- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആവേശം മാത്രം പോരാ പാർട്ടിയെ ചലിപ്പിക്കാൻ; ചെന്നിത്തലയ്ക്ക് വേണ്ടി സമ്മർദ്ദം ചെലുത്തി ഉമ്മൻ ചാണ്ടി; വി.ഡി.സതീശനായി മുറവിളി കൂട്ടി യുവനേതാക്കളും; ആശയക്കുഴപ്പത്തിലായത് ഹൈക്കമാൻഡും; പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനിരിക്കെ സോഷ്യൽ മീഡിയയിലും ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനം
തിരുവനന്തപുരം: വി.ഡി.സതീശനോ, രമേശ് ചെന്നിത്തലയോ? ആരാവും പുതിയ പ്രതിപക്ഷ നേതാവ്. ഹൈക്കമാൻഡ് പ്രതിനിധികൾ റിപ്പോർട്ട് സമർപ്പിച്ചിട്ടും തീരുമാനം വൈകുന്നത് പലതരത്തിലുള്ള സമ്മർദ്ദങ്ങൾ കാരണമെന്നാണ് സൂചന. വി.ഡി.സതീശനായി യുവനേതാക്കൾ നിലയുറപ്പിക്കുമ്പോഴും എ ഗ്രൂപ്പിന്റെ സ്വരമായ ഉമ്മൻ ചാണ്ടി ചെന്നിത്തലയ്ക്ക് വേണ്ടി സമ്മർദ്ദം ശക്തമാക്കിയതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് കരുതുന്നു. ചെന്നിത്തല മാറണമെന്ന് ആവശ്യപ്പെടുന്നവരുടേത് വെറും ആവേശം മാത്രമാണെന്നും പാർട്ടിയെ ചലിപ്പിക്കാൻ അതു മതിയാവില്ലെന്നും ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചതായാണ് സൂചന. ഉമ്മൻ ചാണ്ടിയുമായും കേരളത്തിലെ മറ്റു നേതാക്കളുമായും സംസാരിച്ച് ഇന്നു തന്നെ നേതൃത്വം തീരുമാനത്തിലെത്തിയേക്കും.
പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരാൻ ചെന്നിത്തലയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സ്ഥാനം ഒഴിയുന്നത് പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവൻ തന്റെ പേരിൽ വരുന്നതിനു തുല്യമാവുമെന്നാണ് ചെന്നിത്തല കരുതുന്നത്. ഇക്കാര്യം അദ്ദേഹം ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ചെന്നിത്തല കഴിഞ്ഞ ടേമിൽ നന്നായി പ്രവർത്തിച്ചുവെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, തലമുറമാറ്റം അനിവാര്യമാണെന്നാണ് യുവനേതാക്കളുടെ വാദം.
അതിനിടെ ഉമ്മൻ ചാണ്ടിയെ കെപിസിസി നേതൃത്വത്തിൽ കൊണ്ടുവന്നുള്ള മാറ്റവും കോൺഗ്രസ് ചർച്ച ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം സ്ഥിരീകരിക്കാൻ ഉമ്മൻ ചാണ്ടി വിസമ്മതിച്ചു.
അതിനിടെ നേതൃത്വത്തിനെതിരെ വിമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തുവന്നു. കോൺഗ്രസിൽ സമ്പൂർണമാറ്റം അനിവാര്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഗ്രൂപ്പ് രാഷ്ട്രീയം പാർട്ടിയുടെ അടിത്തറ തകർത്തു. പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്നം, പറയാൻ ആർക്കും ധൈര്യമില്ല. പാർട്ടിയോട് കൂറും ആത്മാർത്ഥയുമുള്ള പുതുതലമുറയെ വളർത്തിയില്ലെങ്കിൽ കേരളത്തിന്റെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മൻ ചാണ്ടിയെന്ന് ഉണ്ണിത്താൻ പറഞ്ഞു.
എല്ലാവരും സ്വയം മാറ്റത്തിന് വിധേയമാകണമെന്നും ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിക്ക് കേരളത്തിൽ ഒരു ഘടകം ഉണ്ടായിരുന്നെന്ന് ചരിത്രത്തിൽ എഴുതേണ്ടി വരും. കോൺഗ്രസ് പ്രവർത്തകർ തകർന്നുതരിപ്പണമായിരിക്കുകയാണെന്നും അവരെ കൂടുതൽ ക്ഷീണിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത്രയും നാൾ മിണ്ടാതിരുന്നതെന്നും ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയിൽ നിന്ന് അകുന്നുപോയവരെ തിരിച്ചെത്തിക്കാൻ കെൽപ്പുള്ളയാളെ പ്രതിപക്ഷ നേതാവാക്കണം. കോൺഗ്രസിന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാൽ അങ്ങേയറ്റം അപകടകരമാകും. ഗ്രൂപ്പുകളി തുടർന്നാൽ പ്രവർത്തകർ നേരിട്ട് ഉടപെടുന്ന സ്ഥിതിയുണ്ടാകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനം
കോൺഗ്രസിലെ നേതൃമാറ്റത്തിനെതിരായി നിന്നുകൊണ്ട് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലക്കുവേണ്ടി സമ്മർദ്ദം ചെലുത്തിയ ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ. രാജീവ് ഗാന്ധിയുടെ ഓർമ്മ ദിനത്തിൽ പ്രണാമമർപ്പിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് കോൺഗ്രസ് പ്രവർത്തകരുടെ രോഷം തിളയ്ക്കുന്നത്. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന രാജീവ് ഗാന്ധിക്ക് കോൺഗ്രസ് തകർക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ പ്രണാമം വേണ്ടെന്ന് ചില കോൺഗ്രസ് പ്രവർത്തകർ പോസ്റ്റിന് താഴെ കമന്റിട്ടിട്ടുണ്ട്. ഉള്ളിലുണ്ടായിരുന്ന ബഹുമാനം തെരഞ്ഞെടുപ്പിന് ശേഷം നഷ്ടപ്പെട്ടെന്നാണ് ക്ഷുഭിതരായ പ്രവർത്തകർ പറയുന്നത്
രാജാവ് നഗ്നരാണെന്ന് എല്ലാവരും അലറി വിളിച്ചിട്ടും രാജാക്കന്മാർ മാത്രം അതൊന്നും കേൾക്കാതെ കടിച്ചുതൂങ്ങുകയാണെന്ന് കമന്റുകൾ വരുന്നുണ്ട്. ഇനിയും നേതൃമാറ്റത്തിന് തടസമായി നിന്നാൽ പ്രവർത്തകരുടെ ഭാഷ മാറുമെന്നും കുഞ്ഞൂഞ്ഞ് എന്ന് വിളിച്ച് വായ കൊണ്ട് തന്നെ അധിക്ഷേപിക്കുമെന്നും പ്രവർത്തകർ പോസ്റ്റിനുതാഴെ വെല്ലുവിളിച്ചിട്ടുമുണ്ട്.
ഉമ്മൻ ചാണ്ടിയുടെ പോസ്റ്റ് ഇങ്ങനെ:
മുൻ പ്രധാനമന്ത്രിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന രാജീവ് ഗാന്ധിയുടെ വിയോഗത്തിന് ഇന്ന് മുപ്പതാണ്ട് .21ാം നൂറ്റാണ്ടിലെ മഹത്തായ ഇന്ത്യയെ സ്വപ്നം കണ്ട് നമ്മുടെ രാജ്യത്തെ ധീരമായി നയിച്ച ശക്തനായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. ലോകത്തിന്റെ നെറുകയിൽ രാജ്യത്തെ എത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അധികാരത്തിൽ വന്നയുടനെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും ഭാവനാ സമ്പന്നമായ മാറ്റങ്ങൾകൊണ്ട് ഞെട്ടിച്ചു. ധാരാളം പുരോഗമനാത്മക നയങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ച പ്രധാനമന്ത്രി. ആധുനിക ഇന്ത്യയുടെ പ്രധാന കാൽവെപ്പുകൾ, ഇന്ത്യയ്ക്ക് ആത്മവിശ്വാസം പ്രദാനംചെയ്ത പ്രതീക്ഷയുടെ ഭാഷ സംസാരിച്ച അത്യുജ്വല വ്യക്തിത്വത്തെയാണ് രാജ്യത്തിന് നഷ്ടമായത്. എല്ലാ ഭാരതീയരുടെയും മനസ്സിലെ വിങ്ങലായി രാജീവ് ഗാന്ധി നിലകൊള്ളുന്നു. പ്രിയ നേതാവിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ പ്രണാമം..
മറുനാടന് മലയാളി ബ്യൂറോ