ന്യൂഡൽഹി: നേരിയ ഭൂരിപക്ഷത്തിനും മറ്റുകക്ഷികളുടെ പിന്തണയോടെയും മറ്റും സർക്കാർ ഉണ്ടാക്കാൻ കഴിയുന്ന രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കുതിരക്കച്ചവടം തടയാനുള്ള ജാഗ്രതയോടെ കോൺഗ്രസ് ഹൈക്കമാൻഡ്. രാജസ്ഥാനിൽ മുഖ്യമന്ത്രിയാവാൻ സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള തർക്കവും, മധ്യപ്രദേശിൽ കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും ഒരുപോലെ കച്ചമുറുക്കിയതും കോൺഗ്രസ് ഹൈക്കമാൻഡിന് തലവേദനായിട്ടുണ്ട്.

ഗോവയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാതെ പോയതുപോലുള്ള സാഹചര്യം ഒഴിവാക്കാനായാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഹൈക്കമാൻഡ് ഉടൻതന്നെ രാജസ്ഥാനിലേക്ക് അയച്ചത്. വേണുഗോപാൽ നാളെ പാർട്ടിയുടെ പാർലമെന്ററി യോഗം വിളിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവനേതാവ് സച്ചിൻ പൈലറ്റും, മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ടും തമ്മിൽ കടുത്ത വടംവലി നടക്കുന്നുണ്ട്. അമ്പതിനായിരത്തിലേറെ വോട്ടിന് ജയിച്ചുകയറിയ 42കാരനായ സച്ചിൻ പൈലറ്റ് രാജസ്ഥാനിലെ എറ്റവും ജനപ്രീതിയുള്ള നേതാവാണ്. കോൺഗ്രസ് പ്രവർത്തകരിൽ എറെയും ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയായി കാണാനാണ്. എന്നാൽ മുതിർന്ന നേതാവ് അശോക് ഗെഹലോട്ടിനെ അനുകൂലിക്കുന്ന 20ലേറെ പേർ ജയിച്ചു കയറിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇതും മുതിർന്ന നേതാവ് എന്ന പരിഗണയും വെച്ച് ഗെഹ്‌ലോട്ടിനെ തന്നെ മുഖ്യമന്ത്രിയാക്കാൻ സാധ്യത ഏറെയാണ്.

മധ്യപ്രദേശിലും മുതിർന്ന നേതാവും പിസിസി അധ്യക്ഷനുമായ കമൽനാഥിനാണ് ദേശീയ മാധ്യമങ്ങൾ സാധ്യത കൽപ്പിക്കുന്നത്. 72 കാരനായ കമൽനാഥിന് ഇനിയൊരു അങ്കത്തിന് ബാല്യമില്ല എന്ന തിരിച്ചറിവായിരിക്കും ഒരുപക്ഷേ കോൺഗ്രസ് ഹൈക്കമാൻഡിനെ കുറിച്ച് ഇങ്ങനെ ചിന്തിപ്പിക്കുന്നത്. അങ്ങനെയല്ലെങ്കിൽ അദ്ദേഹം പാർട്ടി പിളർത്തുമോ എന്ന സംശയവുമുണ്ട്. നേരത്തെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജ്യോതിരാദിത്യ സിന്ധയുടെയും കമൽനാഥിന്റെയും അനുയായികൾ പരസ്്പരം മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി ഫ്ളക്സ് വെച്ചത് വലിയ വിവാദമായിരുന്നു. മുതിർന്ന നേതാവും ദീർഘകാലം മധ്യപ്രദേശിന്റെ മുഖവുമായിരുന്ന ദിഗ്‌വിജയ് സിങ്ങ് താൻ ഇത്തവണ മൽസരരംഗത്തില്ല എന്ന് നേരത്തെ വ്യക്താമക്കിയിരുന്നു.

ഏറ്റവും രസകരമായ കാര്യം ജോതിരാദിത്യ സിന്ധ്യയും കമൽനാഥും രണ്ടുപേരും ഇത്തവണ നിയമ സഭയിലേക്ക് മൽസരിച്ചില്ല എന്നതാണ്. നിലവിൽ ലോക്സഭാംഗങ്ങളാണ് രണ്ടുപേരും. പാർട്ടിയിലെ ഗ്രൂപ്പിസം അതിരുവിട്ടപ്പോൾ ഇവർ രണ്ടുപേരും മൽസരിക്കേണ്ട എന്ന നിലപാട്‌
കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തന്നെയാണ് എടുത്തത്. അതുകൊണ്ട്തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് വ്യക്തതയില്ലാതെയാണ് കോൺഗ്രസ് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നേരിട്ടത്. ബിജെപിയുടെ പ്രധാന പ്രചാരണ ആയുധവും അതായിരുന്നു. വ്യക്തമായ നേതൃത്വത്തിന് കീഴിൽ മൽസരിക്കയാണെങ്കിൽ കോൺഗ്രസിന്റെ നില എത്രയോ മെച്ചപ്പെടുമായിരുന്നു. ഗ്വാളിയർ രാജകുടുംബാംഗവും കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകനുമായ 47കാരനായ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമാണ് പാർട്ടിയിലെ ഭൂരിപക്ഷംപേരും. ഇനി ഇവർ രണ്ടുപേരിൽ ആർക്ക് മുഖ്യമന്ത്രിയാവണമെങ്കിലും ഇനി ഒരു സാമാജികനെ രാജിവെപ്പിച്ച് മൽസരിപ്പിക്കണം. നേരിയ ഭൂരിപക്ഷത്തിന് നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത് അതും വെല്ലുവിളിയാണ്.