ന്യൂഡൽഹി: യുഡിഎഫിന് അധികാരം കിട്ടുകയാണെങ്കിൽ ആരായിരിക്കും മുഖ്യമന്ത്രി. ഉമ്മൻ ചാണ്ടിയോ അതോ രമേശ് ചെന്നിത്തലയോ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ ഭരണം പിടിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ തർക്കമുയരാതിരിക്കാനുള്ള ജാഗ്രതയിൽ പാർട്ടി ഹൈക്കമാൻഡ്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടേ എന്നാണ് ഇപ്പോൾ ഹൈമാൻഡ് പറയുന്നത്. തെരഞ്ഞടുപ്പിനു മുൻപ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിൽ ഇല്ലെന്നും സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പിനു മുൻപ് ഗ്രൂപ്പ് പോര് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന നേതൃത്വം ഒന്നിച്ചു നിൽക്കണമെന്ന സന്ദേശം ഹൈക്കമാൻഡ് നൽകുന്നത്. തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കാൻ സാധിച്ചാൽ, മുഖ്യമന്ത്രി പദം സംബന്ധിച്ച് അവകാശവാദം മുറുകുമെന്നാണു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുഖ്യമന്ത്രി പദത്തിലേക്ക് അവകാശമുന്നയിക്കാൻ പൂർണ യോഗ്യരാണെന്നും തിരഞ്ഞെടുപ്പിനു ശേഷം കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിക്കുന്നയാൾ ആ പദവിയിലെത്തുമെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞതായി മനോരമ' ഓൺലൈൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എ ഗ്രൂപ്പുകൾ തമ്മിൽ തർക്കം മുറുകിയാൽ സമവായ സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പദം ലഭിക്കുന്നതിന്റെ നേരിയ സാധ്യത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കാണുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലെ മണ്ഡലങ്ങളിലൊന്നിൽ മുല്ലപ്പള്ളി മത്സരിക്കാനിറങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം.

മുഖ്യമന്ത്രിയുടെ കാര്യത്തിൽ തർക്കം ഉടലെടുത്താൽ, അതിനു പരിഹാരവഴി കാണാനുള്ള ഹൈക്കമാൻഡ് സംഘത്തിനു രാഹുൽ ഗാന്ധി ആയിരിക്കും നേതൃത്വം നൽകുക. അനാരോഗ്യം അലട്ടുന്ന ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി സംഘടനാകാര്യങ്ങളിൽനിന്നു വിട്ടു നിൽക്കുകയാണ്. സംസ്ഥാനത്തേക്കുള്ള മുതിർന്ന നിരീക്ഷകനായി നിയോഗിക്കപ്പെട്ട രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും അനുരഞ്ജന ചർച്ചകളിൽ പങ്കാളികളാകും.

മുല്ലപ്പള്ളിയെ മാറ്റാനും നീക്കം

അതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന ലഭിക്കുന്നുണ്ട്. മുല്ലപ്പള്ളി ഇത്തവണ തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഹൈക്കമാൻഡ് നീക്കങ്ങൾ. ഇതു സംബന്ധിച്ച തീരുമാനം ഹൈക്കമാൻഡ് ഉടൻ എടുക്കുമെന്നാണ് വിവരം.

ഉമ്മൻ ചാണ്ടിയെ യുഡിഎഫ് ചെയർമാനാക്കണമെന്ന് എ ഗ്രൂപ്പ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശല തെരഞ്ഞെടുുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ മുല്ലപ്പള്ളിയെ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റണമെന്നുള്ള ആവശ്യം ഉയർന്നിരുന്നു. എന്നാൽ, മുല്ലപ്പള്ളിയെ മാറ്റേണ്ടതില്ലെന്ന തീരുമാനമായിരുന്നു ഹൈക്കമാൻഡ് സ്വീകരിച്ചത്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നിന്നും മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2009, 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയിൽ നിന്നും ലഭിച്ച മികച്ച ലീഡ് ചൂണ്ടികാട്ടിയാണ് ചർച്ചകളിൽ മുല്ലപ്പള്ളിയുടെ പേര് ഉയർന്നത്. ഒപ്പം കെ മുരളീധരന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ നിന്നും ലഭിച്ച വോട്ടിങ് ഭൂരിപക്ഷവും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്. കൊയിലാണ്ടിക്ക് പുറമേ പേരാമ്പ്ര, കൽപ്പറ്റ മണ്ഡലങ്ങളിലും മുല്ലപ്പള്ളിയുടെ പേര് പരിഗണനയിലുണ്ട്.

എന്നാൽ കെപിസിസി പ്രസിഡണ്ടായതിന്റെ പേരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിൽ നിന്നും മാറി നിന്ന മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിക്കുന്ന നീക്കം വിമർശനങ്ങൾക്കിടയാക്കിയേക്കും. ഒപ്പം വടകരയിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്തുണ്ടായ ജനപ്രീതി മുല്ലപ്പള്ളിക്ക് ഇന്നുണ്ടെന്നും ഉറപ്പിച്ച് പറയാൻ കഴിയില്ല. സ്വന്തം ബ്ലോക്ക് ഡിവിനായ കല്ലാമലയിൽ പോലും അദ്ദേഹത്തിനെതിരെ വിമത ശബ്ദം ഉയരുന്നുണ്ട്. വടകരയിൽ മുല്ലപ്പള്ളിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച ആർഎംപിയും തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു.

1970 മുതൽ 91 വരെ കോൺഗ്രസ് മാത്രം വിജയിച്ച കൊയിലാണ്ടി 1996 ൽ പി വിശ്വനാഥനിലൂടെ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ 2001 ൽ പി ശങ്കരൻ മണ്ഡലം തിരിച്ചു പിടിക്കുകയും ചെയ്തു. അതിന് ശേഷം 2006 മുതൽ ഇങ്ങോട്ട് സിപി ഐഎമ്മിന് അവകാശപ്പെട്ടതാണ് കൊയിലാണ്ടിയിലെ വിജയം. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ മുല്ലപ്പള്ളി മൽസരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.