ന്യൂഡൽഹി : നീരവ് മോദി പ്രശ്‌നത്തിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതു സംബന്ധിച്ച രാഹുലിന്റെ ട്വീറ്റ് വൈറാലയി. ബിജെപി പ്രതിരോധത്തിലാവുകയും ചെയ്തു. ''ഇന്ത്യയിൽ കവർച്ച നടത്താനുള്ള ഗൈഡ് നീരവ് മോദി വകയെന്നായിരുന്നു രാഹുലിന്റെ പരിഹാസം. 1. പ്രധാനമന്ത്രി മോദിയെ ആലിംഗനം ചെയ്യുക, 2. അദ്ദേഹത്തോടൊപ്പം ദാവോസിൽ കാണുക, ഈ സ്വാധീനം ഉപയോഗിച്ച് 12,000 കോടി മോഷ്ടിക്കുക . സർക്കാർ മുഖം തിരിച്ചിരിക്കുന്നതിൽ രാജ്യം വിടുക, മല്യയെപ്പോലെ.'' -ഇങ്ങനെയാണ് രാഹുൽ കുറിച്ചത്. മോദി വിരുദ്ധ വികാരം ആളിക്കത്തിക്കാൻ രാഹുലിന് അങ്ങനെ വീണ്ടും കഴിഞ്ഞു. എന്നാൽ പുറത്തു വരുന്ന വാർത്തകൾ കോൺഗ്രസിനും അത്ര ശുഭസൂചകമല്ല.

നാഗാലാണ്ടിൽ പ്രചരണത്തിന് പണമില്ലാത്തതുകൊണ്ട് അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരത്തിൽ നിന്ന് പിന്മാറിയത്. 60 അംഗ സഭയിലേക്ക് 23 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് മത്സരിക്കാൻ പ്രഖ്യാപിച്ചത്. സാമ്പത്തിക ഞെരുക്കം തന്നെയാണ് ഇതിന് കാരണം. ഇതിന് പിന്നാലെയാണ് പ്രചരണത്തിന് കാശില്ലെന്ന് പറഞ്ഞ് അഞ്ച് പേരുടെ പിന്മാറ്റം. കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് തെളിവാണ് ഇത്. മോദി സർക്കാർ അധികാരത്തിലെത്തിയതോടെ കോൺഗ്രസിന് ഫണ്ട് വരവ് കുറഞ്ഞു.

എന്നാൽ നാഗലാണ്ടിൽ പൈസ ഇറക്കിയിട്ട് കാര്യമില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണമെന്ന വിലയിരുത്തലുമുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസിന് ഫണ്ടിൽ വലിയ കുറവുണ്ടായിരുന്നു. നിലവിൽ പഞ്ചാബിലും കർണ്ണാടകയിലും മാത്രമാണ് വലിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണമുള്ളത്. ഇതു തന്നെയാണ് ഫണ്ട് കണ്ടെത്താനുള്ള ഏറ്റവും വലിയ ബുദ്ധിമുട്ടും.