഷനാണ് മാറ്റിവച്ചത്. പ്രശ്‌നം ചർച്ചചെയ്യാൻ രണ്ടു ദിവസം മുമ്പ് പൂവാട്ടുപറമ്പിൽ ചേർന്ന ലീഗ്‌യൂത്ത്‌ലീഗ് മണ്ഡലം കൗൺസിൽ യോഗം ബഹളത്തിൽ കലാശിക്കുകയായിരുന്നു. യൂത്ത്‌ലീഗിന്റെ നിസ്സഹകരണവും പ്രതിഷേധവും മണ്ഡലത്തിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്ന അവസ്ഥയിലത്തെിയതിനാലാണ് വ്യാഴാഴ്ച ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് അടിയന്തര യോഗം വിളിച്ചത്.

യോഗത്തിൽ മണ്ഡലം ലീഗ് ഭാരവാഹികളും യൂത്ത്‌ലീഗിന്റെ പഞ്ചായത്തുതല ഭാരവാഹികളുമാണ് പങ്കെടുത്തത്. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, യൂത്ത് ലീഗ് അഖിലേന്ത്യ കൺവീനർ പി.കെ. ഫിറോസ് എന്നിവരും സംബന്ധിച്ചു. യൂത്ത്‌ലീഗ് ഭാരവാഹികൾക്ക് ചർച്ചക്ക് അവസരം നൽകിയശേഷം ഇ.ടി. മുഹമ്മദ് ബഷീർ മറുപടിപ്രസംഗം നടത്തി. കുന്ദമംഗലം അസംബ്‌ളി സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്തത് അഞ്ചുവർഷത്തേക്ക് മാത്രമാണെന്നുള്ള എഗ്രിമെന്റ് യോഗം മുമ്പാകെ ഇ.ടി. ഹാജരാക്കി. മറ്റു നടപടിക്രമങ്ങളിൽ വന്ന പാകപ്പിഴവുകൾ മാനുഷിക പരിഗണനയോടെ കാണണമെന്നും യു.ഡി.എഫിന്റെ പ്രവർത്തനത്തിന് ശക്തിപകരണമെന്നുമുള്ള അദ്ദേഹം അഭ്യർത്ഥിച്ചു.ഇതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.സിദ്ദീഖിനുവേണ്ടി പ്രവർത്തിക്കാമെന്ന് യൂത്ത് ലീഗ് തീരുമാനിക്കയായിരുന്നു.

അതേമസയം അപ്പോഴും ചില പ്രശ്‌നങ്ങൾ ബാക്കിയാണ്. മുമ്പത്തെ തെരഞ്ഞെടുപ്പിൽ ലീഗ് കോൺഗ്രസിൽ നിന്ന് വാങ്ങിയ തിരുവമ്പാടി സീറ്റ് കോൺഗ്രസിന് തിരിച്ചുനൽകാമെന്ന ധാരണ ഉണ്ടെന്ന് കാണിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ലീഗ് പാലിച്ചിട്ടില്ല. കോൺഗ്രസും അതുപോലെ ചെയ്യുമോ എന്ന ആശങ്കയാണ് ഇപ്പോൾ ലീഗിലുള്ളത്. മാത്രമല്ല നേരത്തെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ട യൂത്ത്‌ലീഗ് അഖിലേന്ത്യാ കൺവീനർ് നേതാവ് പി.കെ ഫിറോസിനെ ഒതുക്കാനുള്ള നീക്കമാണോ ഇതെന്നുമുള്ള സംശയം ഇനിയും നീങ്ങിയിട്ടില്ല. എന്നാൽ വിവാഹപ്രായ വിവാദത്തിൽ സമസ്ത ഇ.കെ വിഭാഗം ശക്തമായ എതിർപ്പുമായി രംഗത്ത് വന്നതോടെയാണ് ഫിറോസിനെ മാറ്റി നിർത്താൻ ലീഗ് തീരുമാനിച്ചത്. സീറ്റ് ലഭിക്കണമെങ്കിൽ ഫിറോസ് നിലപാട് മാറ്റി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം അദ്ദഹേം തള്ളിയതോടെയാണ് ഫിറോസിനെ തഴയാൻ ലീഗ് തീരുമാനിച്ചത്.

നബിദിന റാലിയിൽ പ്‌ളാസ്റ്റിക്ക് ഗ്‌ളാസുകൾ റോഡിൽ വലിച്ചറെിഞ്ഞ് മലിനീകരണമുണ്ടാക്കുന്നതിനെയും അസമയത്ത് പള്ളിയിൽ പ്രാർത്ഥനകൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനേയും ഫിറോസ് വിമർശിച്ചിരുന്നു. ഇതും ഇ.കെ വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.ഫിറോസും സമസ്തയുമായുള്ള പ്രശ്‌നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും ഫിറോസ് പരസ്യമായി മാപ്പു പറയണമെന്നു സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫിന്റെ ആവശ്യം ഫിറോസ് തള്ളിയതോടെ പരിഹാരം അകലെയായി.സമസ്തയുടെ പേര് ഉപയോഗപ്പെടുത്തി എസ്‌കെഎസ്എസ്എഫ് നേതൃത്വത്തിലെ യുവനേതാക്കൾ ലീഗിനെ ഹൈജാക്ക് ചെയ്യയാണെന്നും അത് അനുവദിക്കരുതെന്നുമാണ് യൂത്ത്‌ലീഗും എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു.

ഇങ്ങനെയെല്ലാമായതോടെയാണ് കുന്ദമംഗലം കോൺഗ്രസിന് കൊടുത്ത് പകരം ബാലുശ്ശേരി ലീഗ് വാങ്ങിയത്. പുതിയ സാഹചര്യത്തിൽ യൂത്ത് ലീഗിന്റെ അതൃപ്തി എങ്ങനെ മറികടക്കും എന്നതിനെ അനുസരിച്ചായിരക്കും ഈ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.സിദ്ദീഖിന്റെ വിജയ സാധ്യത.