ന്യൂഡൽഹി: സംഘടാന തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കത്തെഴുതിയ 23 നേതാക്കളും നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസം കോൺഗ്രസിൽ തുടരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച 10 അംഗ സമിതിയിലും കത്തെഴുതിയവരുടെ പ്രതിനിധികളില്ലാത്തത് നേതൃത്വത്തിന്റെ പ്രതികാരമാണ്. ഇനി ഇവരെ സഹകരിപ്പിക്കില്ലെന്ന സന്ദേശമാണ് ഗാന്ധി ക്യാമ്പ് നൽകുന്നത്.

സംഘടനാ തിരഞ്ഞെടുപ്പു വേണമെന്ന നിലപാട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവർത്തിതിന് പിന്നാലെയാണ് സമിതികൾ പുനഃസംഘടിപ്പിച്ചത്. രാജ്യസഭയിലെ സമിതിയിൽ കക്ഷി നേതാവായി ഗുലാം നബിയും ഉപനേതാവായി ആനന്ദ് ശർമയുമുണ്ട്. ജയ്‌റാം രമേഷ്, അഹമ്മദ് പട്ടേൽ എന്നിവർക്കു പുറമേ ഈയിടെ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സമിതിയിലുൾപ്പെട്ടു. 3 പേരും ഗാന്ധി കുടുംബത്തോട് അടുപ്പം പുലർത്തുന്നവർ. ജയ്‌റാം രമേഷാണ് ചീഫ് വിപ്പ്.

ലോക്‌സഭയിൽ ഒരു വർഷത്തിനു ശേഷം ഡപ്യൂട്ടി ലീഡറെ തിരഞ്ഞെടുത്തപ്പോൾ അസമിൽ നിന്നുള്ള യുവനേതാവ് ഗൗരവ് ഗൊഗോയ്ക്കാണു നറുക്കു വീണത്. പഞ്ചാബിൽ നിന്നുള്ള രവ്‌നീത് സിങ് ബിട്ടു, മാണിക്കം ടഗോർ എന്നിവരാണ് സമിതിയിലുള്ള വിപ്പുമാർ. കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി, ചീഫ് വിപ് കൊടിക്കുന്നിൽ സുരേഷ് എന്നിവരും സമിതിയിലുണ്ട്. സോണിയയുടെ അതിവിശ്വസ്തരാണ് ഇവർ. രാഹുൽ ഗാന്ധി വീണ്ടും പ്രസിഡന്റായി വരണമെന്ന് ആവശ്യപ്പെടുന്നവർ.

സമിതികളിൽ ശശി തരൂർ, മനീഷ് തിവാരി എന്നിവർ പരിഗണിക്കപ്പെടാത്തത് നേതൃത്വത്തിന്റെ പ്രതികാര സൂചനയായി വിലയിരുത്തുന്നു. കഴിഞ്ഞ സമ്മേളനത്തിൽ രാഹുലിനെതിരെ ബിജെപി നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചുണ്ടായ ബഹളങ്ങളിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടവരാണ് ഗൊഗോയിയും ബിട്ടുവും. അസമിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഗൊഗോയിക്കുള്ള അംഗീകാരം. അസമിൽ ഗൊഗോയിക്ക് കൂടുതൽ ചുമതല നൽകും.

സോണിയ ഗാന്ധി വിശദീകരിച്ചതോടെ പ്രശ്‌നങ്ങൾ തീർന്നുവെന്നും ഇനി വിവാദം വേണ്ടെന്നും ശശി തരൂർ സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കപിൽ സിബലും ഗുലാംനബി ആസാദും മാധ്യമങ്ങളോടു തങ്ങളുടെ ഭാഗം ശക്തമായി ന്യായീകരിക്കുന്നുണ്ട്. രാഹുൽ ഗാന്ധി പ്രസിഡന്റാവുന്നതിൽ എതിർപ്പില്ലെന്നും തിരഞ്ഞെടുപ്പിലൂടെ ആർക്കു വേണമെങ്കിലും പ്രസിഡന്റാകാമെന്നും ഗുലാം നബി പറഞ്ഞു. ഇത് ഗാന്ധി കുടുംബത്തിനേയും ഞെട്ടിച്ചു. സംഘടനാ തിരഞ്ഞെടുപ്പെന്ന വാദത്തിൽനിന്നു പിന്നോട്ടില്ലെന്നാണ് അവർ പറയുന്നത്.

രാഹുൽഗാന്ധി തന്നെ കോൺഗ്രസ് പ്രസിഡന്റാകണമെന്നു മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിന്റെ വിവിധ നയങ്ങളെക്കുറിച്ചുള്ള കോൺഗ്രസ് നിലപാടുകൾ തീരുമാനിക്കാൻ ജയ്‌റാം രമേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തിയിരുന്നു. മുതിർന്ന നേതാക്കളെ കൂടെ നിർത്തി നീക്കത്തെ പൊളിക്കാനാണ് സോണിയയുടെ തന്ത്രം.