- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കനയ്യയും ജിഗ്നേഷും കോൺഗ്രസിലേക്ക് വന്ന ദിവസം തന്നെ ഹൈക്കമാൻഡിനെ അലട്ടി പഞ്ചാബിൽ സിദ്ദുവിന്റെ രാജി; രാഹുലിനും പ്രിയങ്കയ്ക്കും ഷോക്ക്; കോൺഗ്രസിന്റെ നഷ്ടം നേട്ടമാക്കി മാറ്റാൻ എഎപി; കെജ്രിവാൾ നാളെ പഞ്ചാബിൽ
ന്യൂഡൽഹി: അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയെ മാറ്റിയാൽ പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നം തീരും എന്ന് കണക്കുകൂട്ടിയ ഹൈക്കമാൻഡിന് തെറ്റി. വിശേഷിച്ച് രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും. നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ രാജി അവർക്ക് ഷോക്കായി.
പഞ്ചാബ് മന്ത്രിസഭയിൽ വരുത്തിയ മാറ്റങ്ങളിലുള്ള അനിഷ്ടമാണ് സിദ്ദുവിന്റെ രാജി കത്തിൽ വായിച്ചെടുക്കാൻ കഴിയുന്നത്. കഴിഞ്ഞ ജൂലായ് 18നാണ് പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായത്. രണ്ട് മാസം മാത്രമാകുമ്പോഴാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനം.പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ പഞ്ചാബിന്റെ ഭാവിയിൽ ഒത്തുതീർപ്പിനില്ല എന്ന് സിദ്ദു വ്യക്തമാക്കുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും കോൺഗ്രസിൽ തുടരുമെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. പഞ്ചാബിന്റെ കാര്യത്തിന്റെ വിട്ടുവീഴ്ചയില്ലെന്നും വ്യക്തിത്വം കളഞ്ഞ് ഒരു ഒത്തുതീർപ്പിനുമില്ലെന്നും സിദ്ദു രാജിക്കത്തിൽ പറയുന്നുണ്ട്.
കത്ത് സിദ്ദു സോഷ്യൽ മീഡിയയിലും പങ്കുവച്ചു. പുതിയ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയെ തനിക്ക് വേണ്ടപ്പെട്ടവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതിൽ സിദ്ദു അസ്വസ്ഥനായിരുന്നു. പലപ്പോഴും സിദ്ദു സൂപ്പർ മുഖ്യമന്ത്രിയായി ഭാവിക്കുമെങ്കിലും, ചില തീരുമാനങ്ങളിൽ സിദ്ദുവിനെ, (വിശേഷിച്ച് സമീപകാലത്തെ) അവഗണിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. മതനിന്ദാക്കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യപദവികൾ കൊടുത്തതും സിദ്ദുവിനെ ചൊടിപ്പിച്ചു. മാത്രമല്ല, തന്റെ എതിരാളി എസ്എസ് രന്ധാവയ്ക്ക് ക്യാബിനറ്റിൽ മുഖ്യപദവി കൊടുത്തതും സിദ്ദുവിന് നീരസമുണ്ടാക്കി. മന്ത്രിസഭാ പുനഃ സംഘടനയിലെ അനിഷ്ടം സൂചിപ്പിക്കാനാണ് വ്യക്തിത്വം കളഞ്ഞ് ഒത്തുതീർപ്പില്ലെന്ന് സിദ്ദു ആവർത്തിക്കുന്നത്.
മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ഏതായാലും കിട്ടിയ അവസരം പാഴാക്കിയില്ല. 'ഞാൻ നിങ്ങളോട് നേരത്തെ പറഞ്ഞു. സ്ഥിരതയുള്ള ആളല്ല ഇയാൾ' സിദ്ദുവിന്റെ രാജിക്ക് പിന്നാലെ അമരീന്ദർ ട്വിറ്ററിൽ കുറിച്ചു. അതിർത്തി സംസ്ഥാനമായ പഞ്ചാബിന് അനുയോജ്യനല്ല സിദ്ദു'വെന്നും അമരീന്ദർ കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനുമായി ബന്ധമുള്ള ആളാണ് സിദ്ദുവെന്നും എന്തുവില കൊടുത്തും സിദ്ദു പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുന്നത് തടയുമെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ അമരീന്ദർ സിങ് പറഞ്ഞിരുന്നു.തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് സിദ്ദു കരുതിയിരുന്നെങ്കിലും കോൺഗ്രസ് ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇതേ തുടർന്നുള്ള അതൃപ്തിയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവെക്കാനിടയായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
'ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നതോടെ ഒരാളുടെ വ്യക്തിത്വം തകർന്നു തുടങ്ങും. പഞ്ചാബിന്റെ നല്ല ഭാവിയിലും ക്ഷേമത്തിലും എന്തെങ്കിലും ഒത്തുതീർപ്പിന് ഞാൻ തയ്യാറല്ല. അതിനാൽ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം ഞാൻ രാജിവയ്ക്കുന്നു. സാധാരണ പ്രവർത്തകനായി കോൺഗ്രസിൽ തുടരും' - സോണിയഗാന്ധിക്ക് അയച്ച രാജിക്കത്തിൽ സിദ്ദു കുറിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഇങ്ങനെ പദവി ഒഴിയുമ്പോൾ, പഞ്ചാബ് കോൺഗ്രസ് വീണ്ടും കലുഷിതമാവുകയാണ്.
നേട്ടമുണ്ടാക്കാൻ എഎപി
കോൺഗ്രസിന്റെ നഷ്ടം പഞ്ചാബിൽ എഎപിയുടെ നേട്ടമാവുകയാണ്. വളരെ തീവ്രമായ പ്രചാരണമാണ് ആപ് പഞ്ചാബിൽ നടത്തി വരുന്നത്. അരവിന്ദ് കെജ്രിവാൾ നാളെ സംസ്ഥാനം സന്ദർശിക്കുകയാണ്. പഞ്ചാബ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം അകലെ ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങൾ പാളിയോ എന്നാണ് നേതാക്കൾ പിറുപിറുക്കുന്നത്.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ട് നാൾ തികയും മുമ്പേ മലേർകോട്‌ല എംഎൽഎ റസിയ സുൽത്താന സിദ്ദുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജി വച്ചതും നേതൃത്വത്തിന് തിരിച്ചടിയാണ്. പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും പ്രിയങ്ക മുൻകൈയെടുത്താണ് സിദ്ദുവും രാഹുലുമായുള്ള കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
കനയ്യ കുമാറിനെയും ജിഗ്നേഷ് മേവാനിയെയും പോലെ കഴിവ് തെളിയിച്ച നേതാക്കൾ ദേശീയ തലത്തിൽ കോൺഗ്രസിൽ ചേരുമ്പോൾ, പഞ്ചാബിലാക്കട്ടെ കൊഴിഞ്ഞുപോക്കാണ്. ഈ വൈരുദ്ധ്യം ഹൈക്കമാൻഡിനെ അലട്ടുണ്ടുണ്ട്.
അമരീന്ദർ ബിജെപിയിലേക്ക്
അതേസമയം, മുറിവേറ്റ സിംഹത്തെ പോലെയാണ് ഇപ്പോൾ ക്യാപ്റ്റൻ അമരീന്ദർ സിങ്. ഡൽഹിയിലേക്ക് പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രി പറക്കുമ്പോൾ അഭ്യൂഹങ്ങളും ഏറെ. കോൺഗ്രസ് ക്യാമ്പുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു, അമരീന്ദറിന്റെ അടുത്ത നീക്കം അറിയാൻ. കാരണം, പരക്കുന്ന വാർത്ത അമരീന്ദർ ബിജെപിയിൽ ചേരുമെന്നാണ്. രണ്ടുദിവസത്തേക്ക് അദ്ദേഹം ഡൽഹിയിൽ ഉണ്ടാകും.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്നാണ് അമരീന്ദറിന്റെ അടുപ്പക്കാർ പറയുന്നത്. രണ്ടു വട്ടം പഞ്ചാബ് ഭരിക്കാനുള്ള അവസരം നൽകിയതിന് നന്ദി പറയാൻ വേണ്ടിയാണ് കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും കോൺഗ്രസിൽ ചേരുന്ന ദിവസം തന്നെയാണ് അമരീന്ദറിന്റെ ഡൽഹി യാത്രയും.
അതേസമയം, അമരീന്ദർ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്ക് ഒരുകുറവുമില്ല. ക്യാപ്റ്റൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി ചൊവ്വാഴ്ച രാത്രി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ബിജെപി നേതൃത്വമോ അമരീന്ദറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബിജെപിയിൽ ചേരുന്ന അമരീന്ദറിനെ കേന്ദ്രമന്ത്രിയാക്കുമെന്നും കൃഷിവകുപ്പ് നൽകിയേക്കുമെന്നുമെല്ലാം കഥകൾ പ്രചരിക്കുന്നുണ്ട്. താൻ അപമാനിതനായാണ് പുറത്തുപോവുന്നതെന്നും പിടിപ്പുകെട്ട, പാക്-അനുകൂല നിലപാടുള്ള സിദ്ദുവിനെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും അമരീന്ദർ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ബിജെപിയിൽ ചേരാതെ കോൺഗ്രസിന് ബദലായി പഞ്ചാബിൽ പുതിയ പാർട്ടി രൂപവത്കരിക്കാനാവും അമരീന്ദറിന്റെ ശ്രമമെന്നും ശ്രുതിയുണ്ട്. ഇതിന് ബിജെപിയുടെ ഭാഗത്തുനിന്ന് പിന്തുണ ലഭിക്കുമെന്നും വാർത്തകൾ പരക്കുന്നു.
കനയ്യയുടെ വരവ്
കനയ്യയെ പോലെ ആളെ കൂട്ടാനും സംസാരിക്കാനും കഴിവുള്ള നേതാവിന്റെ വരവ് കോൺഗ്രസിന് ഉന്മേഷദായകമാണ്. സിപിഐയിലെ നേതാക്കന്മാരെ പോലെ കനയ്യ ക്രൗഡ് പുള്ളറാകുന്നതിൽ തല്ക്കാലം കോൺഗ്രസ് നേതാക്കൾക്ക് പരിഭവം ഉണ്ടാകാൻ ഇടയില്ല. വ്യക്തികളേക്കാൾ രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രത്തിനും പ്രാധാന്യം നൽകുന്ന ഒരുവിഭാഗമാണ് കനയ്യയുടെ മോഹങ്ങൾക്ക് സിപിഐയിൽ തടയിട്ടത്.
ബിജെപിയെ എതിർക്കാൻ കോൺഗ്രസിനല്ലാതെ ആർക്കും കഴിയില്ലെന്നും കനയ്യ കുമാർ പറയുന്നു. സിപിഐയോടു നന്ദിയുണ്ട്. പക്ഷേ വലിയ പ്രതിപക്ഷ പാർട്ടിയെ നിലനിർത്തണം. കോൺഗ്രസ് നിലനിന്നാലേ രാജ്യം നിലനിൽക്കുവെന്നും കനയ്യ പ്രതികരിച്ചു. വെറുപ്പിന്റെ രാഷ്ട്രീയമാണ് സംഘ പരിവാർ പ്രചരിപ്പിക്കുന്നതെന്നും അതു നേരിടാൻ കോൺഗ്രസിനേ കഴിയൂവെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തുവച്ചാണ് യുവനേതാക്കളെ പാർട്ടിയിലേക്കു സ്വീകരിച്ചത്. ജിഗ്‌നേഷ് മേവാനി പാർട്ടി അംഗത്വം പിന്നീടു സ്വീകരിക്കും. എന്തായാലും ഒരുവശത്ത് ചോർച്ചയും മറ്റൊരു വശത്ത് ചേർച്ചയുമായി കോൺഗ്രസ് അതിന്റെ പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കുകയാണ്.