- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തിന്റെ പ്രതിരോധ ഇടപാട് നടപടിക്രമങ്ങളുടെ ലംഘനം; ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ട് രാഹുലിന്റെ ആരോപണം ശരിവെക്കുന്നത്; റഫാൽ കരാറിലെ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി പണം നൽകിയെന്ന കണ്ടെത്തലിൽ സമഗ്ര അന്വേഷണം വേണം; പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ്
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന കരാറിൽ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യൺ യൂറോ സമ്മാനമായി നൽകിയെന്ന റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. ഇക്കാര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇടപാടിൽ യഥാർഥത്തിൽ എത്രമാത്രം കൈക്കൂലിയും കമ്മീഷനും നൽകിയെന്നും കേന്ദ്രസർക്കാരിൽ ആരാണ് ഈ പണം കൈപ്പറ്റിയതെന്നും കണ്ടെത്താൻ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇടപാടിൽ വീണ്ടും ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മറുപടി പറയണമെന്നും സുർജേവാല പറഞ്ഞു.
റഫാൽ ഇടപാടിൽ അഴിമതിയുണ്ടെന്ന രാഹുൽ ഗാന്ധിയുടെ തുടർച്ചയായ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ടെന്ന് സുർജേവാല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളിലേയും സർക്കാരുകൾ തമ്മിലുള്ള പ്രതിരോധ ഇടപാടിൽ ഇടനിലക്കാരനും കമ്മീഷനും എങ്ങനെ അനുവദിക്കപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ പ്രതിരോധ ഇടപാട് നടപടിക്രമങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പ്രതിരോധ കരാറിനുള്ള നടപടിക്രമം അനുസരിച്ച് ഇടപാടിൽ ഏതെങ്കിലും ഇടനിലക്കാരനോ കമ്മീഷനോ കൈക്കൂലിയോ വാങ്ങിയെന്നതിന് തെളിവ് ലഭിച്ചാൽ അത് ഗുരുതരമായ കുറ്റമാണ്. നിയമം അനുസരിച്ച് കരാർ റദ്ദാക്കുക, ഇടപാടുകാരെ വിലക്കുക, എഫ്ഐആർ രജിസ്റ്റർ ചെയ്യുക, കമ്പനിക്ക് കനത്ത പിഴ ചുമത്തുക എന്നിവ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാമെന്നും സുർജേവാല ചൂണ്ടിക്കാണിച്ചു.
ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടാണ് റഫാൽ ഇടപാട് സംബന്ധിച്ച നിർണായകവിവരങ്ങൾ തിങ്കളാഴ്ച പുറത്തുവിട്ടത്. റഫാൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന ദസ്സോ കമ്പനിയിൽ നടന്ന ഓഡിറ്റിലാണ് ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസിയായ ഏജൻസെ ഫ്രാൻസൈസ് ആന്റികറപ്ഷൻ (എഎഫ്എ) കമ്പനിയിൽ നടത്തിയ ഓഡിറ്റിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
2016-ൽ റഫാൽ കരാർ ഉറപ്പിച്ചതിന് പിന്നാലെ ദസ്സോയുടെ സബ് കോൺട്രാക്ടറായ ഡെഫിസിസ് സൊലൂഷൻസ് എന്ന ഇന്ത്യൻ കമ്പനിക്ക് 10,17,850 യൂറോ(ഏകദേശം 8.77 കോടി രൂപ) നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യൻ കമ്പനിയായ ഡെഫ്സിസ് സൊലൂഷൻസിന് പണം നൽകിയത് സംബന്ധിച്ച് വൻക്രമക്കേടുകളാണ് എ.എഫ്.എ. ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു വിമാന മാതൃകയ്ക്ക് 20,357 യൂറോയാണ് വിലയിട്ടിരുന്നതെന്നും ഇത് ഉയർന്ന തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മാത്രമല്ല, ഇത്തരം ചെലവുകൾ 'ഇടപാടുകാർക്കുള്ള സമ്മാന'മെന്ന രീതിയിൽ അക്കൗണ്ടുകളിൽ വിശദീകരിച്ചതിനെക്കുറിച്ചും ദസ്സോയ്ക്ക് വ്യക്തമായ മറുപടി നൽകാനായില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിലെ വിവാദ വ്യവസായിയായ സുഷേൻ ഗുപ്തയുമായി ബന്ധപ്പെട്ട കമ്പനിയാണ് ഡെഫ്സിസ് സൊലൂഷൻസ്. നേരത്തെ അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് സുഷേൻ ഗുപ്ത.
അതേസമയം പുറത്തുവന്ന പുതിയ റിപ്പോർട്ടിൽ കേന്ദ്രസർക്കാരോ ബിജെപി നേതൃത്തമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് നേരത്തെ ഉയർന്ന ആരോപണങ്ങളെല്ലാം കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു.
ന്യൂസ് ഡെസ്ക്