ഷിംല: ഹിമാചൽ പ്രദേശിൽ നിന്നുള്ള വനിതാ എംഎൽഎയ്ക്ക് ഇങ്ങനെയൊരു അക്കിടി പറ്റാനില്ല. കാലം മാറിയത് അവരറിഞ്ഞില്ലെന്ന് തോന്നുന്നു. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന അവലോകന യോഗത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ വനിതാ കോൺസ്റ്റബിളിന്റെ കരണത്തടിച്ചതാണ് എംഎൽഎ.യ്ക്ക് പുലിവാലായത്. അടി കൊണ്ട വനിതാ കോൺസ്റ്റബിൾ എം എൽ എയെ തിരിച്ചും തല്ലി.

കോൺഗ്രസ് എം എൽ എ ആശാകുമാരിയാണ് വനിതാ കോൺസ്റ്റബിളിനെ തല്ലിയത്. എന്തായാലും ഒട്ടുംവൈകാതെ വനിതാ കോൺസ്റ്റബിളും തിരിച്ച് എം എൽ എയെ തല്ലി.ഇരുവരും തമ്മിലുള്ള അടിയുടെയും തിരിച്ചടിയുടെയും വീഡിയോ എ എൻ ഐ പുറത്തുവിട്ടിട്ടുണ്ട്.തനിക്ക് ആ വനിതാ കോൺസ്റ്റബിളിന്റെ അമ്മയുടെ പ്രായമുണ്ടെന്നും അക്കാര്യം അവർക്ക് മാനിക്കാമായിരുന്നുവെന്നും ആശാകുമാരി പറഞ്ഞു. എന്നിരുന്നാലും താൻ അവരെ അടിച്ചത് തെറ്റാണെന്നും അതിന് മാപ്പ് ചോദിക്കുന്നെന്നും എംഎൽഎ പറഞ്ഞു.

രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആശ. പൊലീസ് തടഞ്ഞതാണ് ആശയെ പ്രകോപിപ്പിച്ചത്. ഡൽഹൗസി മണ്ഡലത്തെയാണ് ആശാ കുമാരി പ്രതിനിധീകരിക്കുന്നത്. ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മറ്റി സെക്രട്ടറിയായ ആശ പഞ്ചാബിന്റെ ചുമതല കൂടി വഹിക്കുന്നുമുണ്ട്.