- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെള്ളപ്പാള്ളിയുടെ കൈ പിടിക്കാൻ കണിച്ചുകുളങ്ങരയിൽ; കാന്തപുരത്തെ കാണാൻ കോഴിക്കോട്; ബിഷപ്പുമാരേയും നേരിൽ കണ്ട് യാത്ര തുടരുന്നു; മതനേതാക്കളെ യുഡിഎഫ് കാണുമ്പോൾ സൈബർ സഖാക്കൾ ചർച്ചയാക്കുന്നത് വർഗ്ഗീയ രാഷ്ട്രീയം; കാര്യമാക്കാതെ മുമ്പോട്ട് പോകാൻ കോൺഗ്രസും; എല്ലാവരേയും അടുപ്പിക്കാൻ ചാണ്ടിയും ചെന്നിത്തലയും
കോഴിക്കോട്: യുഡിഎഫിനെതിരെ വർഗ്ഗീയത ആരോപിക്കാൻ സിപിഎം സൈബർ നേതാക്കൾ ഉപയോഗിക്കുന്നത് മത സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ച. എന്നാൽ ഇത് കാര്യമാക്കേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മത, സാമുദായിക നേതാക്കളുമായി കോൺഗ്രസ് നേതൃത്വത്തിന്റെ കൂടിക്കാഴ്ച തുടരും.
പ്രകടന പത്രികയുടെ പേരിൽ എല്ലാ ജില്ലയിലും മത സമൂദായിക നേതാക്കളെ മുഖ്യമന്ത്രി നേരിട്ടു കാണുകയും വാഗ്ദാനങ്ങൾ കൊടുക്കുകയും ചെയ്യുന്നു. എന്നാൽ പ്രതിപക്ഷം കാണുമ്പോൾ അത് വർഗ്ഗീയവും. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയെ കാണുന്നത് പോലും അത്തരത്തിൽ വ്യാഖാനിക്കപ്പെടുന്നു. ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. എല്ലാ വിഭാഗത്തിനേയും അടുപ്പിക്കാനാണ് തീരുമാനം. മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താനും ഇതിലൂടെ കഴിയുമെന്നും വിലയിരുത്തുന്നു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കൽ, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ എന്നിവരെ സന്ദർശിച്ചു ചർച്ച നടത്തി. ഇതിൽ വെള്ളാപ്പള്ളിയുമായുള്ള ചർച്ച നിർണ്ണായകമാണ്.
26നു വൈകിട്ട് ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണു വെള്ളാപ്പള്ളി നടേശനുമായി കെപിസിസി പ്രചാരണ സമിതി ചെയർമാൻ ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചർച്ച നടത്തിയത്. സംവരണ വിഷയത്തിൽ പിന്തുണ ലഭിക്കുന്നില്ലെന്നും, സമുദായത്തെ കോൺഗ്രസ് അവഗണിക്കുന്നുവെന്നുമുള്ള വെള്ളാപ്പള്ളിയുടെ പരാതികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ബിജെപിയുമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഹകരിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി. ഈയിടെയായി പിണറായി സർക്കാരിനെയാണ് വെള്ളാപ്പള്ളി പിന്തുണയ്ക്കുന്നത്. എങ്കിലും അതൊന്നും കാര്യമാക്കാതെയാണ് കോൺഗ്രസ് നേതാക്കൾ വെള്ളാപ്പള്ളിയെ കണ്ടത്.
തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് ബിജെപി ഇപ്പോൾ വലിയ പരിഗണനയൊന്നും നൽകുന്നില്ല. സിപിഎമ്മും വെള്ളാപ്പള്ളിയെ പഴയതു പോലെ അടുപ്പിക്കുന്നില്ല. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളിയെ കോൺഗ്രസ് നേതാക്കൾ കണ്ടതിന് പ്രസക്തി ഏറെയാണ്. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കാണാനുള്ള ശ്രമവും സജീവമായി നടക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങളേയും അടുപ്പിക്കാനാണ് ഈ നീക്കം. കോഴിക്കോട് കാന്തപുരത്തെ കണ്ടതും ഇതിന്റെ ഭാഗം തന്നെ. ഇടതിനൊപ്പം ചേർന്ന് നിൽക്കുന്ന നേതാവാണ് കാന്തപുരം എന്നാണ് വിലയിരുത്തൽ.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ, എം.കെ. രാഘവൻ എംപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ കോഴിക്കോട്ടെ സന്ദർശനം. കോൺഗ്രസിന് ആരോടും പരിഭവമില്ലെന്ന സന്ദേശം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ