കോഴിക്കോട്: കെ പി സി സി ജനറൽ സെക്രട്ടറി ടി സിദ്ധീഖും മുൻ ഭാര്യ നസീമയും തമ്മിലുള്ള വിവാഹ മോചനത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ അതിർവരുമ്പുകൾ ഭേദിച്ച് കോൺഗ്രസിന്റെ ഗ്രൂപ്പുപോരിലെത്തിനിൽക്കുകയാണ്. വയനാട് എംപിയും കോൺഗ്രസ് ഐ വിഭാഗം നേതാവുമായ എം.ഐ ഷാനവാസിനെതിരേ ഗുരുതരമായ ആരോപണങ്ങൾ തന്റെ ഫെയ്‌സ്ബൂക്ക് പേജിലൂടെ ഉന്നയിച്ചായിരുന്നു ടി സിദ്ദിഖ് രംഗത്തെത്തിയത്. എന്നാൽ എം.ഐ ഷാനവാസിനെതിരേയുള്ള ആരോപണം പരസ്യമാക്കിയതോടെ ഐ ഗ്രൂപ്പ് തട്ടകങ്ങളിലും സിദ്ദിഖിനെതിരെ പടക്കോപ്പുകൾ ഒരുക്കാൻ തുടങ്ങിയിരിക്കുകയാണ്.

ആരോപണ വിധേയനായ ഷാനവാസ് ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ ഐ വിഭാഗത്തിന്റെ മറ്റു നേതാക്കൾ മുഖേ്‌ന തിരിച്ചടി നൽകാനാണ് ഉദ്ദേശ്യം. കോഴിക്കോട്ട് ഇന്നുരാവിലെ നടന്ന ഐ വിഭാഗത്തിന്റെ രഹസ്യയോഗവും വരും ദിവസങ്ങളിലെ പൊട്ടിത്തെറിയുടെ സൂചനകളാണ്. എം.ഐ ഷാനവാസിന്റെ നേതൃത്വത്തിൽ തന്റെ രാഷ്ട്രീയഭാവി തകർക്കാൻ ശ്രമിക്കുകയാണെന്നുള്ള ഗുരുതരമായ ആരോപണങ്ങളുമായിട്ടായിരുന്നു ടി.സി്ദ്ധിഖ് രംഗത്തെത്തിയത്.

എന്നാൽ സിദ്ദിഖിനെതിരെയുള്ള പ്രശ്‌നം രൂക്ഷമായതോടെ എം.ഐ ഷാനവാസിനെതിരെയുള്ള ആരോപണത്തിനെതിരേ ഐ വിഭാഗത്തിൽനിന്നുള്ള ആദ്യ പ്രതികരണം എത്തിയിരിക്കുകയാണ്. എല്ലാ പ്രശ്‌നങ്ങളും സിദ്ദിഖ് സ്വയം വരുത്തി വച്ച ശേഷം ഗ്രൂപ്പുരാഷ്ട്രീയത്തെ പഴിചാരുകയാണ്. ഇത് തനിക്ക് ഗ്രൂപ്പിന്റെ പിന്തുണയെങ്കിലും കിട്ടാനുള്ള സിദ്ദിഖിന്റെ തന്ത്രമാണെന്നായിരുന്നു കെപിസിസി സെക്രട്ടറിയും കോഴിക്കോട്ടെ ഐ ഗ്രൂപ്പ് നേതാവുമായ അഡ്വ. ജയന്ത് മറുനാടൻ മലയാളിയിലൂടെ പ്രതികരിച്ചത്.

ഐ വിഭാഗത്തിന്റെ മറുപടിയെത്തിയതോടെ പ്രശ്‌നങ്ങൾക്ക് പുതിയ മാനം കൈവന്നിരിക്കുകയാണ്. സ്വയം ചെയ്തുവച്ച തെറ്റുകൾക്ക് തിരിച്ചടി നേരിടുമ്പോൾ സിദ്ദിഖ് മറ്റുള്ളവരെ കരിവാരിതേക്കുകയാണെന്നും ഇതിൽ എം.ഐ ഷാനവാസിന്റെ പേര് വലിച്ചിഴച്ചത് താൻ അത്ഭുതത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.ഐ ഷാനവാസിനെതിരേ സിദ്ദിഖ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരേ അഡ്വ.കെ ജയന്ത് മറുനാടൻ മലയാളിയുമായി വിശദീകരണം പങ്കുവച്ചതിങ്ങനെ:

സിദ്ദിഖ് ഒരു പുതിയ ജീവിതം തുടങ്ങിയത് ഞങ്ങളാരും പറഞ്ഞിട്ടല്ല. അസുഖ ബാധിതയായ ഭാര്യയെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് വേറൊരു ജീവിതം തേടിപ്പോയത് കേളത്തിലെ ഒരു കോൺഗ്രസ് നേതൃത്വവും പറഞ്ഞിട്ടല്ല. വേറൊരാളുടെ ഭാര്യയായിരുന്ന സ്ത്രിയെ ജീവിതസഖിയായി സ്വീകരിച്ചതുമെല്ലാം സിദ്ദിഖിന്റെ സ്വന്തം തീരുമാനമാണ,് അല്ലാതെ കേരളത്തിലെ ഒരു കോൺഗ്രസ് നേതാവിനും ഇതിൽ പങ്കില്ല. സ്വയം ചെയ്തുവച്ച തെറ്റിന്റെ പേരിൽ കേരളത്തിലെ രാഷ്ട്രീയത്തെയും ഗ്രൂപ്പ് പോരിനെയും വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ പ്രവണതയാണ്.

സ്വയം ചെയ്തു വച്ചതിന്റെ തെറ്റുകളിൽ അതിന്റെ തിരിച്ചടികൾ നേരിടുമ്പോൾ മറ്റുള്ളവരെ കരിവാരി തേയ്ക്കുന്നത് നന്നല്ലെന്നുമാത്രമാണ് ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളത്. എം.ഐ ഷാനവാസിനെ പോലുള്ള ഒരു നേതാവിനെതിരേ സിദ്ദിഖ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചത് ഞാൻ അത്ഭുതത്തോടെയാണ് കാണുന്നത്. കാരണം നമ്മളാരെങ്കിലും പറഞ്ഞോ സിദ്ദിഖിനോട് കല്ല്യാണം കഴിക്കാനുമൊക്കെ. സിദ്ദിഖ് ഈ പോസ്റ്റിടുന്നതിൽ എന്തു ലോജിക്കാണുള്ളത്? ആളുകൾ കേട്ടാൽ ചിരിക്കുകയല്ലേ ചെയ്യുക. അവസാനം ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്‌നമാക്കി പിന്തുണ തേടാൻ ശ്രമിക്കുന്നത് ജനങ്ങൾ തിരിച്ചറിയും.

സിദ്ദിഖിന്റെ ഈ പോസ്റ്റ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഗൗരവത്തോടെ കാണുമെന്ന് തോന്നുന്നില്ല കാരണം സിദ്ദിഖ് സ്വയം വരുത്തിവച്ചതിന് കേരളത്തിലെ ഗ്രൂപ്പുരാഷ്ട്രീയത്തിന് ഒരു ബന്ധവുമില്ല. ഇവിടെ സിദ്ദിഖിനോട് ഒറ്റ ചോദ്യം മാത്രമാണുള്ളത് സിദ്ദിഖിന്റെ രാഷ്ട്രീയ ഭാവി തകർക്കുന്നത് സിദ്ദിഖ് തന്നെയാണോ അതോ മറ്റുള്ളവരോണോ. സിദ്ദിഖ് വിവാഹം കഴിച്ച പെൺകുട്ടിയെ ഇതുവരെ കാണുക പോലും ചെയ്യാത്തവരാണ് ഞങ്ങൾ പിന്നെയെങ്ങനെയാണ് ഇതിൽ ഗൂഢാലോചനയുണ്ടാവുക.

രാഷ്ട്രീയഭാവി അവരവരുടെ കൈയിലിരിപ്പു പോലെ: കെ മുരളീധരൻ

അതിനിടെ എംഐ ഷാനവാസ് തന്റെ രാഷ്ട്രീയ ഭാവി തകർക്കാൻ ശ്രമിക്കുകയും ഗൂഢാലോചനയും നടത്തുകയാണെന്ന് ആരോപണം ഉന്നയിച്ച ടി സിദ്ദിഖിനെതിരെ കെ മുരളീധരൻ എംഎൽഎയും രംഗത്തെത്തി. രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നത് മറ്റാരുമല്ലെന്നും സ്വന്തം കൈയിലിരിപ്പാണെന്നും കെ മുരളീധരൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. രാഷ്ട്രീയത്തിൽ ഓരോരുത്തരും വളർന്നുവരുന്നത് അവരവർക്ക് അനുസരിച്ചാണ്. ആർക്കും ആരെയും തകർക്കാനാവില്ലെന്നും മുരളീധരൻ പറഞ്ഞു.