- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രൂപ്പ് മാനേജർമാർ തോൽവിക്ക് കാരണമെന്ന് സുധീരൻ; മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നതു പോലെ ഞങ്ങളെ വിഡ്ഢികളാക്കരുതെന്നായിരുന്നു സതീശൻ; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ഥാനാർത്ഥികൾക്ക് ചെലവിനുള്ള പണം പോലും നൽകിയില്ലെന്ന് ഷാനിമോൾ: ചെന്നിത്തല-ഉമ്മൻ ചാണ്ടി-മുല്ലപ്പള്ളി കൂട്ടായ്മ പ്രതിക്കൂട്ടിൽ; കോൺഗ്രസിൽ അടി മൂക്കുമ്പോൾ
തിരുവനന്തപുരം: രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മാറില്ല. എന്നാൽ ഡിസിസിയിൽ മാറ്റമുണ്ടാകും. ജംബോ കമ്മറ്റികളിലും പുനപരിശോധനയ്ക്ക് സാധ്യത ഉയരുകയാണ്. എല്ലാ ജില്ലകളിലും കോൺഗ്രസിന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഇത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്നു കരകയറാനുള്ള വഴികൾ കോൺഗ്രസ് തേടിത്തുടങ്ങി. കെപിസിസിയിലെ നേതൃമാറ്റം എന്ന ആവശ്യം ചില നേതാക്കൾ ഉയർത്തി. എന്നാൽ അതിനുള്ള സാധ്യത ഉന്നത നേതാക്കൾ തള്ളി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമേ കെപിസിസിയിൽ മാറ്റമുണ്ടാകൂ. അതുവരെ മുല്ലപ്പള്ളി തന്നെ നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പു വിലയിരുത്താൻ യുഡിഎഫ് നേതൃയോഗം നാളെ മൂന്നിനു കന്റോൺമെന്റ് ഹൗസിൽ ചേരും. ഈ യോഗത്തിൽ മുസ്ലിം ലീഗ് കടന്നാക്രമണം നടത്താൻ സാധ്യതയുണ്ട്. ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നതിലും ആശയക്കുഴപ്പമുണ്ട്.
തിരുത്തലുകൾ വേണ്ടിവരുമെന്നും നേതൃമാറ്റം ആലോചിക്കേണ്ട സമയമല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കെപിസിസി തലത്തിൽ മാറ്റത്തിനു സാധ്യത കുറവാണെങ്കിലും ചില ഡിസിസികളിൽ അഴിച്ചുപണി വേണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. സംഘടനാദൗർബല്യങ്ങൾ കോൺഗ്രസ് മറികടന്നേ തീരൂവെന്ന വികാരമാണു ശക്തം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, കാസർകോട് ജില്ലാ നേതൃത്വങ്ങൾ പരാജയമായെന്നാണ് വിലയിരുത്തൽ. ജന പ്രതിനിധികളായതിനെത്തുടർന്നു വി.കെ. ശ്രീകണ്ഠൻ (പാലക്കാട്), ഐ.സി. ബാലകൃഷ്ണൻ (വയനാട്), ടി.ജെ.വിനോദ് (എറണാകുളം) എന്നിവർ ഡിസിസി അധ്യക്ഷ പദം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഈ ജില്ലകളിൽ പുതിയ പ്രസിഡന്റിനെ നിയമിക്കുന്നതിനൊപ്പം സംഘടനാതലത്തിൽ പിന്തള്ളപ്പെട്ട മറ്റു ജില്ലകളിൽ കൂടി മാറ്റം വേണമെന്ന അഭിപ്രായമാണു കെപിസിസി പരിഗണനയിലാണ്. വിശദമായ ചർച്ച നടന്നുവെങ്കിലും അന്തിമ നിഗമനത്തിലേക്ക് രാഷ്ട്രീയകാര്യ സമിതി എത്തിയില്ല. ഇതോടെ ജനുവരി ആദ്യവാരം രണ്ടു ദിവസം രാഷ്ട്രീയകാര്യ സമിതി യോഗം ചേരാൻ തീരുമാനിച്ചു. ജനപ്രതിനിധികളെയും കെപിസിസി ഭാരവാഹികളെയും യോഗത്തിൽ പങ്കെടുപ്പിക്കും.
രാഷ്ട്രീയകാര്യ സമിതിക്കു മുൻപായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി ആസ്ഥാനത്തു പ്രത്യേക ചർച്ച നടത്തി. ജോസ് കെ.മാണി വിഭാഗത്തെ കയ്യൊഴിഞ്ഞതു മധ്യ കേരളത്തിലുണ്ടാക്കിയ വൻ തിരിച്ചടി ഇവർ ചർച്ച ചെയ്തു.കെ മുരളീധരനാണ് രാഷ്ട്രീയ കാര്യ സമിതിയിൽ രൂക്ഷ വിമർശനം ഉയർത്തിയത്. അടച്ചിട്ട മുറിയിൽ ഏതാനും നേതാക്കൾ ചേർന്നു തീരുമാനമെടുക്കുന്ന രീതി അവസാനിപ്പിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരുമാകാൻ നിൽക്കുന്നവർ സംഘടന ദുർബലമാണെന്ന കാര്യം തിരിച്ചറിയണം എന്ന് മുരളീധരൻ ആവശ്യപ്പെട്ടു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും കടന്നാക്രമണം നടത്തി. പാർട്ടിയുടെ നേതൃനിരയാണു പ്രശ്‌നം. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. മൂല്യങ്ങളിൽ നിന്നു വ്യതിചലിച്ച് തിരഞ്ഞെടുപ്പു സഹകരണം ഉണ്ടാക്കി. നേതൃത്വത്തിനു സ്തുതിപാഠകരെ മാത്രം മതി എന്നതാണു സ്ഥിതി. എംപി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നാലും പാർട്ടി പുറത്താക്കിയാലും പറയാനുള്ളതു പറയുമെന്ന് ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
നേതൃത്വത്തിനെതിരെ കെ. സുധാകരനും രംഗത്തെത്തി. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്കിനെ ചൊല്ലിയുള്ള തർക്കം അപകടമുണ്ടാക്കി. താഴെത്തട്ടുമുതൽ അഴിച്ചുപണി വേണം, പ്രവർത്തിക്കാത്തവരെ ഒഴിവാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് ഗ്രൂപ്പ് അടിസ്ഥാനത്തിലെന്ന് പി.ജെ.കുര്യൻ ആരോപിച്ചു. മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നതു പോലെ ഞങ്ങളെ വിഡ്ഢികളാക്കരുതെന്നായിരുന്നു വി.ഡി.സതീശൻ യോഗത്തിൽ പറഞ്ഞത്. തോറ്റെന്ന് സമ്മതിക്കാനെങ്കിലും നേതൃത്വം തയാറാകണം. ഈ ചർച്ചപോലും വെറും പ്രഹസനമാണെന്നും വി.ഡി. സതീശൻ വിമർശിച്ചു. പി.സി. വിഷ്ണുനാഥ് അടക്കമുള്ള നേതാക്കൾ സതീശന്റെ വാദങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു.
വി എം സുധീരൻ ഗ്രൂപ്പ് മാനേജർമാർക്കെതിരെ ആഞ്ഞടിച്ചു. ഗ്രൂപ്പ് മാനേജർമാരാണ് തോൽവിക്ക് കാരണം. സ്ഥാനാർത്ഥികളുടെ വിജയ സാധ്യതയല്ല, ഗ്രൂപ്പ് സാധ്യതകൾ മാത്രമാണ് പരിഗണിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കെപിസിസി അധ്യക്ഷനെതിരെ പല ഘട്ടത്തിലും വിമർശം ഉയർന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ഥാനാർത്ഥികൾക്ക് ചെലവിനുള്ള പണംപോലും നൽകാൻ കെപിസിസി നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് ഷാനിമോൾ ഉസ്മാൻ വിമർശിച്ചു. കെപിസിസി അധ്യക്ഷനെ ഫോണിൽ കിട്ടാറില്ല. കോവിഡ് ബാധിച്ച സഹപ്രവർത്തകരെ കെപിസിസി അധ്യക്ഷൻ വിളിച്ചതുപോലുമില്ലെന്ന് നേതാക്കൾ വിമർശിച്ചു.
പാർട്ടി വല്ലാതെ പിന്നാക്കംപോയ ജില്ലകളിൽ ഡി.സി.സി. തലത്തിൽ മാറ്റംവേണമെന്ന ആവശ്യം ശക്തമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് ജില്ലകൾ ഇക്കൂട്ടത്തിൽ പെടും.
മറുനാടന് മലയാളി ബ്യൂറോ